കാഴ്ചകളൊരുക്കി ലോകത്തിന്റെ കറുത്തസുന്ദരി

കാഴ്ചകളൊരുക്കി ലോകത്തിന്റെ കറുത്തസുന്ദരി


ദൈവത്തിന്റെ കരവിരുതും കരുതലും വ്യക്തമായി ചൂണ്ടിക്കാട്ടുന്ന രാജ്യം, ലോകത്തിന് പ്രചോദനമായ രാഷ്ട്രീയ പശ്ചാത്തലം, അപൂർവ്വസസ്യജാലങ്ങളുടെ കലവറ യുനസ്കോ അംഗീകൃത പൈതൃക കേന്ദ്രങ്ങൾ, മനോഹരമായ കടൽ തീരങ്ങൾ, ഊഷ്മളമായ കാലാവസ്ഥ എന്നിങ്ങനെ ഒരു സഞ്ചാരിയുടെ കണ്ണിനേയും മനസിനേയും ഒരുപോലെ സമ്പന്നമാക്കുന്ന ലോകത്തിന്റെ കറുത്തസുന്ദരി എന്നറിയപ്പെടുന്ന രാജ്യമാണ് ദക്ഷിണാഫ്രിക്ക. ഇരുണ്ട രാജ്യമെന്നാണ് വിളിപ്പേരെങ്കിലും സംസ്ക്കാരത്തിന്റേയും പ്രകൃതിയുടേയും മനോഹാരിത ആരെയു അദ്ഭുതപ്പെടുത്തുന്ന കാഴ്ചകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

സൗത്താഫ്രിക്കയിലെ ഏറ്റവും പ്രധാനപ്പെട്ട നഗരമാണ് കേപ് ടൗൺ. ഒരുദിവസം തന്നെ ഋതുഭേതങ്ങൾ മാറി വന്നുപോകുന്ന നഗരം. വിശാലമായ തീരപ്രദേശം, പർവ്വതനിരകൾ, മനോഹരവും സംസ്കാരികവുമായി ഉർജ്ജസ്വലമാണ് സൗത്താഫ്രിക്കയുെട മദർ സിറ്റി എന്നറിയപ്പെടുന്ന കേപ് ടൗൺ. ഏഴ് ലോകാദ്ഭുതങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച ടേബിൾ മൗണ്ടൈൻ എന്ന പർവ്വതം നിലകൊള്ളുന്നത് ഇവിടെയാണ്. സസ്യജന്തുജാലങ്ങളുടെ ആവാസകേന്ദ്രമാണ് ടേബിൾ മൗണ്ടൈൻ. 360 ഡിഗ്രി കാഴ്ചയൊരുക്കുന്ന കേബിൾ കാറുകളിൽ കയറി ടേബിൾ മൗണ്ടൈൻ കാണാം. 1929 -ലാണ് ഇവിടെ കേബിൾ കാർ യാത്ര ആരംഭിക്കുന്നത്.ലോകത്തിലെ കോസ്റ്റൽ ഡ്രൈവുകളിൽ പ്രസിദ്ധമാണ് ചാപ്മാൻ പീക്ക് ഡ്രൈവ്. സഞ്ചാരികൾക്ക് മറക്കാനാവാത്ത ഒരു അനുഭവമാണ് ഇവിടം സമ്മാനിക്കുന്നത്. ഒരുവശത്ത് അറ്റ്ലാന്റിക് സമുദ്രവും അതിന്റെ തീരപ്രദേശങ്ങളും,മറുവശത്തു കുന്നുകളും പച്ച താഴ്‌‌‌വരകളും ഇവക്കിടയിലൂടെയാണ് യാത്ര. സൂര്യൻ ഉജ്ജ്വലഭാവത്തിൽ എരിയുന്നുണ്ടെങ്കിലും കാറ്റിനെപ്പോഴും കുളിരാണ്. ഈ യാത്ര ചെന്നെത്തുന്നത് ആഫ്രിക്കൻ വൻകരയുടെ തെക്കേ അറ്റത്തായ കേപ്പ് ഓഫ് ഗുഡ് ഹൊപ്പ് അഥവാ പ്രതീക്ഷയുടെ മുനമ്പിലേക്കാണ്.

