പ്രസിഡൻഷ്യൽ പാലസ് സഞ്ചാരികൾക്കായി തുറന്നു

അറേബ്യൻ വാസ്തുവിദ്യയിൽനിർമ്മിച്ച അബുദാബിയിലെ പ്രസിഡൻഷ്യൽ പാലസ് സഞ്ചാരികൾക്കായി തുറന്നു .ഇത്രയും കാലം പുറത്തു നിന്നും മാത്രം ആസ്വദിച്ച ആ നിർമിതിയുടെ സൗന്ദര്യവും കൊട്ടാരത്തിന്റെ അകത്തളങ്ങളും സഞ്ചാരികൾക്കായി തുറന്നു കൊടുത്തിരിക്കുകയാണ്. പ്രൗഢിയും പരമ്പരാഗത ശൈലിയും ഒത്തുചേർന്നിരിക്കുന്ന കൊട്ടാര കാഴ്ചകൾ സന്ദർശകരിൽ വിസ്മയത്തിന്റെ തിരയിളക്കമുണ്ടാക്കുമെന്ന കാര്യത്തിൽ സംശയമേയില്ല. മാർച്ച് പതിനൊന്നാം തീയതി മുതൽ കൊട്ടാരത്തിന്റെ അകത്തളകാഴ്ചകൾ സഞ്ചാരികൾക്കു പ്രാപ്യമാകുന്നത്. അബുദാബിയിലെ വത്സരങ്ങൾ പഴക്കമുള്ള വാസ്തുശില്പ ചാതുര്യം സന്ദർശകരുടെ മനസുനിറയ്ക്കുന്നത്രയും വിഭവങ്ങൾ നിറഞ്ഞതാണ്.അറേബ്യൻ വാസ്തുവിദ്യയിൽ പണിതീർത്തിരിക്കുന്ന ഈ കൊട്ടാരത്തിനു അറബിയിൽ 'ഖസ്ർ അൽ വാതൻ' എന്നാണ് പേര്. 'രാജ്യത്തിൻറെ കൊട്ടാരം' എന്നാണ് ഇതിനർത്ഥം. ലോകജനതയ്ക്കിടയിൽ സാംസ്‌കാരിക അറിവും ആശയവും പ്രചരിപ്പിക്കുന്ന നവീന സ്മാരകമായാണ് ഈ കൊട്ടാരം പരിഗണിക്കപ്പെടുന്നത്. യു എ ഇ യുടെ പാരമ്പര്യത്തെക്കുറിച്ചും ആ രാജ്യം പിന്തുടർന്നുപോരുന്ന മൂല്യങ്ങളെക്കുറിച്ചും അറിവുപകർന്നു നൽകുന്നതിനുള്ള അവസരങ്ങൾ കൊട്ടാരം സന്ദർശിക്കുന്നവർക്കായി ഒരുക്കിയിട്ടുണ്ട്. ആ രാജ്യത്തിൻറെ സാംസ്കാരിക ചരിത്രത്തോടൊപ്പം കൊട്ടാരത്തിന്റെ ശാസ്ത്രീയ, ബൗദ്ധിക വശങ്ങളെക്കുറിച്ചും സന്ദർശകർക്കു മനസിലാക്കുന്നതിനുള്ള സൗകര്യങ്ങളും അവിടെയുണ്ട്.മാർച്ച് പതിനൊന്നാം തീയതി ഉച്ചയോടെയാണ് പൊതുജനങ്ങൾക്കും സഞ്ചാരികൾക്കുമായി കൊട്ടാരം തുറന്നു കൊടുക്കപ്പെട്ടത്. പ്രസിഡൻഷ്യൽ പാലസ് സന്ദർശിക്കുന്നതിന് ചെറിയൊരു തുക പ്രവേശന തുക നൽകേണ്ടതാണ്. മുതിർന്നവർക്ക് 60 ദിർഹവും നാല് മുതൽ 17 വയസു വരെയുള്ളവർക്കു 30 ദിർഹവുമാണ് ഈടാക്കുന്നത്. ദിവസവും രാവിലെ പത്തുമണി മുതൽ മുതൽ രാത്രി എട്ടുമണി വരെയാണ് സന്ദർശകർക്ക് പ്രവേശനം. കൊട്ടാരത്തിനു ചുറ്റുമുള്ള പൂന്തോട്ടം മാത്രം കാണാനും അതിഥികളെ അനുവദിക്കുന്നതാണ്. അതിനു മാത്രമായി മുതിർന്നവർക്ക് 25 ദിർഹവും കുട്ടികൾക്ക് 12 ദിർഹവും പ്രവേശന നിരക്കായി നൽകേണ്ടതാണ്.