2020 ജനുവരിയിൽ പുത്തന്‍ നെക്സോണ്‍ നിരത്തുകളിൽ

2020 ജനുവരിയിൽ പുത്തന്‍ നെക്സോണ്‍ നിരത്തുകളിൽ 


ജനപ്രിയ കോംപാക്ട് എസ്‍യുവി നെക്സോണിന്‍റെ ഇലക്ട്രിക്ക് പതിപ്പ് ഡിസംബര്‍ 17ന് നിരത്തിലെത്താനൊരുങ്ങുകയാണ്. എന്നാല്‍, ആദ്യഘട്ടത്തില്‍ ഇന്ത്യയിലെ ചില പ്രധാന നഗരങ്ങളില്‍ മാത്രമാണ് വാഹനം എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. മുംബൈ, ദില്ലി, ചെന്നൈ, കൊല്‍ക്കത്ത, അഹമ്മദാബാദ് എന്നീ നഗരങ്ങളിലായിരിക്കും ടാറ്റ നെക്സോണ്‍ ഇലക്ട്രിക് ആദ്യം സാന്നിധ്യമറിയിക്കുന്നത്.
ഡിസംബര്‍ 17-ന് നെക്സോണ്‍ ഇലക്ട്രിക് ഔദ്യോഗികമായി പുറത്തിറക്കുമെങ്കിലും 2020 ജനുവരിയോടെ മാത്രമായിരിക്കും ഈ വാഹനം നിരത്തുകളില്‍ എത്തിക്കുക. മുംബൈയില്‍ നടക്കുന്ന വേള്‍ഡ് പ്രിമിയറിനോട് അനുബന്ധിച്ചാണ് വാഹനം അവതരിപ്പിക്കുന്നത്. സിപ്ട്രോൺ സാങ്കേതിക വിദ്യയില്‍ പേഴ്‍സണൽ ഇലക്ട്രിക് വെഹിക്കിൾ വിഭാഗത്തിലേക്കാണ് ആദ്യത്തെ നെക്‌സോൺ ഇവിടെ അവതരിപ്പിക്കുന്നത്. രൂപത്തില്‍ സാധാരണ നെക്‌സോണിന് സമാനമാണ് ഇലക്ട്രിക് വകഭേദം. 

ഹാരിയര്‍ എസ്‍യുവിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണ് വാഹനത്തില്‍. സ്‍മാര്‍ട്ട് ഫോണ്‍ ആപ്പ് കണക്റ്റിവിറ്റിയും വാഹനത്തിലുണ്ട്. ബാറ്ററി സ്റ്റാറ്റസ്, റേഞ്ച് എന്നിവ ഇതിലൂടെ അറിയാന്‍ സാധിക്കും. മുപ്പതിലേറെ ഇന്റര്‍നെറ്റ് കണക്റ്റഡ് സ്മാര്‍ട്ട് ഫീച്ചേഴ്‍സും വാഹനത്തിലുണ്ടാകും.ഒറ്റ ചാര്‍ജില്‍ ഏകദേശം 300 കിലോമീറ്റര്‍ റേഞ്ച് നെക്‌സോണ്‍ ഇലക്ട്രിക്കിനു സാധിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. റഗുലര്‍ നെക്സോണിലെ ഫ്യുവല്‍ ലിഡിന് പിന്നിലായാണ് ഇലക്ട്രിക്കിലെ ചാര്‍ജിങ് പോര്‍ട്ടിന്‍റെ സ്ഥാനം. 300കിലോമീറ്റർ റേഞ്ചിനു പുറമേ പുതിയ സാങ്കേതിക വിദ്യയിലൂടെ കാര്യക്ഷമമായ ഉയർന്ന വോൾട്ടേജ് സിസ്റ്റം, സിപ്പി പ്രകടനം, ഏത് 15 ആംപിയര്‍ പ്ലഗ്ലിലും ചാര്‍ജ്ജിംഗ് സംവിധാനം, ഫാസ്റ്റ് ചാർജിംഗ് കപ്പാസിറ്റി, എട്ടു വർഷത്തെ വാറണ്ടിയുള്ള മോട്ടോർ,ബാറ്ററി, ഐപി 67 സ്റ്റാൻഡേർഡ് പാലിക്കൽ തുടങ്ങിയ സവിശേഷതകള്‍ വാഹനത്തിനുണ്ടാകും.

15ലക്ഷത്തിനും 17ലക്ഷത്തിനും ഇടയിലാകും വാഹനത്തിന്‍റെ വില. വൈകാതെ വിപണിയിലെത്തുന്ന മഹീന്ദ്ര XUV300 ഇലക്ട്രിക്കായിരിക്കും നെക്‌സോണ്‍ ഇലക്ട്രിക്കിന്റെ മുഖ്യ എതിരാളി. ഡിസംബറില്‍ അവതരിപ്പിക്കുമെങ്കിലും 2020 ഓട്ടോ എക്‌സ്‌പോയിലായിരിക്കും ഈ വാഹനം പ്രദര്‍ശനത്തിനെത്തുക. ടിഗോറിനു പിന്നാലെ ടാറ്റ അവതരിപ്പിക്കുന്ന രണ്ടാമത്തെ വൈദ്യുത വാഹനമാണിത്.