അറേബ്യയിലേക്കുള്ള ഗേറ്റ് വേ : മത്ര കോട്ട

അറേബ്യയിലേക്കുള്ള ഗേറ്റ് വേ : മത്ര കോട്ട ഒമാന്റെ സുപ്രധാന മുതല്‍ കൂട്ടാണ് മത്ര കോട്ട ഒമാന്റെ സാംസ്‌കാരിക ടൂറിസം മേഖലയില്‍ സുപ്രധാന മുതല്‍ കൂട്ടാണ് മത്ര കോട്ട. ഉയര്‍ന്ന മലമുകളില്‍ സ്ഥിതി ചെയ്യുന്നുവെന്നതാണ് കോട്ടയുടെ ഏറ്റവും വലിയ ആകര്‍ഷണീയത. പതിനാറാം നൂറ്റാണ്ടില്‍ നിര്‍മിച്ച ഈ കോട്ട ഒമാന്റെ ചരിത്രപ്രധാനമായ കോട്ടകളിലൊന്നാണ്. രാജ്യത്തിന്റെ ഏറെ തന്ത്രപ്രധാനമായ മേഖലയിലാണ് നിര്‍മിച്ചിരിക്കുന്നത്.ഇവിടത്തെ ടവറുകളില്‍ നിന്ന് മസ്‌കറ്റിലെ നീണ്ട കടല്‍തീരവും കടലും നിരീക്ഷിക്കാനാവും. സുല്‍ത്താന്‍ ഖാബൂസ് തുറമുഖവും മത്ര സൂഖുമടക്കം പ്രദേശങ്ങളുടെ മനോഹര ദൃശ്യാനുഭവം മത്ര കോട്ടയ്ക്ക് മുകളില്‍ നിന്ന് ലഭ്യമാകും. അറേബ്യയിലേക്കുള്ള ഗേറ്റ് വേ എന്നാണ് മത്ര അറിയപ്പെടുന്നത്. പ്രതിരോധ മേഖലയിലെ തന്ത്ര പ്രധാനയിടം കൂടിയാണിവിടം. ആഫ്രിക്ക, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ചരക്കുകപ്പലുകളുടെ പുരാതന സമുദ്രപാതയായിരുന്നു മത്ര ഭാഗങ്ങളും. ഒരു കാലത്ത് പോര്‍ച്ചുഗീസ് കപ്പലുകളുടെ കേന്ദ്രവുമായിരുന്നു മത്ര. ഒമാനി പൈതൃകത്തെയും സംസ്‌കാരത്തെയും വിനോദസഞ്ചാരികളിലൂടെ ലോകത്തെ അറിയിക്കാന്‍ ലക്ഷ്യമിട്ട്, രാജ്യത്തെ 54-ഓളം കോട്ടകളുടെയും കൊട്ടാരങ്ങളുടെയും പുനര്‍നിര്‍മാണ ജോലികല്‍ നടത്തികൊണ്ടിരിക്കുകയാണ് ഒമാന്‍ സര്‍ക്കാര്‍.