ലോകം ചായ കപ്പിലൊതുങ്ങിയപ്പോൾ കാണാൻ ഡ്ര്യൂ എത്തി

ലോകം ചായ കപ്പിലൊതുങ്ങിയപ്പോൾ കാണാൻ ഡ്ര്യൂ എത്തി 23 രാജ്യങ്ങളിൽ വിജയൻ-മോഹന ദമ്പതികൾ യാത്ര ചെയ്തു ചായ വിറ്റു കിട്ടുന്ന കാശു കൊണ്ട് ലോക യാത്ര നടത്തുന്ന വിജയൻ-മോഹന ദമ്പതികളെ കാണാൻ ലോക സഞ്ചാരിയായ ഡ്ര്യൂ ബിൻസ്കി എത്തി ചായ വിറ്റു കിട്ടുന്ന പണം കൊണ്ട് ലോക യാത്രയോ? പ്രമുഖ വ്ലോഗറും ലോക സഞ്ചാരിയുമായ ഡ്ര്യൂ ബിൻസ്കിയ്ക്ക് ആദ്യം അത് വിശ്വസിക്കാനായില്ല. എന്നാൽ കേരള യാത്രയിൽ ആദ്യം അവരെ തന്നെ കണ്ടു കളയാം എന്ന് തീരുമാനിക്കുകയായിരുന്നു ഡ്ര്യൂ. അങ്ങനെ മലയാളി സുഹൃത്ത് അച്ചുവിനൊപ്പമാണ് ഡ്രൂവും സംഘവും കൊച്ചിയിലെ ഗിരിനഗറിലുള്ള ശ്രീ ബാലാജി ടീ സ്റ്റാളിലെത്തുന്നത്. കടയിൽ വിജയൻ ചേട്ടൻ ചായയടിക്കുന്ന തിരക്കിലാണ്. ഭാര്യ മോഹന വിജയൻ പഴം പൊരിയും മറ്റ് ചെറുകടികളും ഉണ്ടാക്കുകയും വരുന്നവർക്ക് വിളമ്പുകയും ചെയ്യുന്നു. ഒപ്പം സഹായത്തിന് മകൾ ഉഷയും ഭർത്താവ് മുരളിയുമുണ്ട്. ചായക്കടയിൽ വന്ന് വിഡിയോ പകർത്തുന്ന വിദേശികളൊന്നും വിജയൻ ചേട്ടന്റെ കടയിലെ പതിവു കസ്റ്റമേഴ്സിന് ഇപ്പോൾ പുതുമയല്ല. ‍ കഴിഞ്ഞമാസം എബിസി(അമേരിക്കൻ ബ്രോഡ്കാസ്റ്റിങ് കമ്പനി) സംഘം വിജയൻ ചേട്ടന്റെ കഥയറിഞ്ഞ് വന്നിരുന്നു. അതിനു മുമ്പ് തന്നെ കേരളത്തിലെ പത്രങ്ങളിലെല്ലാം വിജയനും മോഹനനും ഒരു ചായക്കടയിൽ നിന്നുള്ള വരുമാനം കൊണ്ട് ലോകം ചുറ്റുന്ന വാർത്ത അച്ചടിച്ചു വന്നിരുന്നു. ഇതിനിടെ ഒരു ഡോക്യുമെന്ററിയുടെ ഷൂട്ടും നടന്നു. കടയിൽ കൗണ്ടറിനോട് ചേർന്ന് ലോകത്തിന്റെ മാപ്പുണ്ട്, തന്റെ യാത്രകളെക്കുറിച്ചു ചോദിക്കുന്നവരോട് വിജയൻ ലോകം കണ്ട കഥകൾ പറയും. മാപ്പിൽ തൊട്ടു കാണിക്കും. തന്റെ ലോക യാത്രയുടെ പടങ്ങളും ഭിത്തിയിലെങ്ങും ചില്ലിട്ടു വച്ചിട്ടുണ്ട്. ഡ്രൂവിനും കൂട്ടർക്കുമായി തന്റെ ലോകയാത്രകളുടെ കഥ മോഹൻ പങ്കുവച്ചു.ഇതു പിടി എന്നു പറഞ്ഞ് ഡ്രൂവിനും കൂട്ടുകാരി ഡെന്നയ്ക്കും ഒരോ ചായ. പിന്നെയാണ് തന്റെ ലോകയാത്രയുടെ കഥകൾ വിജയൻ പറഞ്ഞത്. ചിയേഴ്സ് പറഞ്ഞ് ഇരുവരും ആദ്യ സിപ്പെടുക്കുമ്പോൾ കേരളയാത്രയുടെ മധുരം നുകർന്നു.