കാണാകാഴ്ചകളുമായി ഗോപേശ്വർ

പ്രകൃതി ഭംഗിയോടൊപ്പം ഒരു തീർഥാടന കേന്ദ്രമായും സന്ദർശകരെ ആകർഷിക്കുന്ന ഇവിടം ഉത്തരാഖണ്ഡിലെ ചമോലി ജില്ലയുടെ ആസ്ഥാനം കൂടിയാണ് ഉത്തരാഖണ്ഡ്...എത്ര പോയാലും കണ്ടു തീരാത്ത ഒരു അത്ഭുത നാട്.. അത്തരത്തിൽ വ്യത്യസ്തമായ അനുഭവം പകരുന്ന ഇവിടുത്തെ സ്ഥലമാണ് ഗോപേശ്വർ ഓരോ യാത്രയിലും പരമാവധി സ്ഥലങ്ങള്‍ കണ്ടു എന്നു കരുതുമ്പോഴും പിന്നെയും നൂറുകണക്കിന് ഇടങ്ങൾ ബാക്കിയാവും ഉത്തരാഖണ്ഡിൽ. ദേവഭൂമി എന്നറിയപ്പെടുന്ന ഇവിടം പൗരാണിക ഭാരതത്തിലെ പ്രധാന തീർഥാടന കേന്ദ്രമാണ്. ക്ഷേത്രങ്ങളും തീർഥാടന സ്ഥാനങ്ങളും കൂടാതെ സാഹസിക ഇടങ്ങളും തടാകങ്ങളും ഒക്കെയുള്ള കാഴ്ചകൾ ഇവിടെ ഒരുപാടുണ്ട്. അത്തരത്തിൽ വ്യത്യസ്തമായ അനുഭവം പകരുന്ന ഇവിടുത്തെ സ്ഥലമാണ് ഗോപേശ്വർ. തീർഥാടനത്തിനും പ്രകൃതി ഭംഗിക്കും പേരുകേട്ട ഗോപേശ്വറിന്റെ വിശേഷങ്ങളിലേക്ക്....ഉത്തരാഖണ്ഡിലെ അധികമൊന്നും അറിയപ്പെടാത്ത ഇടങ്ങളിലൊന്നാണ് ഗോപേശ്വർ. പ്രകൃതി ഭംഗിയോടൊപ്പം ഒരു തീർഥാടന കേന്ദ്രമായും സന്ദർശകരെ ആകർഷിക്കുന്ന ഇവിടം ഉത്തരാഖണ്ഡിലെ ചമോലി ജില്ലയുടെ ആസ്ഥാനം കൂടിയാണ്. ചില ചരിത്രകാരന്മാർ പറയുന്നതനുസരിച്ച് കൃഷ്ണനിൽ നിന്നുമാണ് ഈ സ്ഥലത്തിന് ഗോപേശ്വർ എന്ന പേര് വന്നതെന്നാണ്. പ്രകൃതി ഭംഗിയുടെ കാര്യത്തിൽ മറ്റൊരു ഇടത്തിനും തകർക്കുവാൻ പറ്റാത്ത നാടാണ് ഗോപേശ്വർ. അതിമനോഹരമായ കാലാവസ്ഥയും ചുറ്റുപാടുകളും പച്ചപ്പും ഒക്കെയാണ് ഈ സ്ഥലത്തിന്റെ പ്രത്യേകതകൾ. ചമോലിയ്ക്ക് ആ പേരു കിട്ടിയതിനു പിന്നിലുള്ള ഇടമായാണ് ചമേലാനാഥ് അറിയപ്പെടുന്നത്. ചമോലാനാഥിന്റെ വിഗ്രഹം നൂറ്റാണ്ടുകൾക്കു മുൻപ് ഭൂമിക്കടിയിൽ നിന്നും ഇവിടെ ഉയർന്നു വന്നു എന്നാണ് വിശ്വാസം. ഉത്തരാഖണ്ഡിന്റെ വിദ്യാഭ്യാസ തലസ്ഥാനം എന്ന വിശേഷണവും ഗോപേശ്വറിനാണ്. യൂണിവേഴ്സിറ്റി ഓഫ് ഗർവാൾ സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. ഇത് കൂടാതെ വേറെയും ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇവിടെയുണ്ട്. ഗോപേശ്വറിലെ ഏറ്റവും പ്രധാന ആകർഷണമാണ് ഗോപിനാഥ് ക്ഷേത്രം. കാത്തിയൂരി വിഭാഗത്തിൽ പെട്ട ഭരണാധികാരികൾ 9-ാം നൂറ്റാണ്ടിനും 11-ാം നൂറ്റാണ്ടിനും ഇടയിലായി നിർമ്മിച്ച ഈ ക്ഷേത്രം ഏറെ പ്രശസ്തമായ തീർഥാടന കേന്ദ്രം കൂടിയാണ്. ശിവനും വിഷ്ണുവിനും ഒരുപോലെ സമർപ്പിച്ചിരിക്കുന്ന ഈ ക്ഷേത്രത്തിൽ ശിവലിംഗമാണ് പ്രധാന പ്രതിഷ്ഠ. പാലും വെള്ളവും ശിവലിംഗത്തിൽ അഭിഷേകം നടത്താത്ത ഏക ക്ഷേത്രം കൂടിയാണിത്. ഒരിക്കൽ ഒരു പശു എല്ലാ ദിവസവും ഇവിടെ വന്ന് ഒരു പ്രത്യേക സ്ഥലത്ത് പാൽ ചുരത്തുമായിരുന്നുവത്ര. ഇതിന്‍റെ പിന്നിലെ രഹസ്യം അന്വേഷിച്ചു പോയ രാജാവ് ഇവിടെ ശിവലിംഗം കണ്ടെത്തുകയും അവിടെ ക്ഷേത്രം സ്ഥാപിക്കുകയും ചെയ്തു എന്നാണ് വിശ്വാസം. രുദ്ര നാഥൻ അഥവാ ശിവന്റെ വാസസ്ഥലമായാണ് ഗോപിനാഥ ക്ഷേത്രം കണക്കാക്കപ്പെടുന്നത്. ചാമുണ്ഡി ദേവി മഹീഷാസുരനെ വധിച്ചു എന്നു വിശ്വസിക്കപ്പെടുന്ന സ്ഥലമാണ് ഗോപേശ്വർ. ഇവിടുത്തെ ചാന്ദികാ ദേവി ക്ഷേത്രത്തിന്റെ കഥകൾ ഇതുമായി ബന്ധപ്പെട്ടാണ്. മാ മഹിഷാസുരർ മർദിനി എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നുണ്ട്. ഉത്തരാഖണ്ഡിലെ എട്ടു സിദ്ധപീഠങ്ങളിൽ ഒന്നുകൂടിയാണ് ഈ ക്ഷേത്രം. ഗോപേശ്വർ ടൗണിൽ നിന്നും 14 കിലോമീറ്റർ അകലെയാണ് പ്രസിദ്ധമായ അനസൂയ ദേവി ക്ഷേത്രവും അത്രി മുനി ആശ്രമവും സ്ഥിതി ചെയ്യുന്നത്. ഇവിടെ എത്തിയാൽ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട ഇടങ്ങളിലൊന്നു കൂടിയാണിത്. ഇവിടുത്തെ സതീ ദേവിക്ക് സമർപ്പിച്ചിരിക്കുന്ന ക്ഷേത്രം ചമോലി ജില്ലയിലെ പ്രധാന തീർഥാടന കേന്ദ്രങ്ങളിൽ ഒന്നുമാണ്. രുദ്രനാഥിലേക്കുള്ള ട്രക്കിങ്ങ് ആരംഭിക്കുന്ന ഇടമാണ് സഗ്ഗാർ ഗ്രാമം. ഗോപേശ്വറിൽ നിന്നും 5 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഇത് തീർച്ചായായും കണ്ടിരിക്കേണ്ട ഒരിടമാണ്. പഞ്ച കേദാർ യാത്രകളിൽ ഏറ്റവും ബുദ്ധിമുട്ടേറിയ യാത്ര കൂടിയായിരിക്കും ഇത്. ഇവിടെ നിന്നും 22 കിലോമീറ്റർ ദൂരമാണ് രുദ്രനാഥിലേക്കുള്ള ദൂരം. ചമോലിയലെ പ്രധാന സ്ഥലങ്ങളിലൊന്നാണ് നന്ദാ പ്രയാഗ്. അളകനന്ദ നദി നന്ദാകിനി നദിയുമായി കൂടിച്ചേരുന്ന ഇടമാണിത്. സമുദ്ര നിരപ്പിൽ നിന്നും 1358 മീറ്റർ ഉയരത്തിൽ ബദ്രിനാഥ് ക്ഷേത്രത്തിലേക്കുള്ള വഴിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ശ്രീകൃഷ്ണന് സമർപ്പിച്ചിരിക്കുന്ന ഗോപാൽജി ക്ഷേത്രവും ഇവിടെയാണുള്ളത്. എല്ലായ്പ്പോഴും പ്രസന്നമായ കാലാവസ്ഥയ്ക്ക് പേരുകേട്ട ഇടമാണ് ഗോപേശ്വർ. അതുകൊണ്ടു തന്നെ എപ്പോൾ വേണമെങ്കിലും ഇവിടം സന്ദര്‍ശിക്കാം. വേനലും തണുപ്പു കാലവുമാണ് ഇവിടെ വരാൻ കുറച്ചുകൂടി യോജിച്ച സമയം. മഴക്കാലത്താണ് ഇവിടെ തീർഥാടകർ അധികമെത്തുന്നത്. ഏപ്രിൽ മുതൽ ജൂൺ വരെ വേനലും ജൂലൈ മുതൽ സെപ്റ്റംബർ അവസാനം വരെ മഴക്കാലവും ഒക്ടോബർ മുതൽ മാർച്ച് അവസാനം വരെ ഇവിടെ തണുപ്പും അധികമായി അനുഭവപ്പെടും. ഡെറാഡൂണിലെ ജോളി ഗ്രാൻഡ് എയർപോർട്ടാണ് ഗോപേശ്വറിന് സമീപത്തുള്ള വിമാനത്താവളം. 227 കിലോമീറ്ററാണ് വിമാനത്താവളത്തിൽ നിന്നും ഇവിടേക്കുള്ള ദൂരം. ഋഷികേശിലും ഹരിദ്വാറിലുമാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും ബസുകളും ടാക്സികളും ലഭ്യമാണ്.