മരിച്ചിട്ടും 15.44 കോടിയുടെ സ്വര്‍ണ്ണശേഖരവുമായി രാജ്ഞി

കമ്മലുകളും മാലകളും അടക്കമുള്ള 140 സ്വര്‍ണ്ണാഭരണങ്ങളുടെ ശേഖരമാണ് കണ്ടെത്തിയിരിക്കുന്നത്. ക്രീമിയയിലെ ഒരു ശവകുടീരത്തില്‍ നിന്നും രണ്ടായിരം വര്‍ഷം പഴക്കമുള്ള അമൂല്യങ്ങളായ നൂറുകണക്കിന് സ്വര്‍ണ്ണാഭരണങ്ങള്‍ കണ്ടെത്തി. എഡി ഒന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഷിദിയന്‍ നാടോടി ഗോത്രത്തിലെ ഏതോ രാജ്ഞിയുടെ സ്വകാര്യ ശേഖരമാണിതെന്നാണ് കരുതപ്പെടുന്നത്. കമ്മലുകളും മാലകളും അടക്കമുള്ള 140 സ്വര്‍ണ്ണാഭരണങ്ങളുടെ ശേഖരമാണ് കണ്ടെത്തിയിരിക്കുന്നത്. ഏഷ്യയിലും യൂറോപ്പിലുമായി അലഞ്ഞു ജീവിച്ചിരുന്ന നാടോടി ഗോത്രമാണ് ഷിദിയന്‍ വംശജരുടേത്. അവര്‍ക്കിടയില്‍ ജീവിച്ചിരുന്ന സ്വര്‍ണ്ണത്തോട് അമിത താത്പര്യമുള്ള മരണാനന്തര ജീവിതത്തില്‍ വിശ്വസിച്ചിരുന്ന ഏതോ രാജ്ഞിയുടേതാണ് ഈ ആഭരണങ്ങളെന്നാണ് കരുതപ്പെടുന്നത്. ഇവരുടെ നെഞ്ചില്‍ വെച്ചിരുന്ന നിലയില്‍ രണ്ട് സ്വര്‍ണ്ണകണ്ണുകളും കണ്ടെത്തിയിട്ടുണ്ട്. ഷിദിയന്‍ വംശജരുടെ ശവകുടീരങ്ങളില്‍ സാധാരണ നിലയില്‍ നിരവധി മനുഷ്യരുടെ ഭൗതികാവശിഷ്ടങ്ങള്‍ കാണപ്പെടാറുണ്ട്. എന്നാല്‍ ഈ ശവകുടീരത്തില്‍ നിന്നും ഒരേയോരു സ്ത്രീയുടെ ഭൗതികാവശിഷ്ടങ്ങള്‍ മാത്രമേയുള്ളൂ. ഇത് അവര്‍ അന്നത്തെ സമൂഹത്തിലെ ഉന്നതകുലജാതയായിരുന്നുവെന്നതിന്റെ തെളിവാണെന്നാണ് പുരാവസ്തുഗവേഷകരുടെ നിഗമനം. ശവകുടീരത്തില്‍ നിന്നും കുന്തിരിക്കം പുകയ്ക്കുന്നതിന് അടക്കം ഉപയോഗിക്കുന്ന പാത്രവും വീഞ്ഞുഭരണിയും കണ്ടെത്തിയിട്ടുണ്ട്. ഉക്രൈനിന്റെ ഭാഗമായിരുന്ന എന്നാല്‍ ഇപ്പോള്‍ റഷ്യക്കൊപ്പം നില്‍ക്കുന്ന ക്രീമിയയില്‍ നിന്നും നിരവധി ഇത്തരം പുരാവസ്തു കേന്ദ്രങ്ങള്‍ കൊള്ളയടിക്കപ്പെട്ടിട്ടുണ്ട്. ഈ സ്വര്‍ണ്ണശേഖരത്തിലും ഉക്രൈന്‍ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. ഈ സ്വര്‍ണ്ണശേഖരം നിലവില്‍ നെതര്‍ലൻ‍ഡ്സിലാണുള്ളത്. 17 ലക്ഷം പൗണ്ട് (ഏകദേശം 15.44 കോടി രൂപ) കണക്കാക്കുന്ന ഈ നിധി ക്രീമിയയിലേക്ക് തിരിച്ചു നല്‍കണമെന്നാണ് റഷ്യയുടെ നിലപാട്. രണ്ടായിരം പുരാവസ്തുക്കളുള്ള ഈ ശേഖരത്തില്‍ 500 സ്വര്‍ണ്ണ നിര്‍മിത വസ്തുക്കളുണ്ട്. അതുകൊണ്ടുതന്നെ ഈ കണക്കാക്കിയ തുകപോലും കുറവാണെന്നും യഥാര്‍ഥത്തില്‍ ഇത് വിലമതിക്കാനാവാത്ത പുരാവസ്തു ശേഖരമാണെന്നും അഭിപ്രായമുയരുന്നുണ്ട്. എന്തായാലും റഷ്യയും ഉക്രൈനും അവകാശവാദം ഉന്നയിച്ച സ്ഥിതിക്ക് ആംസ്റ്റഡാമിലെ അപ്പീല്‍ കോടതിയില്‍ അടുത്തയാഴ്ച്ച ഈ നാടോടി രാജ്ഞിയുടെ സ്വര്‍ണ്ണ ശേഖരത്തില്‍ ആര്‍ക്കാണ് അവകാശം എന്നതില്‍ വാദം നടക്കും. 2000 year old grave of princess to have 15.44 crore gold collection