കൊടുംസര്‍ ഗുഹ: പാറകളിലെ വിസ്മയം

കൊടുംസര്‍ ഗുഹ: പാറകളിലെ വിസ്മയം ഇന്ത്യയിലെ രണ്ടാമത്തെ നീളംകൂടിയ പ്രകൃതിദത്ത ഗുഹ ഇന്ത്യയിലെ രണ്ടാമത്തെ നീളംകൂടിയ പ്രകൃതിദത്ത ഗുഹയായ കൊടുംസര്‍ യാത്രക്കാര്‍ക്ക് നല്‍കുന്നത് വ്യത്യസ്തമായ ഒരു അനുഭവമാണ്.ഛത്തീസ്ഗഢ്-ലെ കാംഗേര്‍വാലി നാഷണല്‍ പാര്‍ക്കിനുള്ളിലൂടെ പത്തുകിലോമീറ്റര്‍ യാത്രചെയ്തുവേണം കൊടുംസര്‍ ഗുഹയിലെത്താന്‍. 1327 മീറ്റര്‍ നീളമുള്ള ഈ ഗുഹയ്ക്ക് ഭൂനിരപ്പില്‍നിന്ന് 35 മീറ്റര്‍വരെ ആഴമുണ്ട്. ഇടുങ്ങിയ ഒരു വിടവിലൂടെവേണം ഗുഹയ്ക്കകത്തേക്ക് നുഴഞ്ഞിറങ്ങാന്‍. ഈര്‍പ്പം കൂടുതലുള്ള ഗുഹാന്തരീക്ഷവുമായി പൊരുത്തപ്പെടാന്‍ സമയമെടുക്കും.മഴക്കാലത്ത് വെള്ളം നിറഞ്ഞൊഴുകുന്നതിനാല്‍ ജൂണ്‍മുതല്‍ ഒക്ടോബര്‍ വരെ സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കാറില്ല.അപകടംപിടിച്ച വഴിയാണ് ഗുഹയ്ക്കകത്ത്. മിക്കയിടത്തും കോണ്‍ക്രീറ്റ്‌ചെയ്ത വഴികളും സ്റ്റീല്‍ കൈവരികളും നിര്‍മിച്ചിട്ടുണ്ട്. പാറയില്‍നിന്ന് ഊര്‍ന്നിറങ്ങിയ ചുണ്ണാമ്പുകല്ലുകള്‍കൊണ്ട് സ്റ്റാലക്‌റ്റൈറ്റ് , സ്റ്റാലഗ്മൈറ്റ് എന്നിങ്ങനെ രണ്ടുതരത്തിലുള്ള പാറകള്‍ രൂപപ്പെട്ടിരിക്കുന്നു. പാറയുടെ ആകൃതികള്‍ ചേര്‍ന്ന് പല രൂപങ്ങളും നിര്‍മിക്കപ്പെട്ടിട്ടുണ്ട്. ശിവലിംഗത്തിന്റെ ആകൃതിയിലുള്ള പാറയില്‍ പൂജയും മറ്റും ആളുകള്‍ നടത്താറുണ്ടായിരുന്നു. എന്നാല്‍ ഗുഹയ്ക്കകത്ത് കര്‍പ്പൂരവും ചന്ദനത്തിരിയുമെല്ലാം പുകയ്ക്കുന്നത് മലിനീകരണം ഉണ്ടാക്കുകയും ഗുഹയിലെ ജൈവവൈവിധ്യത്തിന് കോട്ടംവരുത്തുകയും ചെയ്യുന്നുണ്ട് എന്ന് മനസ്സിലായതോടെ അവയെല്ലാം നിരോധിക്കപ്പെട്ടു. ഒരിഞ്ച് വലുപ്പത്തില്‍ ഇത്തരം പാറകള്‍ രൂപപ്പെടാന്‍ ഏകദേശം 6000 വര്‍ഷങ്ങള്‍ വേണം. ഗുഹയ്ക്കകത്തെ മറ്റൊരു പ്രത്യേകത കണ്ണില്ലാത്ത ഒരുതരം പ്രത്യേക മത്സ്യമാണ്.