കടലിനടിയിലെ കാഴ്ചകൾ കാണുവാൻ

കടലിനടിയിലെ അത്ഭുതങ്ങളെ കാണാൻ പറ്റിയ വഴിയാണ് സ്നോർകലിങ്. ഇന്ത്യയിൽ സ്നോർകലിങ്ങിനു പറ്റിയ ഏറ്റവും മികച്ച ഇടങ്ങളെ പറ്റി കേൾക്കാം കടലിനടിയിലെ അത്ഭുതങ്ങളെ കൺനിറയെ കാണുവാൻ വഴികൾ ഒരുപാടുണ്ട്. ഗ്ലാസ് ബോട്ടിലെ യാത്ര മുതൽ സ്കൂബാ ഡൈവിങ്ങ് വരെ ഇഷ്ടംപോലെ കാര്യങ്ങള്‍. എന്നാൽ അതിൽ നിന്നെല്ലാം കുറച്ചുകൂടി വ്യത്യസ്തമായി കടൽക്കാഴ്ചകൾ കാണുവാൻ ഒരു മാർഗ്ഗമുണ്ട്. ഒരു തരിപോലും പേടിക്കാതെ, നീന്തൽ അറിയില്ലെങ്കിൽ പോലും ഭയപ്പെടാതെ കടലിലേക്ക് ഇറക്കികൊണ്ടുപോകുന്ന സ്നോർകലിങ്. ഇതാ ഇന്ത്യയിൽ സ്നോർകലിങ്ങിനു പറ്റിയ ഏറ്റവും മികച്ച ഇടങ്ങൾ പരിചയപ്പെടാം... ആൻഡമാൻ ദ്വീപുകൾ സ്നോർകലിങ്ങിനായി ആളുകൾ തേടിച്ചെല്ലുന്ന ഇടങ്ങളിലൊന്നാണ് ആൻഡമാൻ ദ്വീപുകൾ. കടൽക്കാഴ്ചകൾ കാണുവാനായി മാത്രം എത്തിച്ചേരുന്ന സഞ്ചാരികൾ കടലിലിറങ്ങും എന്നതിൽ ഒരു സംശയവുമില്ല. തെളിഞ്ഞ നീല നിറത്തിലുള്ള വെള്ളം, മനോഹരമായ ബീച്ചുകൾ, മഴക്കാടുകൾ, ട്രക്കിങ്ങ് റൂട്ടുകൾ തുടങ്ങി ഒരു സഞ്ചാരി എന്തൊക്ക ആഗ്രഹിക്കുന്നുവോ അതെല്ലാം ഇവിടെ കാണാം. ഇവിടുത്തെ മിക്ക ബീച്ചുകളിലും സ്നോർക്കലിങ്ങിന് സൗകര്യമുണ്ടെങ്കിലും എലിഫന്റ് ബീച്ച്, ഹാവ്ലോക്ക് ദ്വീപ് തുടങ്ങിയ സ്ഥലങ്ങളാണ് ഇതിന് പ്രശസ്തം. 30 മിനിട്ട് സ്നോർകലിങ് നടത്തുന്നതിന് ഇവിടെ 1000 രൂപ വരെയാണ് ചിലവ്. നേത്രാണി ഐലൻഡ് കർണ്ണാടക കർണ്ണാടകയിലെ ഏറെയൊന്നും കേട്ടിട്ടില്ലാത്ത ഇടമാണ് നേത്രാണി ദ്വീപ്. പ്രാവുകളുടെ ആധിക്യം കൊണ്ട് പീജിയണ്‍ ദ്വീപ് എന്നും അറിയപ്പെടുന്ന ഇത് കടലിനുള്ളിലെ അപൂ‍വ്വ കാഴ്ചകൾ കാണുവാൻ താല്പര്യമുള്ളവർ പോയിരിക്കേണ്ട ഇടമാണ്. മുരുഡേശ്വറിൽ നിന്നും 16 കിലോമീറ്റർ അകലെയായി അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന നേത്രാണി ദ്വീപ് കർണ്ണാടകയിലെ ഉയർന്നു വരുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. കരയിൽ നിന്നും 10 നോട്ടിക്കൽ മൈൽ ദൂരം അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. സ്കൂബാ ഡൈവിങ്ങിനും ഇവിടെ അവസരമുണ്ട്. ലക്ഷദ്വീപ് ആയിരം ദ്വീപുകളുടെ നാടായ ലക്ഷദ്വീപിൽ ഒരിക്കലെങ്കിലും പോയിരിക്കണം എന്നു ആഗ്രഹിക്കാത്തവർ കാണില്ല. കടലിന്റെും തീരങ്ങളുടെയും കാഴ്ചകൾ അതിമനോഹരമായി കാണിച്ചു തരുന്ന ലക്ഷദ്വീപ് പവിഴപ്പുറ്റുകളാൽ സമ്പന്നമായ ഇടം കൂടിയാണ്. ഇവിടുത്തെ മിക്ക ദ്വീപുകളിലും സാഹസിക വിനോദങ്ങൾക്ക് പ്രത്യേക ഇടങ്ങളുണ്ട്. ബംഗാരം, കടമത്ത് തുടങ്ങിയ ദ്വീപുകളിലാണ് സ്നോർക്കലിങ്ങ് നന്നായി ചെയ്യുവാൻ സാധിക്കുക. വ്യത്യസ്ത തരത്തിലുള്ള മത്സ്യങ്ങളെ കൂടാതെ കടൽ ജീവികളെയും സസ്യങ്ങളെയും ഇവിടുത്തെ സ്നോർകലിങ്ങിൽ കണ്ടെത്താം.