ശൂന്യമായ ശ്രീകോവിലിലെ അദൃശ്യയായ ദേവി

ശൂന്യമായ ശ്രീകോവിലിലെ അദൃശ്യയായ ദേവി സതീ ദേവിയുടെ ശരീര ഭാഗങ്ങൾ വീണതിൽ ഹൃദയം പതിച്ച ഇടമായാണ് അംബാജി ക്ഷേത്രം അറിയപ്പെടുന്നത് ശൂന്യമായിരിക്കുന്ന ശ്രീകോവിൽ... അവിടെ അദൃശ്യമായിരിക്കുന്നു എന്നു വിശ്വസിക്കപ്പെടുന്ന ദേവി...വിചിത്രമായ വിശ്വാസങ്ങൾ കൊണ്ടും ആചാരങ്ങൾ കൊണ്ടും പ്രസിദ്ധമായ ക്ഷേത്രമാണ് ഗുജറാത്തിലെ അംബാജി ക്ഷേത്രം. വേദകാലത്തിനും മുന്നേ, ഭാരതത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീർഥാടന കേന്ദ്രങ്ങളിലൊന്ന് എന്ന ബഹുമതിയ്ക്കർഹമായ അംബാജി, സതീ ദേവിയുടെ 51 ശക്തിപീഠങ്ങളിലൊന്നായാണ് അറിയപ്പെടുന്നത്. കൊടുംകാടുകളാൽ ചുറ്റപ്പെട്ട് കിടക്കുന്നതാണെങ്കിലും അതെല്ലാം താണ്ടി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിശ്വാസികൾ എത്തിച്ചേരുന്ന അരസുരി അംബാജി മാതാ ക്ഷേത്രത്തിന്റെ വിശേഷങ്ങളും പ്രത്യേകതകളും... ഗുജറാത്തിലെ ഏറ്റവും പ്രത്യേകത നിറഞ്ഞ ക്ഷേത്രങ്ങളിലൊന്നാണ് അരസുരി അംബാജി മാതാ ക്ഷേത്രം. ശക്തിദേവിയായ സതി ദേവിയുടെ ഹൃദയം പതിച്ചു എന്നു വിശ്വസിക്കപ്പെടുന്ന സ്ഥാനമാണിത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തീർഥാടകർ ഇവിടെ എത്തുന്നു. ഗുജറാത്തിലാണ് സ്ഥിതി ചെയ്യുന്നതെങ്കിലും ഗുജറാത്തിന്‍റെയും രാജസ്ഥാന്റെയും അതിർത്തിയിലായാണ് ഇതുള്ളത്. ബനാസ്കാന്ത ജില്ലയിലെ ഡാന്‍റ താലൂക്കില്‍ ഗബ്ബാര്‍ കുന്നിന്‍റെ മുകളിലാണ് അംബാജി മാതായുടെ പീഠം സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പിൽ നിന്നും 1600 അടി ഉയരത്തിലാണ് ഇവിടമുള്ളത്. ഹൈന്ദവ വിശ്വാസമനുസരിച്ച് സതീ ദേവിയുടെ ശക്തി പീഠങ്ങളിലൊന്നായാണ് ഇതിനെ കണക്കാക്കുന്നത്. 51 ശക്തി പീഠങ്ങളിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒരു ക്ഷേത്രം കൂടിയാണിത്. തന്റെ പിതാവിൻറെ അവഗണനയെത്തുടർന്ന് പ്രാണത്യാഗം ചെയ്ത സതീദേവിയുമായി ബന്ധപ്പെട്ടതാണ് ശക്തിപീഠം. സതീദേവിയുടെ ആത്മാഹുതിയെതുടർന്ന് കുപിതനായ ശിവൻ ദേവിയുടെ ശരീരവും വഹിച്ച് അലഞ്ഞു തിരിയുവാൻ തുടങ്ങി. ഇത് കണ്ട വിഷ്ണു ശിവനെ ഇതിൽ നിന്നും മോചിതനാക്കുന്നതിനായി സുദർശനചക്രം കൊണ്ട് സതിയുടെ ശരീരത്തെ ഖണ്ഡിച്ചു. ശരീരം 51 ഭാഗങ്ങളായി ഭൂമിയുടെ വിവധ ഭാഗങ്ങളിൽ പതിച്ചു. ഈ സ്ഥലങ്ങളാണ് ശക്തി പീഠം എന്ന പേരിൽ അറിയപ്പെടുന്നത്. സതീ ദേവിയുടെ ശരീര ഭാഗങ്ങൾ വീണതിൽ ഹൃദയം പതിച്ച ഇടമായാണ് അംബാജി ക്ഷേത്രം അറിയപ്പെടുന്നത്. അതുകൊണ്ടുതന്നെ ഏറ്റവും ശക്തിയേറിയതും പ്രശസ്തവുമായ ശക്തിപീഠം കൂടിയാണിത്. മറ്റു ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി കുറേ കാര്യങ്ങൾ ഇവിടെ കാണാം. ക്ഷേത്രത്തിലെ ശ്രീകോവിലിൽ പ്രത്യേകിച്ചു വിഗ്രഹങ്ങൾ ഒന്നും പ്രതിഷ്ഠിക്കപ്പെട്ടിട്ടില്ല. പകരം ഒട്ടേറെ പ്രത്യേകതകളുള്ള ശ്രീ യന്ത്രമാണത്രെ ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. അതാകട്ടെ നഗ്ന നേത്രങ്ങൾ കൊണ്ടു കാണുവാനും സാധിക്കില്ല. എങ്കിലും ഇതിന്റെ ഉള്ളിൽ ഒരു ഭാഗം പൂജാരികൾ മാലയിട്ടും മറ്റും അലങ്കരിച്ചു വയ്കകാറുണ്ട്. ദൂരെ നിന്നും നോക്കുമ്പോൾ ദേവി ഇവിടെ കുടിയിരിക്കുന്നു എന്നു തോന്നാനാണത്രെ ഇത്. ആളുകളെ ഇതിനുള്ളിലേക്ക് കയറ്റുന്നത് കണ്ണുമൂടിക്കെട്ടിയിട്ടാണ്. മാത്രമല്ല, ഇവിടെ ഫോട്ടോഗ്രഫി അനുവദിക്കാറുമില്ല. പ്രത്യേകിച്ച് കാണാൻ സാധിക്കുന്ന പ്രതിഷ്ഠ ഇവിടെ ഇല്ലല്ലോ. അതിനാൽ അകക്കണ്ണിൽ ദൈവത്തെ കണ്ടുകൊണ്ടാണ് ഇവിടെ പ്രാർഥിക്കേണ്ടത് എന്നാണ് പറയുന്നത്. പു രാണങ്ങളും ഈ ക്ഷേത്രത്തെക്കുറിച്ച് ഏറെ വിവരിക്കുന്നുണ്ട്. വനവാസക്കാലത്ത് പാണ്ഡവർ ഇവിടെയും എത്തിയിരുന്നുവത്രെ.പൂർണ്ണ ചന്ദ്രനുദിക്കുന്ന പൗർണ്ണമിയിലാണ് ഇവിടെ ഏറ്റവും അധികം വിശ്വാസികൾ എത്തുന്നത്. ഗബ്ബാര്‍ കുന്നിന്റെ മുകളിൽ അന്നേ ദിവസം നടക്കുന്ന ആഘോഷങ്ങളിൽ പങ്കെടുക്കുക എന്നതാണ് ഇവരുടെ പ്രധാന ലക്ഷ്യം. അംബാജിയിലെ ഏറ്റവും പ്രധാന ആഘോഷം നവരാത്രി നാളുകളിലാണ്. ഗുജറാത്തിലെ എല്ലാ വിശ്വാസികളും പ്രത്യേകിച്ച്, പുറംനാടുകളിലുള്ളവർ ഈ ദിവസങ്ങളിൽ ഇവിടെ എത്തുവാൻ ശ്രമിക്കും. ഇവിടുത്തുകാരുടെ നാടോടി നൃത്തങ്ങളും മറ്റ് നാടൻ കലകളും ഒക്കെ ഈ സമയത്ത് ഇവിടെ നടക്കും. ജൂലൈ മാസത്തിൽ നടക്കുന്ന ബാദർവി പൂജയും ഇവിടുത്തെ പ്രധാന ആഘോഷമാണ്. ദീപാവലിയും ഇവിടെ ആഘോഷിക്കാറുണ്ട്. ആഴ്ചയിൽ ഏഴു ദിവസവും അംബാജി ക്ഷേത്രം ആരാധനയ്ക്കായി തുറക്കാറുണ്ട്. രാവിലെ 7.00 മുതൽ 11.30 വരെയും ഉച്ചയ്ക്ക് 12.30 മുതൽ 4.30 വരെയും വൈകിട്ട് 6.30 മുതൽ രാത്രി 9.00 വരെയുമാണ് ഇവിടെ പ്രവേശനം അനുവദിച്ചിരിക്കുന്നത്.ആറിലധികം വേറെയും ക്ഷേത്രങ്ങൾ ഇവിടെ ഗ്രാമത്തിനു ചുറ്റുമായി കാണുവാൻ സാധിക്കും. വരാഹി മാതാ, അംബികേശ്വർ മഹാദേവ് ക്ഷേത്രം, ഗണപതി ക്ഷേത്രം,ചാചാർ ചൗക്, കോടിയാർ മാത, അജയ മാതാ, ഹനുമാൻജി ക്ഷേത്രം തുടങ്ങിയവയാണ് സമീപത്തെ ക്ഷേത്രങ്ങൾ.ഗുജറാത്തിന്‌റെയും രാജസ്ഥാന്റെയും അതിർത്തിയിൽ നിന്നും 4.5 കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ഗബ്ബാർ കുന്ന് ഇവിടുത്തെ മറ്റൊരു പ്രധാന കേന്ദ്രമാണ്.