തെക്കുപടിഞ്ഞാറൻ ആഫ്രിക്കൻ തീരം കപ്പലുകൾക്ക് അപകടങ്ങൾ ഉണ്ടാകുന്ന സ്ഥലമായിരുന്നു.ഇവിടുത്തെ ശക്തമായ കാറ്റിലും തിരയിലുംപെട്ട് കപ്പലുകൾ തകർന്നു പോകുന്നതും അസാധാരണമായിരുന്നു. എന്നാൽ ആഫ്രിക്കയുടെ തെക്കേയറ്റത്ത്‌ എത്തുന്നതോടെ രംഗം ശാന്തമാകുന്നു. അതിനാലാണ് ആഫ്രിക്കയുടെ തെക്കേ അറ്റത്തുള്ള ഈ  മുനമ്പിനെ പ്രതീക്ഷയുടെ മുനമ്പെന്നു വിളിച്ചുപോരുന്നത്.

ദക്ഷിണാഫ്രിക്കൻ യാത്രയിൽ ഒഴിവാക്കാൻ പറ്റാത്ത ഡെസ്റ്റിനേഷനാണ് നെൽസൺ മണ്ടേല 18 വർഷം ശിക്ഷ അനുഭവിച്ച റോബ്ബൺ ഐലൻഡ്. ഇതൊരിക്കൽ ജയിലായിരുന്നു. സ്വന്തം മണ്ണിൽ മറ്റൊരു നാട്ടിൽ നിന്നും എത്തിയവർ കറുത്തവന്റെ സ്വാതന്ത്ര ദാഹത്തെ അടച്ചിട്ടത് ഈ ദ്വിപിലാണ്‌. വംശനാശം വന്നു കൊണ്ടിരിക്കുന്ന ആഫ്രിക്കയിൽ അധിവസിക്കുന്ന പെൻഗ്വിനുകളുടെ പെൻഗ്വിൻ കോളനിയും, സീൽ ഐലൻഡുമെല്ലാം കേപ്ടൗണിലെ മറ്റ് കാഴ്ചകളാണ്. നൈസ്ന എന്ന ദക്ഷിണാഫ്രിക്കയിലെ പടിഞ്ഞാറൻ നഗരത്തിലേക്കുള്ള യാത്രയാണ് അടുത്ത ആകർഷണം .നൈസ്നയിലേക്ക് ലോകസഞ്ചാരികളുടെ ആകർഷണം കാങ്കോ കേവ്സ്.കിലോമീറ്ററോളം നീളുന്ന തുരങ്കങ്ങളും അറകളുംകൊണ്ട് സങ്കീർണമാണ് ഈ ഗുഹ. ഇവിടുത്തെ ഗുഹ ചിത്രങ്ങൾക്കും കലാസൃഷ്ടികൾക്കും ദശാബ്ദങ്ങളുടെ കഥപറയാനുണ്ട്. ആഫ്രിക്കയുടെ ചരിത്രാതീതകാലവും മധ്യകാലഘട്ടവുമെല്ലാം വ്യക്തമായി  വിളിച്ചോതുന്നുണ്ട് ഈ ഗുഹചിത്രങ്ങൾ.

ദക്ഷിണാഫ്രിക്കയുടെ കാനനഭംഗിയും വന്യമൃഗ സമ്പത്തും മതിവരുവോളം ആസ്വദിക്കാൻ സഞ്ചാരികളുടെ എന്നത്തേയും ഹോട്ട് സ്പോട്ടാണ് ക്രൂഗർ ദേശീയോദ്യാനം. കാടും കാട്ടാറും കാട്ടുമൃഗങ്ങളേയുമെല്ലാം അടുത്ത് കണ്ടും തൊട്ടറിഞ്ഞും ആസ്വദിക്കാം. സമാനതകൾ ഇല്ലാത്തവണ്ണം അവിശ്വസിനീയമാണ് ക്രൂഗർ എന്നുപറഞ്ഞാൽ അതൊരിക്കലും അതിശയോക്തിയാവില്ല. സാഹസികതയും സഫാരിയും നിറഞ്ഞ യാത്ര. നമ്മൾ കാണാത്തതും, വംശനാശം സംഭവിക്കുന്നതുമായ അപൂർവ സസ്യജാലജന്തുക്കളുടെ  കലവറയാണിവിടം.

