ബജറ്റ് ഫ്രണ്ട്‌ലി കൺട്രി

ബജറ്റ് ഫ്രണ്ട്‌ലി കൺട്രി


അതിമനോഹരമായ പർവതങ്ങൾ, മാറ്റേറും സംസ്കാരം, സമ്പന്നമായ പൈതൃകം, യക്ഷിക്കഥകളിലേതുപോലെ നിഗൂഢതകൾ ഒളിപ്പിച്ച അനേകം കോട്ടകൾ എന്നിവയാൽ അർമേനിയ യൂറോപ്പിലെ ഏറ്റവും മികച്ച വിനോദസഞ്ചാരയിടങ്ങളിലൊന്നാണ്. ഈ യുറേഷ്യൻ രാജ്യത്തിന് പരുക്കൻ ഭൂപ്രദേശമാണ് ഉള്ളതെങ്കിലും മനോഹരമായ ലാൻഡ്സ്കേപ്പുമുണ്ട്.അർമേനിയ എന്ന പേര് കേട്ടിട്ടുണ്ടാകും. ജോർജിയ, അസർബൈജാൻ, ഇറാൻ എന്നീ രാജ്യങ്ങൾക്കടുത്തുള്ള മനോഹരരാജ്യം. യൂറോപ്പിനും ഏഷ്യക്കും ഇടയിലാണ് അർമേനിയ. തൊട്ടടുത്തായി കാസ്പിയൻ കടൽ. അർമേനിയയുടെ തലസ്ഥാനം യെരവാനാണ്. ഇന്ന് കൂടുതൽ സന്ദർശകരെത്തുന്ന രാജ്യം കൂടിയാണ് അർമേനിയ. ഇന്ത്യൻ പാസ്പോര്‍ട്ട് ഉള്ളവർക്ക് വീസ ഓൺ അറൈവലിലൂടെ അർമേനിയയിൽ എത്താം.

വളരെ കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാവുന്ന രാജ്യമാണ് അർമേനിയ. വികസന പാതയിലെ തുടക്കക്കാർ ആയതിനാലും മറ്റ് യൂറോപ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് ചെലവുകൾ കുറവായതിനാലും ഇപ്പോൾ അനേകം വിനോദ സഞ്ചാരികൾ എത്തുന്നുണ്ട്. ഭക്ഷണം, താമസം, ഇന്ധനം, മ്യൂസിയങ്ങളും മറ്റും സന്ദർശിക്കുന്നതിനുള്ള ടിക്കറ്റുകൾ എന്നിവയ്ക്കെല്ലാം വളരെ മിതമായ നിരക്കാണ്. ഏകദേശം 5 ദിവസം അർമേനിയയിൽ തങ്ങുന്ന രണ്ടു പേർക്ക് ഏതാണ്ട് 190 യൂറോ മാത്രമാണ് ചെലവു വരുന്നത്. അതായത്, പ്രതിദിനം ഒരാൾക്ക് 20 യൂറോയിലും കുറവ്. വാഹനം വാടകയ്ക്ക് എടുക്കുകയാണെങ്കിൽ കുറച്ചു കൂടി വരുമെന്നു മാത്രം. ഭക്ഷണവും താമസവും ഏറ്റവും കുറഞ്ഞ നിരക്കിലായിരിക്കും ലഭിക്കുക.ബാർബിക്യു ചെയ്തതും ഗ്രിൽ ചെയ്‌തതുമായ ഭക്ഷണം ആണ് അർമേനിയയിൽ. എല്ലാം വളരെ രുചികരം. റസ്റ്ററന്റുകളിൽ പോലും അർമേനിയൻ ഭക്ഷണം വളരെ വിലകുറഞ്ഞതാണ് . 5-10 യൂറോ കൊണ്ട് രണ്ടു പേർക്ക് നല്ലൊരു റസ്റ്ററന്റിൽ വളരെ നല്ല ഭക്ഷണം കഴിക്കാം.

