മാധ്യമ പ്രവർത്തകയ്ക്ക് മികച്ച വനിതാ ഷെഫ് അവാർഡ്

.ഈ വര്‍ഷത്തെ ‘ ബെസ്റ്റ് ഫീമെയ്ല്‍ ഷെഫ്’ അവാർഡ് കരസ്ഥമാക്കിയിരിക്കുന്നത് മാധ്യമ പ്രവർത്തകയായ ഗരിമ അറോറയാണ് . ഒരു മാധ്യമ പ്രവർത്തക ഈ നേട്ടത്തിലേക്ക് എത്തിപ്പെട്ടത് വ്യത്യസ്തമായ വഴിയിലൂടെയാണ് .മുംബൈ സ്വദേശിനിയായ 32 കാരി ഗരിമ അറോറ ഏഷ്യയിലെ ഏറ്റവും മികച്ച വനിതാ ഷെഫായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് . ഏറ്റവും മികച്ച 50 റസ്റ്റാറന്റുകളിലെ പാചകവിദഗ്ദ്ധരുമായി മത്സരിച്ചാണ് ഗരിമ ഈ നേട്ടം കരസ്ഥമാക്കിയത് .ഈ മാസം 26ന് മക്കാവുവില്‍ നടക്കുന്ന ചടങ്ങില്‍ ബെസ്റ്റ് ഫീമെയ്ല്‍ പുരസ്‌കാരം ഗരിമയ്ക്കു സമ്മാനിക്കും. ഇത് കൂടാതെ മിഷെലിൻ സ്റ്റാർ പദവി ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ വനിതയെന്ന നെട്ടാവും ഗരിമ സ്വന്തമാക്കിയിരുന്നു . നിലവിൽ മുബൈ സ്വദേശിയായ ഗരിമ ബാങ്കോക്കിലെ ഇന്റോ- തായ് റസ്‌റ്റോറന്റിന്റെ ഉടമയും ഷെഫുമാണ്.ഗരിമ അറോറായുടെ കരിയറിന്റെ തുടക്കം പത്രപ്രവര്‍ത്തനത്തില്‍ നിന്നായിരുന്നു . പാരിസില്‍നിന്ന് 2010 ല്‍ ബിരുദം നേടിയതിനുശേഷം കോപ്പന്‍ഹേഗനിലായിരുന്നു മാധ്യമപ്രവര്‍ത്തനം.എങ്കിലും സ്വന്തമായി റസ്റ്റോറന്റ് ആരംഭിക്കുക എന്ന സ്വപ്‌നം കൈവെടിഞ്ഞിരുന്നില്ല. മാധ്യമപ്രവര്‍ത്തനത്തിലൂടെ റസ്റ്റോറന്റ് തുടങ്ങുന്നതിനായി വരുമാന മാര്‍ഗം കണ്ടെത്തി.തുടര്‍ന്ന് മുംബൈയില്‍ നിന്ന് പാരീസിലെ കോര്‍ഡന്‍-ബ്ലൂ പാചക സ്‌കൂളില്‍ ചേര്‍ന്ന് പഠിക്കാനുള്ള തീരുമാനം ഗരിമയുടെ ജീവിതത്തിന്റെ ഏറ്റവും വലിയ വഴിതിരിവായിരുന്നു. പാരീസിലെ നിരവധി പ്രമുഖ റസ്റ്റോറന്റുകളില്‍ മികച്ച ഷെഫുമാര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള സുവര്‍ണാവസരവും ഗരിമയ്ക്ക് ലഭിച്ചട്ടുണ്ട്.