ചെരിപ്പിടാത്ത ഒരു ഗ്രാമം

തമിഴ്നാട്ടിലെ ആന്‍ഡമാൻ, ഗ്രാമത്തിനുള്ളിൽ കയറുമ്പോൾ ചെരിപ്പ് അഴിച്ചുവയ്ക്കേണ്ട ഒരിടം കാലമെത്ര മുന്നോട്ട് പോയാലും കേൾക്കുമ്പോൾ വിശ്വസിക്കുവാൻ പ്രയാസം തോന്നുന്ന പല ആചാരങ്ങളും ഇന്നും നമ്മുടെ നാട്ടിൽ നിലനിൽക്കുന്നുണ്ട്. തലമുറകളിലൂടെ കൈമാറി വന്ന ശീലങ്ങളും ആചാരങ്ങളും മാറ്റുവാൻ പുറമേ നിന്നു നോക്കുന്നവർക്ക് എല്ലായ്പ്പോഴും അമ്പരപ്പായിരിക്കും നല്കുക. അത്തരത്തിൽ ഇപ്പോഴും ഇങ്ങനെയൊക്കെയുണ്ടോ എന്നു അത്ഭുതപ്പെടുത്തുന്ന ഒരിടമാണ് തമിഴ്നാട്ടിലെ ആന്‍ഡമാൻ. പേരിൽ നിന്നു തന്നെ തുടങ്ങുന്നു ഈ ചെറിയ ഗ്രാമത്തിന്റെ വിശേഷങ്ങൾ. ഗ്രാമത്തിൻറെ അതിർത്തിവരെ പാദരക്ഷ അണിയുകയും ഗ്രാമത്തിനുള്ളിൽ കയറുമ്പോൾ ചെരിപ്പ് അഴിച്ചുവയ്ക്കുകയും ചെയ്യുന്ന വിചിത്ര ആചാരമുള്ള ആൻഡമാനിന്റെ വിശേഷങ്ങൾ. ആൻഡമാൻ എന്നു കേട്ടു പരിചയിച്ച നമ്മുടെ ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹമല്ല ഇത്. തമിഴ്നാട്ടിൽ മധുര ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ തനി തമിഴ്നാടൻ കാർഷിക ഗ്രാമമാണ് ആന്‍ഡമാൻ. വിശ്വാസങ്ങളും ആചാരങ്ങളും ഒക്കെയായി പ്രകൃതിയോട് ചേർന്നു ജീവിക്കുന്ന ഒരു നാടും നാട്ടുകാരുമാണ് ഇവിടെയുള്ളത്. ഗ്രാമത്തിനുള്ളിൽ നഗ്നപാദരായി നടക്കുന്ന ആളുകൾ എന്ന നിലയിലാണ് ഇവിടം വാർത്തകളിൽ ഇടം നേടുന്നത്. തലമുറകളായി ഇവിടെ പാലിച്ചു വരുന്ന ഒരു ആചാരമാണിത്. ഗ്രാമത്തിനു വെളിയിൽ പോകുമ്പോൾ വീട്ടിൽ നിന്നും ഗ്രാമത്തിനു പുറത്തെത്തുന്നതു വരെ ചെരിപ്പ് കയ്യിൽ സൂക്ഷിക്കുകയും അതിർത്തി കടന്നാൽ കാലിലിടുകയും ചെയ്യുകയാണ് ഇവിടുത്തെ ആചാരം. തിരികെ വരുമ്പോൾ അതിർത്തിയിൽ വെച്ച് ചെരിപ്പൂരി കയ്യിൽ പിടിച്ച് നഗ്നപാദരായാണ് ഗ്രാമത്തിനുള്ളിലേക്ക് കടക്കുന്നത്. എന്നു തൊട്ടാണ് ഇങ്ങനെയൊരു ആചാരം ഇവിടെ തുടങ്ങിയതെന്നു ചോദിച്ചാൽ കൃത്യമായ ഒരുത്തരമില്ല. നാലു