മാൻഹാട്ടണിലെ മലയാളി വനിത ;സാഹിത്യ ലോകത്തെ നഷ്ട്ടം

സമകാലിക സാഹിത്യത്തിലെ ശക്തമായ സാന്നിദ്ധ്യമെന്ന് വിശേഷിപ്പിക്കപ്പെട്ട വ്യക്തിയാണ് മലയാളിയായ മീന അലക്‌സാണ്ടര്‍ സമകാലിക സാഹിത്യത്തിലെ ശക്തമായ സാന്നിദ്ധ്യമെന്ന് വിശേഷിപ്പിക്കപ്പെട്ട വ്യക്തിയാണ് മലയാളിയായ മീന അലക്‌സാണ്ടര്‍.കവിയും ലേഖികയും വിമര്‍ശകയും നോവലിസ്റ്റും അദ്ധ്യാപികയുമായ മീന 68-ാം വയസ്സില്‍ കാന്‍സര്‍ രോഗം ബാധിച്ച്‌ ന്യൂയോര്‍ക്കില്‍ വച്ച്‌ ഇക്കഴിഞ്ഞ നവംബര്‍ 21-ന് മരണമടയുകയായിരുന്നു .സാഹിത്യലോകത്തിനും മലയാളികൾക്കും അവർ സമ്മാനിച്ച്‌ പോയത് അഭിമാനിക്കാവുന്ന നേട്ടങ്ങളാണ് .തിരുവല്ലക്കാരായ ദമ്ബതിമാര്‍ക്ക് അലഹബാദില്‍ വച്ച്‌ ജനിച്ച മീന അവരോടൊപ്പം ആഫ്രിക്കന്‍ രാജ്യമായ സുഡാനിലേക്ക് കുടിയേറുമ്ബോള്‍ അവള്‍ക്ക് അഞ്ചു വയസ്സായിരുന്നു . അലഹബാദില്‍നിന്ന് നാട്ടിലെത്തുമ്ബോള്‍ മുത്തച്ഛനുമായി വല്ലാതെ അടുത്ത കൊച്ചുമീനയ്ക്ക് കടല്‍ കടന്നുള്ള ഈ പലായനം സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. നോക്കെത്താദൂരത്തുള്ള തീകടല്‍ ആ മനസ്സില്‍ നിറച്ച ആശങ്കകള്‍ കവിതയായി പുറത്തുവന്നപ്പോള്‍ ഖാര്‍ത്തൂമെന്ന അവരുടെ അപ്പോഴത്തെ നഗരത്തിലെ ഒരു പ്രാദേശിക പത്രം ആ കവിത അറബിയിലേക്ക് പരിഭാഷ ചെയ്ത് പ്രസിദ്ധീകരിച്ചു. അവിടെ നിന്നാണ് മീനയുടെ എഴുത്തുജീവിതം തുടങ്ങുന്നത് . വിദ്യാഭ്യാസകാലത്തുതന്നെ ആരെയും അത്ഭുതപ്പെടുത്തുന്ന പ്രതിഭാശാലിയായിരുന്നു മീന ഖാര്‍ത്തൂം സര്‍വകലാശാലയില്‍ പതിമൂന്നാം വയസ്സില്‍ ഇംഗ്ലീഷ് - ഫ്രഞ്ച് സാഹിത്യങ്ങളില്‍ ബി.എ. ഓണേഴ്സ് ബിരുദത്തിനു ചേര്‍ന്ന ഇവര്‍ പതിനെട്ടാം വയസ്സില്‍ നോട്ടിങ്ഹാം സര്‍വകലാശാലയില്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ പിഎച്ച്‌.ഡി. പഠനത്തിനായി ഇംഗ്ലണ്ടിലേക്ക് പോയി. 22-ാം വയസ്സില്‍ ബ്രിട്ടീഷ് കാല്പനിക കവികളെക്കുറിച്ചുള്ള ഗവേഷണത്തില്‍ പിഎച്ച്‌.ഡി.യുമായി മീന ഇന്ത്യയില്‍ എത്തി. തുടര്‍ന്ന് അധ്യാപനത്തിന്റെയും കവിതയുടെയും കാലമായിരുന്നു. ഡല്‍ഹി, ഹൈദരാബാദ് സര്‍വകലാശാലകളില്‍ പ്രവര്‍ത്തിക്കുന്നതിനിടയില്‍ മൂന്നു കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചു. 1979-ല്‍ പാരീസിലെ സോര്‍ബോണ്‍ സര്‍വകലാശാലയില്‍ വിസിറ്റിങ് ഫെലോ ആയി ചേർന്ന മീന പിന്നീട് അവിടെ നിന്ന് ന്യൂയോര്‍ക്കിലേക്ക് പോയി.അന്നുമുതല്‍ ന്യൂയോര്‍ക്കിലാണ് താമസം. എട്ടു കൊല്ലം ഫോര്‍ഡ്ഹാമിലും രണ്ടു കൊല്ലം സിറ്റി യൂണിവേഴ്സിറ്റിയിലും പഠിപ്പിച്ചു. 1990-ല്‍ സിറ്റി യൂണിവേഴ്സിറ്റിയില്‍ ഗ്രാജ്വേറ്റ് ഫാക്കല്‍റ്റിയായി. 