പഞ്ചാബി വിഭവങ്ങളോടാണ് ഗരിമയ്ക്ക് കൂടുതല്‍ താല്‍പര്യം.2016-ല്‍ തിരിച്ചെത്തിയതിനുശേഷം ബാങ്കോക്കിലെ ഗഗ്ഗന്‍ റസ്റ്റോറന്റില്‍ ഷെഫ് ആയി ചേര്‍ന്നു. തുടര്‍ന്ന് 2017ല്‍ ബാങ്കോക്കില്‍ ‘ ഗാ’ എന്ന പേരില്‍ തന്റെ ആദ്യ റസ്റ്റോറന്റ് ആരംഭിച്ചു. മൂന്നു നിലകളിലായാണ് ഗാ റസ്റ്റോറന്റ് പ്രവർത്തിക്കുന്നത്. ഇന്ത്യയുടെ പരമ്പരാഗതമായ രുചിവൈവിധ്യത്തെ ആധുനിക പാചക സമ്പ്രദായങ്ങളുമായി കൂട്ടിയിണക്കുന്നതായിരുന്നു ഗരിമയുടെ സ്റ്റൈല്‍. അപ്രവചനീയ സ്വഭാവത്തോടുകൂടി ഏറ്റവും പുതിയ രീതിയിലുള്ള ഭക്ഷണസംസ്കാരത്തിന് തുടക്കമിടുകകൂടിയായിരുന്നു അവര്‍. തായ് എന്നോ ഇന്ത്യന്‍ എന്നോ വേര്‍തിരിക്കാനാവാത്ത രീതിയില്‍ പുതിയ വിഭവങ്ങള്‍ സൃഷ്ടിച്ചു. പാചകത്തിനു മേല്‍നോട്ടം നടത്തിയതും മുംബൈയില്‍നിന്നുള്ള ഗരിമ തന്നെയായിരുന്നു . വിഭവങ്ങളും പശ്ചാത്തലവും എല്ലാം തായ്‍ലന്‍ഡ് തന്നെ ആയിരുന്നു.ബാങ്കോക്കില്‍ ‘ ഗാ’ എന്ന പേരില്‍ റസ്റ്റോറന്റ് നടത്തുന്ന ഗരിമയ്ക്ക് ഇക്കഴിഞ്ഞ വര്‍ഷമാണ് മിഷലിന്‍ സ്റ്റാര്‍ പദവി ലഭിച്ചത്. ആദ്യമായിട്ടാണ് ഒരു ഇന്ത്യക്കാരി സ്വദേശികളെ പിന്തള്ളി തായ്‍ലന്‍ഡില്‍ അപൂര്‍വ ബഹുമതിക്ക് അര്‍ഹയായത് .തായ്‍ലന്‍ഡിലെ ഏറ്റവും മികച്ച റസ്റ്റോറന്റുകള്‍ക്ക് മാത്രം ലഭിക്കുന്ന ഈ പദവി ഗരിമയ്ക്കും അവരുടെ റസ്റ്റോറന്റിനും ലഭിച്ചത് വലിയ നേട്ടം തന്നെയാണ് .ആതിഥ്യമര്യാദയുടെയും പാചകനൈപുണ്യത്തിന്റെയും അതിഥി സര്‍ക്കാരത്തിന്റെയും പേരില്‍ നല്‍കുന്ന പദവിയാണ് മിഷെലിൻ സ്റ്റാര്‍ പദവി. ഇത് കൂടാതെയാണ് ഇപ്പോൾ ഒരുവര്‍ഷത്തിനുശേഷം ഇക്കഴിഞ്ഞദിവസം ഏഷ്യയിലെ ഏറ്റവും മികച്ച വനിതാ ഷെഫായി തെരഞ്ഞെടുക്കപ്പെട്ടതും . അടങ്ങാത്ത ആവേശത്തോടും തളരാത്ത സമര്‍പ്പണത്തോടും കൂടി നടത്തിയ പ്രവര്‍ത്തനങ്ങളും ആതിഥ്യമര്യാദയിലെ പുതു പരീക്ഷണങ്ങളുമാണ് ഈ നേട്ടം സ്വന്തമാക്കാൻ ഗരിമയെ സഹായിച്ചത്.