രാജസ്ഥാനിലെ ബാരനിലൂടെ

1948 ലാണ് ബാരൻ ഒരു ജില്ലയായി രൂപം പ്രാപിച്ചത് രാജസ്ഥാൻ യാത്രകൾ മിക്കപ്പോഴും കണ്ടുതീർത്ത വഴികളിലൂടെയുള്ള ഒരു യാത്രയാണ്. അവിടെ നിന്ന് മാറി നിൽക്കുന്ന ഒരു കാഴ്ചയാണ് ബാരൻ ചിത്രങ്ങൾ കൊണ്ടും വിവരണങ്ങൾ കൊണ്ടും ഒക്കെ മനസ്സിൽ കേറിയ, ആളുകൾ പൊയ്ക്കൊണ്ടിരിക്കുന്ന ഇടങ്ങൾ തേടിയുള്ള യാത്രകൾ. അങ്ങനെയുള്ള ഒരു യാത്രയിൽ ജോഥ്പൂരും ജയ്പൂരും ജയ്സാൽമീറും ഒക്കെ കടന്നുപോകുമ്പോൾ മാറിനിൽക്കുന്ന ഒരിടമുണ്ട്. ബാരൻ...ചരിത്രപരമായും മതപരമായും ഒരുപാട് കാര്യങ്ങളാണ് ഇവിടെയുള്ളത്. ബാരന്റെ വിശേഷങ്ങൾ വായിക്കാം 1948 ൽ മാത്രം ഒരു ജില്ലയായി രൂപം പ്രാപിച്ച ബാരൻ വിനോദ സഞ്ചാര രംഗത്ത് അല്പം പുറകിലാണെങ്കിലും ഇവിടുത്തെ കാഴ്ചകൾ രാജസ്ഥാനിലെ മറ്റിടങ്ങളെ വെല്ലുന്നവയാണ്. രാജസ്ഥാനിൽ തീർച്ചയായും സഞ്ചരിച്ചിരിക്കേണ്ട ഇടങ്ങളിലൊന്നു കൂടിയാണ് ബാരന്‍. ആളുകൾ ജീവിക്കുന്ന ഇടങ്ങളെക്കാൾ കൂടുതൽ കാടുകളുണ്ട് എന്നതാണ് ഇവിടുത്തെ പ്രത്യേകത. കാടുകളും കാളി സിന്ധ് നദിയും ചേർന്നാൽ ബാരന്ററെ ചിത്രം പൂർണ്ണമാകും.രാമായണത്തിന്റ പലഭാഗങ്ങളും നടന്ന ഇടങ്ങൾ ഈ ബാരനിലുണ്ട് എന്നാണ് വിശ്വാസം. സോളങ്കി രാജവംശം മുതൽ ഔറംഗസേബ് വരെയുള്ളവർ ഭരിച്ച് പോയ നാടാണ് ഇത്. സോളങ്കി രജപുത്രന്മാർ സ്ഥാപിച്ചു എന്നു കരുതപ്പെടുന്ന ഈ നഗരം 17-ാം നൂറ്റൈണ്ട് വരെ അവരുടെ കൈവശമായിരുന്നു. പിന്നീട് മുഗൾ രാജാക്കന്മാർ നഗരത്തിന്റെ ഭരണം ഏറ്റെടുത്തു. ഇവിടുത്തെ ഏറ്റവും പ്രസിദ്ധമായ ഷാബാദ് കോട്ട ഇവിടെ നിർമ്മിച്ചതും ഇവരാണ്. ഔറംഗസേബ് കോട്ട സന്ദർശിക്കുവാനായി ഇവിടെ എത്തിയിട്ടുണ്ടെന്ന് ചരിത്രം പറയുന്നു. രാമനാൽ ഉപേക്ഷിക്കപ്പെട്ട സീത എത്തിച്ചേർന്ന ഇടം ബാരനാണ് എന്നാണ് ഇവിടെയുള്ളവർ വിശ്വസിക്കുന്നത്. മക്കളായ ലവനും കുശനും സീത ജന്മം നല്കിയതും അവർ മൂവരും ഇവിടെ നാളുകളോളം താമസിച്ചിരുന്നതും ഇവിടെയാണത്രെ. അതുകൂടാതെ സീതാദേവി മുഖ്യ പ്രതിഷ്ഠയായുള്ള ഒരു ക്ഷേത്രവും ഇവിടെ കാണാം. ബാരനിലെ ഏറ്റവും പ്രസിദ്ധമായ ക്ഷേത്രങ്ങളിൽ ഒന്നാണ് ഭാന്ദ് ദേവ ക്ഷേത്രം. ബാരനിൽ നിന്നും 40 കിലോമീറ്റർ അകലെ രാംഗഡ് ഗ്രാമത്തിൽ ഒരു കുളത്തിന്റെ കരയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഖജുരാാഹോ ശൈലിയിൽ നിർമ്മിച്ചിരിക്കുന്ന ഇവിടുത്തെ പ്രധാന ശിവക്ഷേത്രം ചെറിയ ഖജുരാഹോ എന്നാണ് അറിയപ്പെടുന്നത്. ഇവിടെ നിന്നും 750 ൽ അധികം പടികൾ കയറി മുകളിലോട്ട് പോകുമ്പോൾ കിസാനി ദേവിയെയും അന്നപൂർണ്ണ ദേവിയെയും ആരാധിക്കുന്ന മറ്റു രണ്ട് ക്ഷേത്രങ്ങൾ കൂടി കാണാം. ഇന്ന് ഈ ക്ഷേത്രങ്ങൾ സംസ്ഥാന പുരാവസ്തു വകുപ്പിന്റെ കീഴിൽ സംരക്ഷിക്കപ്പെടുന്നു. രാജസ്ഥാനിലെ പ്രധാനപ്പെട്ട വന്യദീവി സങ്കേതങ്ങളിലൊന്നാണ് ഷേർഗഡ് വന്യജീവി സങ്കേതം. 