ഉത്തര മലബാര്‍ ടൂറിസം വിരല്‍ത്തുമ്പിലാക്കാന്‍ ഗൂഗിള്‍ ആപ്പ്

 ഉത്തരമലബാര്‍ വിനോദ സഞ്ചാരം ഇനി വിരല്‍ത്തുമ്പില്‍. ഉത്തര മലബാറിലെ വിനോദസഞ്ചാരകേന്ദ്രങ്ങളെക്കുരിച്ചറിയാന്‍ 'സ്‌മൈല്‍ വെര്‍ച്വല്‍ ടൂര്‍ ഗൈഡ്' ടൂറിസം വകുപ്പ് പുറത്തിറക്കി. വിവരസാങ്കേതികവിദ്യയുടെ എല്ലാ നൂതന സാധ്യതകളും പ്രയോജനപ്പെടുത്തിയാണ് ആപ്പ് തയാറാക്കിയിരിക്കുന്നത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് സ്‌മൈല്‍ വെര്‍ച്വല്‍ ടൂര്‍ ഗൈഡ് ഡൗണ്‍ലോഡ് ചെയ്യാം. ഉത്തര മലബാര്‍ ടൂറിസം ലക്ഷ്യകേന്ദ്രത്തിലാണെങ്കില്‍ ആപ്പ് ഉപയോഗിക്കുന്ന സ്ഥലത്തിന് ചുറ്റും 30 കിലോമീറ്ററിനുള്ളില്‍ സഞ്ചാരികളുടെ ആകര്‍ഷണങ്ങള്‍ ലഭ്യമാകും. ഡെസ്റ്റിനേഷന് പുറത്താണെങ്കില്‍ ലൈററ് മോഡ് ഉപയോഗിച്ച്‌ വിമാനത്താവളമോ റെയില്‍വെ സ്റ്റേഷനോ തെരഞ്ഞെടുക്കുമ്പോള്‍ 30 കിമീ പരിധിയിലുള്ള ആകര്‍ഷക കേന്ദ്രങ്ങളുടെയും സേവന ദാതാക്കളുടെയും വിവരങ്ങള്‍ ലഭ്യമാകും.ടൂറിസ്റ്റുകളുടെ വരവ് വര്‍ദ്ധിപ്പിക്കുക, പുതിയ ടൂറിസം സംരംഭങ്ങളിലൂടെ ഉയര്‍ന്ന തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നിവയാണ് പുതിയ പദ്ധതിയുടെ ലക്‌ഷ്യം.ടൂറിസം കേന്ദ്രങ്ങളുടെ ചരിത്രം, സംസ്‌കാരം, മറ്റു പ്രത്യേകതകള്‍ മുതലായവ ഉള്‍ക്കൊള്ളുന്ന ഓഡിയോ-വീഡിയോ വിവരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ പ്രദേശത്തും ക്യുആര്‍ കോഡ് പതിച്ച സൈനേജ് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. ഇത് മൊബൈല്‍ ഉപയോഗിച്ച്‌ സ്‌കാന്‍ ചെയ്യുമ്പോള്‍ വെബ് പേജുകളില്‍ നേരിട്ടെത്താം. ബിആര്‍ഡിസി വെബ്‌സൈറ്റ് വഴിയും വെര്‍ച്വല്‍ ടൂര്‍ ഗൈഡ് ഉപയോഗിക്കാം.