വലുപ്പമേറിയ കാടായതിനാൽ ഇതിനുള്ളിൽ വന്യജീവികൾക്ക് യഥേഷ്ടം സഞ്ചരിക്കുവാനുള്ള സൗകര്യമുണ്ട്. ജംഗിൾ സഫാരിയിലൂടെ ആ കാഴ്ചകൾ സഞ്ചാരികൾക്ക് ആസ്വദിക്കുകയും ചെയ്യാം. സൗത്താഫ്രിക്കയിലെ ഏറ്റവും വലിയ നഗരമാണ് ജോഹെന്നാസ്ബർഗ്. ഇന്ന് ജോഹന്നാസ്ബർഗ് ഏതൊരു യൂറോപ്യൻ നഗരങ്ങളോടും കിടപിടിക്കുന്ന രീതിയിൽ വളർന്നുകൊണ്ടിരിക്കുന്നു. ആഫ്രിക്കയുടെ മറ്റൊരു മുഖമാണ് ഇന്ന് ജോഹന്നാസ്ബർഗ് എന്ന് പറയാതെ വയ്യ. ഇവിടുത്തെ ഗോൾഡ് റീഫ് സിറ്റി എന്ന ഒരു പഴയ സ്വർണ്ണ ഖനി ഇന്ന് അമ്യൂസ്‌മെന്റ് പാർക്കായി മാറ്റിരിക്കുകയാണ്. കാസിനോകളും അനേകം റൈഡുകളും ഇവിടുണ്ട്.ഭൂമിക്കടിയിലെ പഴയ സ്വർണ്ണ ഖനിയിലൂടെയുള്ള യാത്രയാണ് പ്രധാന ആകർഷണം. മറ്റൊരു പ്രധാനപെട്ട സഞ്ചാരകേന്ദ്രമാണ് സോവെറ്റോ. ഈ യാത്രവർണ്ണവിവേചനത്തിന്റെ ഇരുണ്ട കാലഘട്ടത്തിലേക്കെത്തിക്കും. നെൽസൺ മണ്ടേലയുടെ ഭവനമായ മണ്ടേലഹൌസ് അഥവാ മണ്ടേലമ്യൂസിയം. 1946 മുതൽ 1962 വരെ നെൽസൺ മണ്ടേല ഇവിടെയാണ് താമസിച്ചിരുന്നത്. അദ്ദേഹത്തിന് അഭേദ്യമായൊരു ബന്ധം ഈ വീടുമായി ഉണ്ടായിരുന്നത്രെ.

ക്യാപിറ്റൽ സിറ്റിയായ പ്രിട്ടോറിയ സിറ്റി ടൂറുമെല്ലാം ഈ യാത്രയിൽ ഉൾപ്പെടുന്നു.യാത്രകൾ ഇഷ്ടപ്പെടാത്തവരായി ആരുംതന്നെയില്ല. കൗതകമുണർത്തുന്ന കാഴ്ചകൾതേടി പോകുന്നവരാണ് നമ്മളേവരും. ഇന്ത്യക്ക് പുറത്തേക്കുള്ള സഞ്ചാരമോഹവുമായി പോകുമ്പോൾ എല്ലായിപ്പോഴും വ്യത്യസ്തമായ കാഴ്ച്ചകൾ നാം തിരയാറുണ്ട്. അതുകൊണ്ടു തന്നെ നിസംശയം തിരഞ്ഞെടുക്കവുന്ന ഡെസ്റ്റിനേഷനാണ്‌ സൗത്താഫ്രിക്ക .നാം നിൽക്കുന്ന മണ്ണിനേയും മനുഷ്യനേയും സംസ്കാരത്തെയുമറിഞ്ഞ് സസ്യജന്തുജാലങ്ങളുടെ കലവറയിലേക്ക് മനോഹരമായൊരു യാത്രപോയിവരാം.