വളരെ ഭംഗിയുള്ള ഭൂപ്രകൃതിയാലും ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും പ്രത്യേകതയാലും സഞ്ചാരികളുടെ മനസ്സിൽ ഇടം പിടിച്ച രാജ്യം കൂടിയാണിത്.  രാജ്യത്തെ പ്രധാന സിറ്റിയായ യെരവാനിൽ കാഴ്ചകൾ ഒരുപാടുണ്ട്. യെരവാനിലെ റിപ്പബ്ലിക്ക് സ്‌ക്വയറിൽ കുറച്ചു സമയം ചിലവഴിക്കാം. ലേക് സേവാൻ എന്നറിയപ്പെടുന്ന തടാകവും ആകർഷകമാണ്. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ കേബിൾ കാർ സവാരി ആസ്വദിക്കുന്നത് മുതൽ വൊറോട്ടൻ മലയിടുക്കിലെ മനോഹരമായ പ്രകൃതിദൃശ്യങ്ങളിലൂടെ ഒരു റോഡ് ട്രിപ്പ് പോകുന്നതടക്കം നിരവധി കാര്യങ്ങളുണ്ട് അർമേനിയയിൽ ആസ്വദിക്കാൻ.കേബിൾ കാർ റൈഡിൽ അർമേനിയയുടെ സൗന്ദര്യം മുഴുവൻ കാണാം. അർമേനിയ മ്യൂസിയം, വെർണിസാജ് മാർക്കറ്റ് എന്നിവ ലിസ്റ്റിൽ പെടുത്താം.ഇവിടുത്തെ വേറൊരു പ്രധാന സ്ഥലം ഗാർനി ടെംപിളാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള, യുനെസ്കോ ഹെറിറ്റേജ് ലിസ്റ്റിൽ പെടുത്തിയ ക്ഷേത്രമാണ് ഗാർനി. അർമേനിയൻ രാജവംശത്തിന്റെ വേനൽക്കാല താമസ സ്ഥലമായിരുന്നു ഇത്.ക്ഷേത്ര ഡിസൈനുകൾ അദ്ഭുതപ്പെടുത്തും. അർമേനിയയിൽ വരുന്ന സഞ്ചാരികൾ ഗാർനി ടെംപിൾ കാണാൻ മറക്കരുത്.

തലസ്‌ഥാനമായ യെരവാനിന് പുറത്ത് അധികമാരും ഇംഗ്ലിഷ് സംസാരിക്കാറില്ല.അർമേനിയയിലെ പുരാതന ഹാർട്ടിൻ മോണാസ്ട്രികൾ കാണാൻ സമയം കുറച് നീക്കി വയ്ക്കാം. പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം അൽപമെങ്കിലും അർമേനിയൻ ഭാഷ പഠിച്ചിരിക്കണം എന്നതാണ്. അറിയില്ല എന്ന് കരുതി വിഷമിക്കേണ്ട. അർമേനിയൻ ജനത സഹായമസ്ഥിതിയുള്ളവരാണ്. അവർ വളരെ സൗഹൃദത്തോടുകൂടിയാണ് ആരോടും പെരുമാറുന്നത്. റോഡ് സിഗ്നലുകൾ ഇംഗ്ലിഷിലും അർമേനിയൻ ഭാഷയിലുമാണ്.അർമേനിയയെ ആദ്യത്തെ ക്രിസ്ത്യൻ രാജ്യമായി കണക്കാക്കുന്നു. ക്രിസ്തുവർഷം 301-ൽ ക്രിസ്തുമതം ഭരണകൂട മതമായി അർമേനിയയിൽ നടപ്പാക്കപ്പെട്ടു. അർമേനിയയിൽ മുമ്പുതന്നെ ഇത് അവതരിപ്പിക്കപ്പെട്ടുവെങ്കിലും, ഒന്നാം നൂറ്റാണ്ടിൽ ക്രിസ്തുവിന്റെ ശിഷ്യന്മാരായ ബാർത്തലോമിയോവും തദേയൂസും ചേർന്നാണ് ഇത് അവതരിപ്പിച്ചത്. “അർമേനിയൻ ലോകത്തെ ഇല്ല്യൂമിനേറ്ററുകൾ” എന്നാണ് അവർ അറിയപ്പെടുന്നത്. ഇന്നും അർമേനിയ വളരെ യാഥാസ്ഥിതികവും മതപരവുമായ രാജ്യമാണ്, ജനസംഖ്യയുടെ 95% അർമേനിയൻ അപ്പസ്തോലികരാണ്.അർമേനിയ പൊതുവെ സുരക്ഷിതമായ രാജ്യമാണ്. കൊച്ചിയിൽനിന്ന് അർമേനിയയുടെ തലസ്ഥാനമായ യെരവാനിലേക്ക് ഫ്ളൈറ്റ് സർവീസുമുണ്ട്.