കാൽ നഷ്ടപ്പെട്ടിട്ടും സ്വപ്നം കൈവിടാതെ മനേഷ

കാൽ നഷ്ടപ്പെട്ടിട്ടും സ്വപ്നം കൈവിടാത്ത പെൺകരുത്തിന്റെ പ്രതീകമാണ് മനേഷ .കുട്ടിക്കാലം തൊട്ടേ ഏവിയേഷന്‍ മേഖലയില്‍ ഒരു ജോലിയെന്നത് മനേഷയുടെ സ്വപ്നമായിരുന്നു . ബെംഗളൂരുവില്‍ ബിബിഎ ഏവിയേഷന്‍ ചെയ്യുന്നതിനിടെയാണ് ട്രെയിനപകടത്തില്‍ വലതുകാല്‍ നഷ്ടമാകുന്നത്.ആ അപകടം തളര്‍ത്തുന്നതിനു പകരം മനേഷയെ കൂടുതല്‍ ശക്തയാക്കുകയാണ് ചെയ്തത്. 2018 ഫെബ്രുവരി മൂന്ന്, ആ ദിവസം ഇന്നും മനേഷയ്ക്കു മറക്കാനാവാത്തതാണ് . ബെംഗളൂരുവിലെ എസ്‌ജെഇഎസ് കോളേജില്‍ ഏവിയേഷന്‍ കോഴ്‌സ് അവസാന സെമസ്റ്റര്‍ വിദ്യാര്‍ഥിയായിരുന്ന മനേഷ നാട്ടിലേക്കു വരാന്‍ വേണ്ടി മജെസ്റ്റിക് റെയില്‍വേ സ്റ്റേഷനിലെത്തി. ആറേകാലിനു പുറപ്പെടുന്ന ട്രെയിനിനായി ഒന്നരമണിക്കൂര്‍ മുമ്പേ മനേഷ സ്റ്റേഷനിലെത്തിയിരുന്നു. ആറേ പതിനാലിനാണ് മനേഷയ്ക്കു ടിക്കറ്റ് ലഭിച്ചത്. ട്രെയിന്‍ കിട്ടില്ലെന്നു കരുതി തിരിച്ചുപോകാനിരുന്നപ്പോഴാണ് കൗണ്ടറിലിരുന്ന ഉദ്യോഗസ്ഥ വേഗം ഓടിച്ചെന്നാല്‍ വണ്ടി കിട്ടുമെന്നു പറഞ്ഞത്. ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ കാല്‍വഴുതി ട്രാക്കിലേക്കു വീഴുകയായിരുന്നു. അവസാനത്തെ ബോഗിയായതുകൊണ്ടു മാത്രം വീല്‍ കാലിലൂടെ കയറിയിറങ്ങിയതൊഴിച്ചു മറ്റൊന്നും സംഭവിച്ചില്ല. ആളുകള്‍ ഓടിക്കൂടുന്നതിനിടെ ബാഗിലിരുന്ന ഫോണ്‍ ഒരാള്‍ എടുക്കുന്നുണ്ടായിരുന്നു. വീട്ടിലേക്കു വിളിക്കാനാകുമെന്നാണ് കരുതിയത്, എന്നാല്‍ അയാള്‍ അതുമായി കടന്നുകളഞ്ഞിരുന്നു. പിന്നീട് മനേഷ തന്നെയാണ് അച്ഛനെ വിളിച്ച് സംഭവിച്ചതെല്ലാം അറിയിക്കുന്നത്. സ്ഥലത്തുണ്ടായിരുന്ന ഒരു മലയാളി യുവാവാണ് ആശുപത്രിയില്‍ എത്തിക്കാനും മറ്റും സഹായിച്ചത്. അപകടത്തില്‍ കാല്‍പാദത്തിന് എന്തോ സാരമായി പറ്റിയെന്നാണ് മനേഷ കരുതിയിരുന്നത്. അപ്പോഴും തന്റെ കാല്‍ മുറിച്ചു മാറ്റേണ്ടിവരുമെന്ന് കരുതിയിരുന്നില്ല. സര്‍ജറി കഴിഞ്ഞതിനുശേഷം നഴ്‌സിനോട് എന്താണ് തന്റെ കാലിനു പറ്റിയതെന്നു ചോദിച്ചു. മറുപടിയൊന്നും കാണാതിരുന്നപ്പോഴേ സംശയം തോന്നിയിരുന്നു. കാലിനു മുകളിലുള്ള ഷീറ്റൊന്നു മാറ്റാമോ എന്നു ചോദിച്ചപ്പോഴാണ് ഹൃദയം തകര്‍ക്കുന്ന ആ കാഴ്ച്ച കണ്ടത്. ആദ്യമുണ്ടായ ഷോക്കില്‍ നിന്ന് മുക്തമായപ്പോഴേ മനേഷ ഉറപ്പിച്ചിരുന്നു കാല്‍ മുറിച്ചുമാറ്റിയതിന്റെ പേരില്‍ ജീവിതം കരഞ്ഞു തീര്‍ക്കാനില്ലെന്ന്. സ്വപ്നത്തിനു തടസ്സമാകുമോ ഇതെന്നു മാത്രമായിരുന്നു ആലോചന. ഡോക്ടര്‍മാരോടു നിരന്തരം ചോദിച്ചിരുന്നതും അക്കാര്യമായിരുന്നു. അപകടം ഉണ്ടായെന്നു കരുതി ജീവിതം അവസാനിച്ചിട്ടില്ലെന്നും നമ്മള്‍ മുന്നോട്ടു പോകും എന്ന അച്ഛന്റെ വാക്കുകള്‍ നല്‍കിയ കരുത്ത് ചെറുതല്ലെന്നു മനേഷ പറയുന്നു . കാണാനെത്തുന്ന സുഹൃത്തുക്കള്‍ക്കൊക്കെ അത്ഭുതമായിരുന്നു, ഇതിനിടെ വെപ്പുകാല്‍ വച്ചു. അസഹ്യമായ വേദനയായിരുന്നു . ദിവസവും രാവിലെ അച്ഛന്‍ എഴുന്നേല്‍പ്പിച്ച് നടത്തും. പരീക്ഷയ്ക്കു ശേഷം ഹൈദരാബാദിൽ ട്രെയിനിങ് കിട്ടി. പക്ഷേ ഒരുകാല്‍ നഷ്ടപ്പെട്ട പെണ്‍കുട്ടിക്ക് ഈ ജോലി വിജയകരമായിരിക്കുമോ എന്നാണ് അധികൃതര്‍ സംശയിച്ചിരുന്നത്. അവര്‍ക്കു മുമ്പില്‍ നടന്നു കാണിച്ചുകൊടുത്തു, ശേഷം മനേഷയുടെ കൂടി സൗകര്യം കണക്കിലെടുത്ത് കൊച്ചി എയര്‍പോര്‍ട്ടില്‍ ഗ്രൗണ്ട് സ്റ്റാഫായി പരിശീലനത്തിനു ചേരുകയും ചെയ്തു. ജീവിതത്തില്‍ സംഭവിക്കാനുള്ളത് സംഭവിച്ചുവെന്നും ഇനി വിഷമിച്ചിരുന്നിട്ടു കാര്യമില്ലല്ലോയെന്നും നിറഞ്ഞ ആത്മവിശ്വാസത്തോടെ മനേഷ പറയുന്നു .ഇരുപത്തിയൊന്നു വയസ്സിനുള്ളില്‍ വിധി മറ്റൊന്നു നല്‍കിയെങ്കിലും തന്റെ സ്വപ്നം കയ്യെത്തിപ്പിടിക്കുക തന്നെ ചെയ്തു മനേഷ. ആറുലക്ഷത്തോളമായി വെപ്പുകാലിന്റെ ചിലവിന്. ഇനിയും ഈ കാര്യം പറഞ്ഞ് താന്‍ വിഷമിച്ചിരുന്നാല്‍ അത് മാതാപിതാക്കളോടു ചെയ്യുന്ന ക്രൂരതയാകും. തനിക്കു വേണ്ടി ഇത്രയും കഷ്ടപ്പെട്ട അവര്‍ക്കു മുന്നില്‍ ഒരിക്കലും തളര്‍ന്നിരിക്കില്ല. നമ്മളേക്കാള്‍ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ എത്രയോ ഉണ്ട്, അവര്‍ക്കു മുന്നില്‍ ഇതൊന്നും ഒരു പ്രശ്‌നമേയല്ല. മനേഷ പറയുന്നു. '' ഒരിക്കല്‍ ഡിസ്ഏബിള്‍ഡ്' സെര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ എറണാകുളം ജില്ലാ ആശുപത്രിയില്‍ പോയപ്പോള്‍ കണ്ടകാഴ്ച്ച ഇന്നും മനസ്സിലുണ്ട്. വീല്‍ചെയറില്‍ നിന്ന് അനങ്ങാന്‍ പറ്റാത്തവരും കുഞ്ഞുനാളിലെ അംഗവൈകല്യം സംഭവിച്ചവരെയുമൊക്കെ കണ്ടപ്പോള്‍ എന്റേതൊന്നും ഒരു പ്രശ്‌നമായി തോന്നുന്നേയില്ല. ഒന്നുമില്ലെങ്കിലും ഇത്രയുംനാള്‍ എനിക്കു രണ്ടുകാലുകള്‍ കൊണ്ടു നടക്കാന്‍ കഴിഞ്ഞില്ല, ഇനിയങ്ങോട്ടുള്ളതും ഒരനുഭവമായി കണക്കാക്കും.''- മനേഷ പറയുന്നു