സൂര്യനെയും ചന്ദ്രനെയും തൊട്ട് കുറുമ്പാലക്കോട്ട

സൂര്യനെയും ചന്ദ്രനെയും തൊട്ട് കുറുമ്പാലക്കോട്ട മേഘങ്ങളോട് കഥ പറഞ്ഞു മതിവരാതെന്നവണ്ണം നിൽക്കുകയാണ് കുറുമ്പാലക്കോട്ട മേഘങ്ങളോട് കഥ പറഞ്ഞു മതിവരാതെന്നവണ്ണം നിൽക്കുകയാണു കുറുമ്പാലക്കോട്ടയുടെ തലയെടുപ്പ്. കഥ കേൾക്കാൻ സൂര്യനും ചന്ദ്രനും തൊട്ടടുത്തുണ്ട്. ഐതിഹ്യവും ചരിത്രവും ഈ മലമുകളിൽ കെട്ടുപിണഞ്ഞു കിടക്കുന്നു.മലകയറിയെത്തുന്നവരുടെ മനസ്സിൽ മലയിറങ്ങി കാലങ്ങൾ കഴിഞ്ഞാലും ഇവിടത്തെ മായാത്ത കാഴ്ചകൾ സുന്ദര ചിത്രം പോലെ അവശേഷിക്കും. അത്രയ്ക്കു പ്രകൃതീരമണീയമാണ് ജില്ലയുടെ ഒത്തനടുക്കുള്ള ഈ മല. സൂര്യദേവൻ മഞ്ഞിനുള്ളിൽ കുളിച്ചൊരുങ്ങിയെത്തുന്നത് ഇവിടെയാണ് എന്നു തന്നെ പറയാം.മഞ്ഞ് പുതച്ച താഴ്‌വരയിൽ നിന്ന് ഉദിച്ചുയരുന്ന സൂര്യദേവന്റെ ഭംഗി ഇത്രയും മനോഹരമായി നുകരാൻ പറ്റിയ മറ്റൊരു സ്ഥലം വയനാട്ടിൽ വേറെയുണ്ടാകില്ല. മീശപ്പുലിമല പോലെ, മഞ്ഞ് പുതച്ച ഭൂമിയെ വയനാട്ടിലെ ഉയരങ്ങളിൽ നിന്നു കാണാൻ പറ്റിയ സ്ഥലം കുറുമ്പാലക്കോട്ടയാണ്. സൺറൈസ് വാലി കഴിഞ്ഞാൽ സൂര്യോദയം കാണാൻ പറ്റുന്ന ഏറ്റവും നല്ല സ്ഥലവും ഇതുതന്നെ.മനസ്സ് നിറയ്ക്കുന്ന കാഴ്ചകളുടെ സുന്ദര ലോകമാണ് കുറുമ്പാല ഒരുക്കി വച്ചിരിക്കുന്നത്. മീശപ്പുലിമല പോലെ തന്നെ വളരെ എളുപ്പത്തിൽ കീഴടക്കാൻ കഴിയുന്ന മലയല്ല, കുറുമ്പാല. ഇതു കൊണ്ടു തന്നെയാണ് ഈ മലയിലേക്ക് സാഹസിക സഞ്ചാരികളുടെ ഒഴുക്ക് വർധിക്കുന്നതും.