അപ്പുറത്ത് പേഴ്സണൽ കാമറാമാൻ മൈക്കിൾ വ്ലോഗിനായി വിഡിയോ പകർത്തുന്ന തിരക്കിൽ. മോഹൻ ചേട്ടന്റെയും ഭാര്യയുടെയും കഥകളെല്ലാം ഡ്ര്യൂ കാമറയിൽ പകർത്തി. കഥകളെല്ലാം പറയുമ്പോഴും ചേട്ടൻ തിരക്കിലാണ്. പതിവു ജോലികളെ ഒന്നും ബാധിക്കാതെയാണ് കഥപറച്ചിൽ. മറ്റുള്ളവരോട് പെരുമാറേണ്ടത് എങ്ങനെയെന്നു പഠിച്ചത് യാത്രയിലാണെന്ന് വിജയൻ പറയുന്നു. വീട്ടിൽ നിന്ന് ഇറങ്ങുന്നതും യാത്രയാണ്. യാത്രകൾ തന്റെ കാഴ്ചപ്പാടുകളെ ആകെ മാറ്റിമറിച്ചെന്ന് വിജയൻ പറയുന്നു. ഒമ്പതാം വയസിൽ തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾ പിതാവിനൊപ്പം സഞ്ചരിച്ചാണ് യാത്രകൾ തുടങ്ങുന്നത്. അപ്പോൾ മുതലുള്ള ആഗ്രഹമാണ് ലോകം മുഴുവൻ സഞ്ചരിക്കണമെന്ന്. ദിവസവും രണ്ടു പേരും പത്തു മണിക്കൂർ വീതം ജോലി ചെയ്യും. ജോലിക്കാരില്ലാത്തതിനാൽ അത്രയും ജോലി കൂടി ചെയ്യും. പണം കൂട്ടി വച്ച് യാത്ര ചെയ്യാൻ പറ്റില്ലെന്നു മനസിലാക്കിയപ്പോൾ ബാങ്ക് ലോണെടുത്ത് യാത്ര ചെയ്യാമെന്ന ആശയം ഉയർന്നു വന്നു. അങ്ങനെ ലോണെടുത്താണ് ഇപ്പോഴും യാത്രകൾ ചെയ്യുന്നത്. 45 വർഷമായി ഭാര്യ മോഹനക്കൊപ്പം യാത്ര തുടങ്ങിയിട്ട്. ഇപ്പോൾ 67 വയസുണ്ട്. ഇനിയും മനസിൽ ഒരു സ്വപ്നമേ ഉള്ളൂ, യാത്രകൾ.. ഇതിനകം 23 രാജ്യങ്ങൾ സന്ദർശിച്ചു. ഒരുകാലത്ത് അമേരിക്ക കാണുകയായിരുന്നു വലിയ സ്വപ്നം. 2013ൽ അതു നടന്നു. ഏറ്റവും അവസാനമായി അർജന്റീനയും ബ്രസീലും പെറുവും സന്ദർശിച്ചു വന്നു. സമൂഹമാധ്യമങ്ങളിൽ ഏറ്റവുമധികം ഫോളോവേഴ്സുള്ള സഞ്ചാരികളിൽ ഒരാളാണ് ഡ്ര്യൂ ബിൻസ്കി. അമേരിക്കൻ പൗരനാണെങ്കിലും ബാങ്കോക്കിലാണ് താമസം. താമസം എന്നൊന്നും പറയാനാവില്ല. ലോകസഞ്ചാരത്തിനിടെ തിരിച്ചു ചെല്ലാനൊരിടം. ഇതിനിടെ സഞ്ചരിച്ച 153 രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരക്കുറിപ്പുകളും വിഡിയോകളും യുട്യൂബിലും ഫേസ്ബുക്കിലും എല്ലാം ഡ്ര്യൂ പങ്കുവച്ചിട്ടുണ്ട്. കൊച്ചിയിൽ ജൂതത്തെരുവും സിനഗോഗും കാമറയിൽ പകർത്തി തന്റെ വ്ലോഗുകളിൽ പ്രസിദ്ധീകരിക്കും. ഒപ്പം കേരളത്തിലെ തന്റെ ആരാധകരുമായി യാത്രാനുഭവങ്ങൾ പങ്കുവയ്ക്കുന്നതിനു കൂടിയാണ് കേരള യാത്ര. ആലപ്പുഴ ബോട്ടിലൂടെയും യാത്ര ചെയ്യുന്നതിന് പദ്ധതിയുണ്ട്. ബിനാലെയുടെ ദൃശ്യങ്ങളും പകർത്തും. കൊല്ലം കൂടി സന്ദർശിച്ച് മധുരയിലേയ്ക്കും പിന്നീട് പോണ്ടിച്ചേരിയിലേയ്ക്കും പോകാനാണ് പദ്ധതി. 193 രാജ്യങ്ങളിലും എത്തിപ്പെടുകയെന്ന ദൗത്യം പൂർത്തിയാക്കാൻ ഇനി ഡ്ര്യൂവിന് 40 രാജ്യങ്ങൾ കൂടി സന്ദർശിക്കണം. ഇന്ത്യയിൽ 2015 ൽ എത്തിയിരുന്നെങ്കിലും അന്ന് കേരളം കാണാനായില്ല. അത് പരിഹരിക്കാനാണ് ഈ യാത്രയെന്ന് ഡ്ര്യൂ പറയുന്നു