98 സ്ക്വയർ കിലോമീറ്റർ വിസ്തൃതിയിലുള്ള ഇവിടെ കടുവ, മാനുകൾ, പുള്ളിപ്പുലികൾ തുടങ്ങിയവയുടെ സ്വാഭാവീക വാസസ്ഥലം കൂടിയാണ്. ബാരനിൽ നിന്നും 80 കിലോമീറ്റർ അകലെയുള്ള കകോനിയാണ് ഇവിടുത്തെ മറ്റൊരിടം. പുരാതനമായ ക്ഷേത്രങ്ങൾക്കു പേരുകേട്ടിരിക്കുന്ന കകോനിയിൽ ഹിന്ദു ക്ഷേത്രങ്ങൾ കൂടാതെ ജൈന ക്ഷേത്രങ്ങളും കാണാൻ കഴിയും.എട്ടാം നൂറ്റാണ്ടില്‍ പണിതവയാണ് മിക്കക്ഷേത്രങ്ങളും. ഈ ക്ഷേത്രങ്ങളില്‍ പലതിലുമുണ്ടായിരുന്ന വിഗ്രഹങ്ങള്‍ ഇപ്പോള്‍ കോട്ട, ഝലവാര്‍ എന്നിവിടങ്ങളിലെ മ്യൂസിയങ്ങളില്‍ സൂക്ഷിച്ചിരിക്കുകയാണ്. രാജാ ഭീം ദിയോയുടെ കാലത്ത് പണികഴിപ്പിച്ച ഭീംഗഡ് കോട്ടയുടെ ഭാഗങ്ങളാണ് ഇവിടെ കാണാനുള്ള മറ്റൊരു കാഴ്ച. പഴയകോട്ടയുടെ അവശിഷ്ടങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ഇവിടെയുള്ളത്. ഔറംഗസേബിന്റെ കാലത്ത് നിർമ്മിക്കപ്പെട്ട ഷഹി ജുമാ മസ്ജിദാണ് ഇവിടുത്തെ മറ്റൊരു ആകർഷണം. ബാരനിൽ നിന്നും 80 കിലോമീറ്റർ അകലെ ഷഹബാദ് എന്ന സ്ഥലത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. മുഗള്‍ ശൈലിയിലാണ് ഇതിന്റെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. ബാരൻ നഗരത്തോട് ചേർന്നു സ്ഥിതി ചെയ്യുന്ന മറ്റൊരു ക്ഷേത്രമാണ് മണിഹര മഹാദേവ ക്ഷേത്രം. പരമശിവനെയും ഹനുമാനെയും ഒരുപോലെ ആരാധിക്കുന്ന ഈ ക്ഷേത്രത്തിന് 600 വർഷത്തിലധികം പഴക്കമുണ്ട് എന്നാണ് കരുതപ്പെടുന്നത്.ഫെബ്രുവരി മുതൽ ഒക്ടോബർ വരെയുള്ള സമയമാണ് ഇവിടം സന്ദർശിക്കുവാൻ ഏറ്റവും യോജിച്ചത്. ബാക്കിയുള്ള സമയങ്ങളിൽ കഠിനമായ തണുപ്പോ അല്ലെങ്കിൽ കഠിനമായ ചൂടോ ആയിരിക്കും ഇവിടെ അനുഭവപ്പെടുന്നത്. ജയ്പൂര്‍, ജോധ്പൂര്‍, ഉദയ്പൂര്‍, ഗ്വാളിയോര്‍, തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെല്ലാം ബാരനിലേയ്ക്ക് ബസ് സര്‍വ്വീസുകളുണ്ട്. എസി ടൂറിസ്റ്റ് ബസുകളും ഈ നഗരങ്ങള്‍ക്കിടയില്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. ബാരൻ നഗരത്തിൽ നിന്നും 2 കിലോമീറ്റര്‍ അകലെയാണ് റെയില്‍വേ സ്‌റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. വിമാനത്തിലാണ് ബാരനിലേയ്ക്ക് യാത്രചെയ്യുന്നതെങ്കില്‍ 312 കിലോമീറ്റര്‍ അകലെയുള്ള ജയ്പൂര്‍ വിമാനത്താവളത്തിലാണ് ഇറങ്ങേണ്ടത്. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലെ എയര്‍പോര്‍ട്ടുകളില്‍ നിന്നെല്ലാം ഇങ്ങോട്ട് വിമാനസര്‍വ്വീസുകളുണ്ട്.