സൈലന്റായി സൈലന്റ് വാലി

 നവംബറില്‍ സഞ്ചാരികളെത്തേണ്ട സമയമായിട്ടും സൈലന്റ് വാലി ദേശീയോദ്യാനത്തിന്റെ വാതിലുകള്‍ അടഞ്ഞുകിടക്കുന്നു. ഓഗസ്റ്റിലെ മഴക്കെടുതികളെത്തുടര്‍ന്ന് അടച്ചിട്ട സൈലന്റ് വാലി ദേശീയോദ്യാനം ഇനിയും സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കാനായിട്ടില്ല. മണ്ണിടിഞ്ഞും മരംവീണും ഉരുള്‍പൊട്ടലുണ്ടായും ഏകദേശം അമ്പതോളം ഇടങ്ങളിലാണ് ഗതാഗതത്തിന് തടസ്സമുണ്ടായിരിക്കുന്നത്.ചിലയിടങ്ങളില്‍ റോഡ് പകുതിയും ഒലിച്ചുപോയിട്ടുണ്ട്. കുന്തിപ്പുഴയ്ക്ക് കുറുകേയുള്ള തൂക്കുപാലം സഞ്ചാരയോഗ്യമല്ലാത്തവിധം നശിക്കുകയും ചെയ്തു. ദേശീയോദ്യാനം അടഞ്ഞുകിടക്കുന്നതറിയാതെ ഇതര സംസ്ഥാനങ്ങളില്‍നിന്നുള്‍പ്പെടെ നിരവധിപേര്‍ നിത്യേന ഇവിടെവരെയെത്തി മടങ്ങുകയാണ്.ആദ്യമായാണ് സൈലന്റ് വാലിയില്‍ ഇത്രയധികദിവസം നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇവിടെയെത്തുന്ന വിനോദസഞ്ചാരികളെ മാത്രം ആശ്രയിച്ച് ഉപജീവനം കണ്ടെത്തിയിരുന്നവര്‍ വരുമാനമില്ലാതെ ബുദ്ധിമുട്ടിലാണ്.സൈലന്റ് വാലി ഗൈഡുകളായി ജോലിചെയ്തിരുന്നവര്‍ നിലവില്‍ വാച്ചര്‍മാരായി പ്രവര്‍ത്തിക്കുകയാണ്. സൈലന്റ് വാലി റെയ്ഞ്ച് ഓഫീസ് പരിസരത്ത് പ്രവര്‍ത്തിക്കുന്ന വനവിഭവങ്ങള്‍ വില്പനനടത്തുന്ന കടകളും ഇതോടെ നഷ്ടത്തിലായി.