അതിഥികൾക്ക് ക്ഷീണവും വിശപ്പും അകറ്റാൻ ഭക്ഷ്യശാലകളും വിശ്രമകേന്ദ്രങ്ങളുമുണ്ട്. കൂടാതെ പ്രാർത്ഥനാമുറികളും ഒരുക്കിയിട്ടുണ്ട്. കൊട്ടാരത്തിന്റെ അകത്തു ആ നാടിന്റെ സാംസ്‌കാരിക, രാഷ്ട്രീയ, സാമൂഹിക ചരിത്രം പറയുന്ന നിരവധി ഗ്രന്ഥങ്ങളുടെ ശേഖരമുണ്ട്. കൂടാതെ, തങ്ങളുടെ സാംസ്‌കാരിക പാരമ്പര്യം വിളിച്ചുപറയുന്ന പ്രദർശനങ്ങളും ഇവിടെ കാണാവുന്നതാണ്. കൊട്ടാരത്തിന്റെ പടിഞ്ഞാറു ഭാഗത്തു രാജ്യത്തിൻറെ രൂപീകരണത്തെക്കുറിച്ചും അവിടുത്തെ ഭരണപ്രവർത്തനങ്ങളെക്കുറിച്ചും അതിഥികൾക്കു ധാരണ നൽകുന്ന വിവരങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നു. കൊട്ടാരത്തിന്റെ കിഴക്കു ഭാഗത്തു പൗരാണിക ലിഖിതങ്ങൾ, കരകൗശല വസ്തുക്കൾ, അറബികൾ ലോകത്തിനു സമ്മാനിച്ച ശാസ്ത്രം, കല, സാഹിത്യം എന്നിവയെക്കുറിച്ചുള്ള വിവരണങ്ങളും പ്രദർശനങ്ങളും കാണാൻ കഴിയുന്നതാണ്.പ്രസിഡൻഷ്യൽ പാലസ് യഥാർത്ഥത്തിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, അബുദാബിയിലെ രാജകുമാരൻ എന്നിവരുടെ ഔദ്യോഗിക വസതിയാണ്.നിലവിൽ യു എ ഇ ക്യാബിനറ്റിന്റെയും ഫെഡറൽ സുപ്രീം കൗൺസിലിന്റെയും പൊതുസമ്മേളന സ്ഥലം കൂടിയാണത്. സന്ദർശകർക്കായി കൊട്ടാരം തുറന്നു കൊടുക്കുക എന്നത് പ്രസിഡന്റിന്റെയും രാജകുടുംബാംഗങ്ങളുടെയും ഔദ്യോഗിക തീരുമാനമായിരുന്നു.കൊട്ടാരം സന്ദർശിക്കാൻ എല്ലാവര്‍ക്കും അനുമതിയുണ്ടെങ്കിലും ചില നിബന്ധനകൾ പാലിച്ചാലേ പ്രവേശനം ലഭിക്കുകയുള്ളു. അൽപവസ്ത്ര ധാരിണികൾക്കു കൊട്ടാരത്തിലേയ്ക്കു കടക്കാൻ അനുമതിയില്ല. സ്ത്രീകൾ കൈ മുഴുവൻ മറയ്ക്കുന്ന വസ്ത്രങ്ങളും പുരുഷന്മാർ പാന്റ്സും ധരിക്കണമെന്നതു നിർബന്ധമാണ്. നടക്കാൻ പ്രയാസമുള്ളവർക്കു കൊട്ടാരത്തിന്റെ ഗേറ്റിൽ നിന്നും ആരംഭിക്കുന്ന ബസ് സർവീസ് പ്രയോജനപ്പെടുത്താവുന്നതാണ്