കാണാമറയത്തെ സ്വർഗ്ഗം; ഷോജ

കാണാമറയത്തെ സ്വർഗ്ഗം; ഷോജ ഹിമാചൽ പ്രദേശിലെ മറ്റേതു സ്ഥലങ്ങളെയും പോലെ പ്രശസ്തമല്ല ഷോജ സഞ്ചാരികൾ ഇനിയും ചെന്നു കയറിയിട്ടില്ലാത്ത ഇടങ്ങള്‍ കൊണ്ട് സമ്പന്നമായ നാടാണ് ഹിമാചൽ പ്രദേശ് പുറംനാട്ടുകാരെ കണ്ടിട്ടില്ലാത്ത ഗ്രാമങ്ങളും ഒറ്റപ്പെട്ടു കിടക്കുന്ന വീടുകളും ഒക്കെയായി ചെന്നുകയറുവാൻ പ്രയാസമുള്ള ധാരാളം ഇടങ്ങൾ ഇവിടെയുണ്ട്. മഞ്ഞുമൂടി പുറംലോകത്തു നിന്നും വേർപെട്ടു കിടക്കുന്ന ഇത്തരം സ്വര്‍ഗ്ഗസമാനമായ ഇടങ്ങളിൽ ഒന്നാണ് ഷോജ. ഷിംലയ്ക്കും കുളുവിനും ഇടയിലായി കിടക്കുന്ന ഷോജയെന്ന ഹിമാലയൻ സ്വർഗ്ഗത്തിന്റെ വിശേഷങ്ങൾ. ഹിമാചൽ പ്രദേശിലെ മറ്റേതു സ്ഥലങ്ങളെയും പോലെ പ്രശസ്തമല്ല ഷോജ. കുളുവും മണാലിയും ഷിംലയുമൊന്നും പോലെ സഞ്ചാരികൾക്കിടയിൽ അത്ര കേട്ടുകേൾവിയില്ലാത്ത ഇടമാണ് ഷോജ. മഞ്ഞുമൂടിക്കിടക്കുന്ന കുന്നുകളും ഹിമാലയത്തിന്റെ വിദൂര ദൃശ്യങ്ങളും ദേവദാരു മരങ്ങളും പാറക്കൂട്ടങ്ങളും കുത്തിയൊലിച്ച് പാറക്കെട്ടിലൂടെ ഇറങ്ങുന്ന ചെറിയ ചെറിയ അരുവികളും ഒക്കെയാണ് ഷോജയുടെ പ്രത്യേകത. ഒറ്റ കാഴ്ചയിൽ പച്ചപരവതാനി വിരിച്ചതുപോലെ തോന്നിക്കുന്ന ഇവിടം പ്രശസ്തമായ ഹിമാലയൻ ദേശീയോദ്യാനത്തിന്റെ ഭാഗം കൂടിയാണ്. അറ്റമില്ലാതെ കിടക്കുന്ന പച്ചപ്പാണ് ഇതിൻരെ മറ്റൊരു പ്രത്യേകത. സമുദ്രനിരപ്പില്‍ നിന്ന്‌ 2368 മീറ്റര്‍ ഉയരത്തിലാണ് ഇവിടമുള്ളത്. ഷോ‍ജയിലെ ഏറ്റവും പ്രശസ്തമായ കണ്ടിരിക്കേണ്ട ഇടങ്ങളിലൊന്നാണ് വാട്ടർഫാൾ പോയന്റ്. കാടിനു നടുവിൽ നടന്നു മാത്രം എത്തിച്ചേരുവാൻ സാധിക്കുന്ന ഒരിടത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ഫോട്ടോഗ്രഫിയിൽ താല്പര്യമുള്ളവർക്ക് പരീക്ഷിക്കുവാൻ പറ്റിയ ഇടം കൂടിയാണിത്. ഹിമാചൽ പ്രേദശിലെ പ്രശസ്തമായ മലയിടുക്കുകളിൽ ഒന്നാണ് ജലോരി പാസ്. സമുദ്ര നിരപ്പിൽ നിന്നും 3134 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇത് സെറാജ് വാലിയോട് ചേർന്നാണുള്ളത്. ഒന്നു രണ്ടു മണിക്കൂർ സമയമാണ് ഇവിടെ എത്താനായി നടക്കേണ്ടത്. ഇതിന്റെ മുകളിൽ നിന്നുള്ള കാഴ്ചയാണ് ഏറ്റവും മനോഹരമായത്. ലോകം മുഴുവനും കാൽച്ചുവട്ടിലാക്കിയ ഒരനുഭവമായിരിക്കും ഇവിടെ നിന്നാൽ ലഭിക്കുക. തിങ്ങിനിറഞ്ഞു വളരുന്ന ഓക്ക് മരങ്ങൾക്ക് നടുവിൽ സ്ഥിതി ചെയ്യുന്ന വളരെ ചെറിയ ഒരു തടാകമാണ് സരോൽസാർ തടാകം. ഇവിടുത്തെ ജലോരി ചുരത്തില്‍ നിന്ന്‌ അഞ്ച് കിലോമീറ്റർ അകലെയാണ് ഇതുള്ളത്. ഇവിടുള്ളവർ ആരാധിക്കുന്ന ബുധി നാഗിൻ ദേവിയുടെ ഒരു ചെറിയ ക്ഷേത്രവും ഇതിനു സമീപത്തായി കാണാം.