തലമുറകള്‍ക്കു മുൻപാണ് ഇവിടെ ഇങ്ങനെ ഒന്ന് തുടങ്ങിയതെന്നാണ് ഗ്രാമീണർ ഓർമിക്കുന്നത്. ഗ്രാമദേവതയോടുള്ള ആദരവ് പ്രകടിപ്പിക്കാനാണത്രെ ഗ്രാമത്തിലൂടെ നടക്കുമ്പോൾ അവർ പാദരക്ഷകൾ ഊരി വയ്ക്കുന്നത്. ഗ്രാമത്തിന്റെ ദേവതയായി ആരാധിക്കുന്നത് മുത്തിയാലമ്മയെയാണ് . ശക്തിയേറിയ ഈ ദേവിയോടുള്ള ഭക്തിയും ആദരവുമാണ് ചെരിപ്പ് അഴിച്ചു മാറ്റുന്നതിലൂടെ ഗ്രാമീണർ പ്രകടിപ്പിക്കുന്നത്. എന്നാൽ ചെരിപ്പ് അഴിച്ചു മാറ്റണം എന്ന് ഇവർ ആരെയും നിർബന്ധിക്കാറില്ല. ചെറിയ കുട്ടികൾ മുതൽ പ്രായമായവർ വരെ വിശ്വാസത്തിന്റെയും ആചാരത്തിന്റെയും പേരില്‍ ഇത് നടപ്പാക്കുന്നു. മാത്രമല്ല, തീരെ പ്രായമുള്ള ആളുകൾ ചെരിപ്പ് ഉപയോഗിക്കുന്നതും കാണാം. ഇവിടെ എത്തുന്നവരെ എന്തുകൊണ്ടാണ് ഇങ്ങനെയൊരു ആചാരമെന്ന് ഇവർ പറ‍ഞ്ഞു മനസ്സിലാക്കുവാൻ ശ്രമിക്കുമെങ്കിലും ആരെയും തങ്ങളുടെ ആചാരം പിന്തുടരണമെന്ന് നിർബന്ധിക്കാറില്ല. ഒരു ക്ഷേത്രത്തിന്‍റെ ഭാഗം പോലെ വിശുദ്ധമായാണ് അവർ ഈ പ്രദേശത്തെ കാണുന്നത്. ഒരിക്കൽ മുത്യാലമ്മയോടുള്ള ആദരവായി ഇവിടെ കളിമണ്ണുകൊണ്ട് ഒരു വിഗ്രഹം സ്ഥാപിച്ചു. ആ സമയത്ത് ഇവിടെ എത്തിയ ഒരാൾ ചെരിപ്പുമായി ഗ്രാമത്തിനുള്ളിൽ പ്രവേശിച്ചു. കുറച്ച് നടന്നു കഴിഞ്ഞ് താഴെ വീണ അയാൾക്ക് കഠിനമായ പനി പിടിപെട്ടുവെന്നും മാസങ്ങളെടുത്തു അതിൽ നിന്നും രക്ഷപെടുവാൻ എന്നും ഇവിടുത്തെ ഗ്രാമീണർ ഓർത്തെടുക്കുന്നു. ഇവിടെ ഇപ്പോൾ ഏകദേശം 130 കുടുംബങ്ങളാണുള്ളത്. പുതിയ തലമുറയിൽ പെട്ടവർ പുറം നാടുകളിൽ ജോലിയും കുടുംബവുമായി കഴിയുകയാണ്. ഇവിടെ വരുമ്പോൾ അവർ ഇവിടുത്തെ ആചാരങ്ങളാണ് പിന്തുടരുന്നത്.ചെന്നൈയില്‍ നിന്നും 450 കിലോമീറ്റർ അകലെ മധുരയിലാണ് ആൻഡമാൻ സ്ഥിതി ചെയ്യുന്നത്. ചെന്നൈയിൽ നിന്നും ഇവിടേക്ക് 7.5 മണിക്കൂർ ഡ്രൈവിങ്ങ് ദൂരമുണ്ട്. andaman in tamil nadu which doesnot wear chappals when they enters in