ഇന്ത്യയുടെ പരമ്പരാഗതമായ വിഭവങ്ങളും തായ് രുചിയും ചേര്‍ന്നപ്പോള്‍ ഗരിമയുടെ 'ഗാ'' റെസ്റ്റോറന്റ് ഏഷ്യക്കാര്‍ക്ക് മുഴുവന്‍ പ്രിയപ്പെട്ടതായി. തായ് എന്നോ ഇന്ത്യന്‍ എന്നോ വേര്‍തിരിക്കാനാവാത്ത രീതിയിലുള്ള നൂതനവിഭവങ്ങളാണ് ഇവിടുത്തെ സ്പ്ഷ്യല്‍. ചരിത്ര പുസ്തകങ്ങള്‍ വായിച്ച് പൗരാണിക രുചിക്കൂട്ടുകള്‍ പരീക്ഷിക്കുന്നതും ഗരിമയുടെ രീതിയാണ്. ഫെര്‍മെന്റ്ഡ് ബീഫ്, പോര്‍ക്ക്, ഫിഷ്, സോസ സോസ് തുടങ്ങി നിരവധി വെറൈറ്റി വിഭവങ്ങളാണ് പ്രധാനമായും 'ഗാ'യില്‍ ഗരിമ ഒരുക്കിയിരിക്കുന്നത്. ഇരുപത്തൊന്നാം വയസ്സിലാരംഭിച്ച പാചകത്തോടുള്ള താല്‍പര്യമാണ് മാധ്യമ പ്രവര്‍ത്തക കൂടിയായിരുന്ന ഗരിമയെ മിഷലിന്‍ സ്റ്റാറാക്കിയത്. 'അച്ഛന്‍ ഒരു പാട് യാത്ര ചെയ്യുന്ന വ്യക്തിയാണ്. ഓരോ യാത്രകളും കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോള്‍ അവിടുത്തെ സ്‌പെഷ്യല്‍ വിഭവങ്ങള്‍ അച്ഛന്‍ വീട്ടിലേക്ക് കൊണ്ടു വരും. അതിലൂടെയാണ് പാചകത്തോടുള്ള പ്രത്യേക ഇഷ്ടമുണ്ടാകുന്നത്'. - ഗരിമ പറയുന്നു. സ്വന്തം വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കുന്ന പ്രതീതി ലഭിക്കണം ആളുകള്‍ക്ക്. ആ ഒരു അനുഭവത്തെ മറ്റൊരു തലത്തില്‍ എത്തിച്ച് ഉപഭോക്താക്കളെ സന്തോഷിപ്പിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്’- പാചകം ചെയ്യാന്‍ തന്നെ പ്രേരിപ്പിക്കുന്ന വികാരത്തെക്കുറിച്ച് അറോറ പറയുന്നു. തന്റെ പിതാവിന്റെ പാചക രീതികളാണ് തന്നെ ഒരു ഷെഫ് ആകാന്‍ പ്രേരിപ്പിച്ചതെന്നും അറോറ പറഞ്ഞതായി ബി.ബി.സി റിപ്പോര്‍ട്ടു ചെയ്തു. ഏത് രംഗത്തെപ്പോലെയും വെല്ലുവിളികള്‍ ഇവിടെയുമുണ്ട്. അത് ഒരു സ്ത്രീയായതുകൊണ്ടാണോ എന്നകാര്യം തനിക്കറിയില്ലെന്നും പ്രശ്‌നങ്ങള്‍ വന്നാല്‍ അത് നേരിടുകയാണ് തന്റെ രീതിയെന്നും ഗരിമ പറഞ്ഞു.ഇന്ത്യയിലേയ്ക്ക് മടങ്ങാന്‍ അതിയായ ആഗ്രഹമുണ്ടെങ്കിലും മേഖലയിലെ ഉത്തരവാദിത്തങ്ങള്‍ തന്നെ ഇവിടെ പിടിച്ചു നിര്‍ത്തുകയാണ്. പക്ഷെ നാട്ടിലായിരിക്കുമ്പോള്‍ മാത്രമാണ് സ്വന്തം എന്ന തോന്നലുണ്ടാകുന്നത്. പുരുഷകേന്ദ്രീകൃതമായ പാചകരംഗത്ത് ഒരു സ്ത്രീയായി നിലനില്‍ക്കുന്നത് വ്യത്യസ്തമാണെങ്കിലും അത് ബുദ്ധിമുട്ടുള്ളതായിരുന്നില്ലെന്ന് അവർ പറയുന്നു .