1992-ല്‍ ഫുള്‍ പ്രൊഫസറും 1999-ല്‍ ഡിസ്റ്റിംഗ്വിഷ്ഡ് പ്രൊഫസറുമായി. മരിക്കും വരെ ആ സ്ഥാനം തുടര്‍ന്നതോെടാപ്പം കൊളംബിയ സര്‍വകലാശാലയിലും പഠിപ്പിച്ചിരുന്നു. പലായനം എന്ന വിഷയത്തെകുറിച്ചും അതിലെ ഹിംസയെപ്പറ്റിയും ശക്തമായ ആശയങ്ങളുള്ള മീനയുടെ കവിതയ്ക്ക് വശ്യമായ ഒരു ഭൗതികതയും ഉണ്ടെന്ന് വിമര്‍ശകര്‍ പറയാറുണ്ട്. അതില്‍ അഭിജാതമായ ഒരു പ്രസരിപ്പുമുണ്ട്. അഞ്ചു വയസ്സില്‍ തുടങ്ങിയ പലായനത്തില്‍ മീനയുടെ ഒപ്പംകൂടിയ ആറു ഭാഷകള്‍ ഈ ബിംബങ്ങളിലേക്ക് ഉദാരമായി സംഭാവന ചെയ്തിട്ടുമുണ്ട്.തിരുവല്ലയില്‍ നിന്ന് മലയാളവും അലഹബാദില്‍നിന്ന് ഹിന്ദിയും സംസ്‌കൃതവും ഖാര്‍തൂമില്‍നിന്ന് ഫ്രഞ്ചും അറബിയും മീനയുടെ ഇംഗ്‌ളീഷിലുള്ള കവിതയ്ക്ക് ശക്തിപകര്‍ന്നു. എന്തുകൊണ്ട് മലയാളത്തില്‍ എഴുതിയില്ല എന്നതിന്റെ മറുപടി അവരുടെ പെന്‍ അവാര്‍ഡു നേടിയ 'ഇല്ലിറ്റെറേറ്റ് ഹാര്‍ട്സ്' എന്ന കവിതാ സമാഹാരത്തില്‍ പറയുന്നുണ്ട്. സ്വന്തം ഇടം എന്ന പ്രവാസിയുടെ നിത്യമായ അന്വേഷണവും മീന കൊണ്ടവസാനിപ്പിച്ചത് ഭാഷയിലാണ്.ഭാഷയാണെന്റെ വീട് എന്നവര്‍ പറഞ്ഞിരുന്നു. എഴുതാന്‍ തിരഞ്ഞെടുത്തത് ഇംഗ്‌ളീഷും.മീനയുടേതായി രണ്ടു നോവലുകള്‍ (നാമ്ബിള്ളി റോഡ്, മന്‍ഹാട്ടന്‍ മ്യൂസിക്) നിലവിലുണ്ടെങ്കിലും അവ രണ്ടും വിപണിയില്‍ ഇന്ന് ലഭ്യമല്ല. ഇതുകൂടാതെ 12 ബൃഹദ് കവിതാ സമാഹാരങ്ങള്‍, ആറ് ലഘു കവിതാ സമാഹാരങ്ങള്‍, അഞ്ചു വിമര്‍ശനങ്ങള്‍, ഒരു ആത്മകഥ എന്നിവ എഴുതിയിട്ടുണ്ട്. രണ്ട് സമാഹാരങ്ങള്‍ എഡിറ്റ് ചെയ്യുകയും അനേകം പുസ്തകങ്ങള്‍ക്ക് ഗഹനങ്ങളായ ആമുഖങ്ങള്‍ എഴുതുകയും ചെയ്തിട്ടുണ്ട്. പ്രത്യേകിച്ച്‌ ലളിതാംബിക അന്തര്‍ജനത്തിന്റെ എഴുത്തുകള്‍ ഇംഗ്‌ളീഷിലേക്ക് പരിഭാഷ ചെയ്ത് പ്രസിദ്ധീകരിച്ച കൃതിയുടെ 'ബറീഡ് വോയ്സസ്' എന്ന ലേഖനം. മീനയുടെ ആത്മകഥയായ 'ഫോള്‍ട്ട് ലൈന്‍സ്' അവരുടെ പ്രവാസ ജീവിതത്തിന്റെ വിഹ്വലതകള്‍ വിശദമാക്കുന്ന കൃതിയാണ്.അസുഖബാധിതയായിട്ടും 2018-ല്‍ അവരുടെ രണ്ടു പുസ്തകങ്ങള്‍ പുറത്തുവന്നിരുന്നു. ആദ്യത്തേത് 'അറ്റ്മോസ്ഫിയറിക് എബ്രോയ്ഡറി' എന്ന സമാഹാരം. രണ്ടാമത്തേത് 'നെയിം മി എ വേര്‍ഡ്' എന്ന പുസ്തകവുമാണ് .ഇത് അവര്‍ തന്നെ എഡിറ്റ് ചെയ്ത ഇന്ത്യന്‍ ഇംഗ്‌ളീഷ് എഴുത്തുകാരുടെ ചിന്തകള്‍ അടങ്ങിയ സമാഹാരമാണ് . ഇന്ത്യന്‍ സാഹിത്യ വിദ്യാര്‍ഥികള്‍ക്ക് എക്കാലത്തേക്കും ഒരു മുതല്‍ക്കൂട്ടായിരിക്കും ഈ പഠനം . ഡേവിഡ് ലെലിവെല്‍ഡ് എന്ന സൗത്ത് ഏഷ്യന്‍ ചരിത്രകാരനായ അമേരിക്കക്കാരനാണ് മീനയുടെ ഭര്‍ത്താവ്. ആദമും സ്വാതിയും മക്കള്‍. അക്കാദമിക എഴുത്തു ജീവിതങ്ങള്‍ക്കിടയില്‍ മീന വാരിക്കൂട്ടിയ അവാര്‍ഡുകളും ധാരാളമാണ്.