റിട്ടയർമെന്റ് ലൈഫിലും സ്ത്രീകളെ വേട്ടയാടും വില്ലൻ

  ജോലിയില്‍ നിന്നു വിരമിക്കുമ്പോള്‍ അവസാനിക്കുന്നതല്ല ജീവിതം, പുതിയൊരു ഘട്ടത്തിന്റെ തുടക്കം മാത്രമാണത്. വിരമിച്ചതിനുശേഷമുള്ള ജീവിതത്തിന്റെ അടിത്തറയാകേണ്ടത് ജോലി ചെയ്യുന്ന കാലത്തെ സമ്പാദ്യവും. ജോലി ചെയ്യുന്ന കാലത്തേ തുടങ്ങുന്ന വേതനത്തിലെയും മറ്റും അന്തരം വിരമിച്ചതിനുശേഷമുള്ള കാലത്തും സ്ത്രീകളെ വേട്ടയാടുന്നു എന്നതാണ് വാസ്തവം. വിരമിച്ചതിനുശേഷമുള്ള ജീവിതത്തെക്കുറിച്ച് ഭൂരിപക്ഷം പുരുഷന്‍മാര്‍ക്കും വ്യക്തമായ പദ്ധതിയുണ്ടാകുമെങ്കിലും ഇക്കാര്യത്തില്‍ സ്ത്രീകള്‍ ഏറെ പിന്നിലാണെന്നാണ് പഠനങ്ങള്‍ പറയുന്നു. 

               പുരുഷന്‍മാരേക്കാള്‍ ആയുര്‍ദൈര്‍ഘ്യം കൂടുതല്‍ സ്ത്രീകള്‍ക്കാണ്. പുരുഷന്‍മാര്‍ ജീവിക്കുന്നതിനേക്കാൾ ആറോ എട്ടോ വര്‍ഷം കൂടുതൽ സ്ത്രീകള്‍ ജീവിക്കുമെന്നാണ് കണക്ക്. സ്വാഭാവികമായും കൂടുതല്‍ കാലം ജീവിക്കാനുള്ള സമ്പാദ്യവും സ്ത്രീകള്‍ക്കാണുവേണ്ടത്. പക്ഷേ, ഈ യാഥാര്‍ഥ്യം അംഗീകരിക്കാതെയും മനസ്സിലാക്കാതെയുമാണ് കൂടുതല്‍ പേരും ജീവിക്കുന്നത്.  

         നാലു പുരുഷന്‍മാരെയെടുത്താല്‍ മൂന്നുപേര്‍ക്കും വ്യക്തമായ വിരമിക്കല്‍ പദ്ധതിയുണ്ടെങ്കില്‍ 10 ൽ ആറു സ്ത്രീകള്‍ക്കു മാത്രമാണ് വിരമിച്ചതിനുശേഷമുള്ള കാലത്തെക്കുറിച്ച് എന്തെങ്കിലും പദ്ധതികളുള്ളത്. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി 1021 ഫിനാന്‍ഷ്യൽ അഡ്വൈസര്‍മാരെയും 824 നിക്ഷേപകരെയും പങ്കെടുപ്പിച്ചുനടത്തിയ സര്‍വേയിലാണ് ഈ വിവരങ്ങള്‍ കണ്ടെത്തിയത്. നേഷന്‍വൈ‍ഡ് അഡ്വൈസറി സൊലൂഷന്‍സാണ് സര്‍വേ നടത്തി ഫലം പ്രസിദ്ധീകരിച്ചത്. 

  നിക്ഷേപത്തിന് അവസരമൊരുക്കി വിരമിച്ചതിനുശേഷമുള്ള ജീവിതം സുരക്ഷിതമാക്കുന്ന സ്ഥാപനങ്ങള്‍പോലും പുരുഷന്‍മാരെയാണ് ലക്ഷ്യമിടുന്നത്. അവരുടെ പരിഗണനകളില്‍ സ്ത്രീകള്‍ പലപ്പോഴും വരുന്നില്ല. ഈ സ്ഥിതിക്കും മാറ്റമുണ്ടാകണം. 2019-ല്‍ 65-ാം വയസ്സില്‍ വിരമിക്കുന്ന ഒരു സ്ത്രീക്ക് അമേരിക്കയില്‍ പിന്നീടുള്ള ജീവിതകാലത്ത് ഒന്നരലക്ഷം ഡോളറെങ്കിലും ചികില്‍സയ്ക്കും രോഗപരിചരണത്തിനും വേണ്ടിവരുമെന്നാണ് കണക്ക്. 

   പുരുഷന്‍മാരുടെ കാര്യത്തില്‍ 1,35,000 ഡോളര്‍ ചെലവാകുന്നിടത്താണ് 15 ലക്ഷത്തിന്റെ അന്തരം നിലനില്‍ക്കുന്നത്. കുട്ടികളെയും പേരക്കുട്ടികളെയും വളര്‍ത്തിവലുതാക്കാന്‍ കൂടുതല്‍ സമയം ചെലവിടുന്നതിനാല്‍ സ്ത്രീകള്‍ക്ക് കുറവു പ്രമോഷനുകളായിരിക്കും ജോലിക്കാലത്ത് ലഭിക്കുന്നത്. സ്വാഭാവികമായും ശമ്പളവും കുറവായിരിക്കും. കൃത്യമായ ഒരു വിരമിക്കല്‍ പദ്ധതി തയാറാക്കാന്‍ ഇത് സ്ത്രീകള്‍ക്ക് തടസ്സമാകുന്നുണ്ട്. ഈ പ്രശ്നങ്ങള്‍ കൂടി കണക്കിലെടുത്തുവേണം സാമ്പത്തിക സുരക്ഷിതത്ത്വ രംഗത്തു പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ സ്ത്രീകള്‍ക്കുവേണ്ടിയുള്ള പദ്ധതികള്‍ തയാറാക്കേണ്ടത്. 

  ചെലവുകള്‍ നോക്കിയല്ല ഒരു വ്യക്തി പ്രത്യേകിച്ചും സ്ത്രീകള്‍ വേതനത്തിനുവേണ്ടി വാദിക്കേണ്ടതെന്ന് ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന വിദഗ്ധര്‍ പറയുന്നു. സമ്പാദ്യം മനസ്സില്‍വച്ചുകൊണ്ടായിരിക്കണം കൂടിയ ശമ്പളത്തിനുവേണ്ടി വാദിക്കേണ്ടത്. അതാണ് ശരിയായ നിലപാട്. 

  യൗവനത്തില്‍ തന്നെ വ്യക്തമായ ലക്ഷ്യത്തോടെ, ഭാവി മുന്നില്‍കണ്ടുള്ള സമ്പാദ്യശീലം വളര്‍ത്താന്‍ സ്ത്രീകള്‍ തയാറാകണം. അതുമാത്രമാണ് വാര്‍ധക്യത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ഒരേയൊരു നടപടി. വിരമിച്ചതിനുശേഷം സുഖമായി ജീവിക്കാനുള്ള സമ്പാദ്യം എനിക്കുണ്ടോ എന്ന ചോദ്യത്തിന് സ്വയം ഉത്തരം കണ്ടെത്തുക. അതിനുകഴിയുന്നില്ലെങ്കില്‍ സാമ്പത്തിക വിദഗ്ധന്റെ സഹായത്തോടെ മികച്ച പദ്ധതി തയാറാക്കുക.