ഹംപി...വിജയനഗരത്തിന്റെ മഹാശേഷിപ്പുകള്‍

വിജയ നഗര സാമ്രാജ്യത്തിന്റെ പ്രൗഡി നിറഞ്ഞ തലസ്ഥാനം ഹംപി രാമായണത്തില്‍ കിഷ്‌കിന്ധയെന്ന് അറിയപ്പെടുന്ന സ്ഥലമാണ് ഹംപിയെന്ന് ചരിത്രകാരന്മാര്‍ പറയുന്നു.13 നൂറ്റാണ്ടുമുതല്‍ 16-ാം നൂറ്റാണ്ടു വരെ വിജയനഗര രാജാക്കന്മാരുടെ തലസ്ഥാനം ഹംപിയായിരുന്നു.യുനെസ്‌കോയുടെ പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിലിടം പിടിച്ച ഹംപിയില്‍ ഹോയ്‌സാല ശൈലിയിലുള്ള വാസ്തുവിദ്യയിലുള്ള നിര്‍മ്മിതികളാണ് കാണാന്‍ സാധിക്കുന്നത്.ബാംഗ്ലൂരില്‍ നിന്നും ഇവിടേക്ക് 350 കിലോമീറ്റര്‍ ദൂരമുണ്ട്. വര്‍ഷാവര്‍ഷം ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് ഇവിടെയെത്തുന്നത്. ഒറ്റക്കരിങ്കല്ലുകളില്‍ പണിത കൂറ്റന്‍ തൂണുകളും രഥവുമെല്ലാം കാണുമ്പോള്‍ അതു പണിതീര്‍ത്ത കലാകാരന്മാരുടെ മികവിന് മുന്നില്‍ അതിശയപ്പെടാനേ കഴിയു. കുന്നുകളാല്‍ ചുറ്റപ്പെട്ട് നദീതീരത്ത് പരന്നുകിടക്കുന്ന വിജയനഗരസാമ്രാജ്യ സ്മാരകമൊരുക്കുന്ന കാഴ്ചവിരുന്ന് വാക്കുകളില്‍ ഒതുക്കാന്‍ കഴിയാത്തതാണ്.വിരൂപാക്ഷ ക്ഷേത്രം, വിട്ടാല ക്ഷേത്രം, ആഞ്ജനേയാദ്രി തുടങ്ങിയൊരുപാട് ക്ഷേത്രങ്ങള്‍ ഈ പ്രാചീന നഗരത്തിലുണ്ട്.. കര്‍ണാകയിലെ പ്രമുഖ നദികളിലൊന്നായ തുംഗഭദ്രയുടെ തീരത്താണ് ഹംപി.ദക്ഷിണേന്ത്യയില്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നാണ് ഹൊയ്സാല ശില്‍പവവിദ്യയുടെ മറുവാക്കായ ഹംപി.ഹംപി ചുറ്റിക്കാണാനായി സൈക്കിളോ, ബൈക്കോ വാടകയ്ക്കെടുക്കുന്നതാണ് സഞ്ചാരികള്‍ സ്വീകരിക്കുന്ന രീതി