ആചാരങ്ങൾ ഉറങ്ങി ലേപാക്ഷി

 ലേപാക്ഷി എന്നാല്‍ 'ഉണരും പക്ഷി' എന്നര്‍ത്ഥം. സീതാപഹരണവേളയില്‍ രാവണനാല്‍ ചിറകരിഞ്ഞ് വീഴ്ത്തപ്പെട്ട ജടായുവിനെ കണ്ടുമുട്ടിയ ശ്രീരാമന്‍ പറഞ്ഞ വാക്കുകളാണിവ. പക്ഷിശ്രേഷ്ഠനായ ജടായുവിന് മോക്ഷം ലഭിച്ച ഈ ഇതിഹാസഭൂമി അങ്ങനെ ലേപാക്ഷിയായി. വിജയനഗരസംസ്‌കാരവും വാസ്തുവിദ്യയും ആത്മീയതയും സമ്മേളിക്കുന്ന ഒരു തീര്‍ത്ഥാടക കേന്ദ്രമാണ് ലേപാക്ഷി. പേരിലെ കൗതുകം പോലെ തന്നെ ഒട്ടേറെ കൗതുകങ്ങള്‍ ഒളിപ്പിച്ചുവെച്ചിരിക്കുന്നു ഈ ക്ഷേത്രനഗരം. ആന്ധാപ്രദേശിലെ അനന്തപുരി ജില്ലയില്‍ ഹിന്ദുപൂരിനടുത്താണ്. ലേപാക്ഷി സ്ഥിതിചെയ്യുന്നത്. ബെംഗ്‌ളൂരില്‍ നിന്ന് നൂറ്റിയിരുപത് കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ഇവിടെയെത്താം  

         ലേപാക്ഷിയിലെ പ്രധാന ആകര്‍ഷണം ശ്രീവീരഭദ്രസ്വാമി ക്ഷേത്രമാണ്. ആമയുടെ രൂപത്തിലുള്ള ഒരു ചെറുകുന്നിന്റെ മുകളിലായി സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രം പതിനാറാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചതാണ്. ശില്പചാരുതയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഈ ക്ഷേത്രം ഐതിഹ്യങ്ങളുടെയും അത്ഭുതങ്ങളുടെയും ഒരു വലിയ ലോകം യാത്രക്കാര്‍ക്കു മുന്നില്‍ തുറന്നുവയ്ക്കുന്നു. ക്ഷേത്രത്തിന്റെ പ്രധാനഗോപുരം കടന്നുചെന്നാല്‍ വിശാലമായ ക്ഷേത്രാങ്കണമാണ്. കരിങ്കല്ലില്‍ തീര്‍ത്ത മണ്ഡപങ്ങള്‍, ശില്പസമൃദ്ധമായ കല്‍ത്തൂണുകള്‍, പുരാണകഥാശകലങ്ങള്‍ ആലേഖനം ചെയ്ത ഛായാചിത്രങ്ങള്‍, ചരിത്രപ്രാധാന്യമുളള ശിലാലിഖിതങ്ങള്‍ എന്നിങ്ങനെ പോകുന്നു ക്ഷേത്രത്തിലെ കാഴ്ചകള്‍. വിജയനഗര വാസ്തുശൈലിയുടെയും ശില്പകലയുടെയും ചിത്രകലയുടെയും നേര്‍ക്കാഴ്ചകളാണ് ഇവയെല്ലാം. 

 ശിവഭക്തരുടെ ഒരു പ്രധാന തീര്‍ത്ഥാടന കേന്ദ്രമാണ് ഈ ക്ഷേത്രം. പ്രധാനമൂര്‍ത്തിയായ വീരഭദ്രനു പുറമെ ശിവന്‍, വിഷ്ണു, ഭ്രദകാളി, ഗണപതി, ഹനുമാന്‍ തുടങ്ങിയ മൂര്‍ത്തികളുടെ പ്രതിഷ്ഠകളുമുണ്ട്. ഗര്‍ഭഗൃഹത്തിനു ചുറ്റുമായി അര്‍ധ മണ്ഡപം, മുഖമണ്ഡപം, ന്യത്തമണ്ഡപം എന്നിവ ചേര്‍ന്ന ഒരു ഘടനയാണ് പ്രധാന ക്ഷേത്രസമുച്ചയത്തിനുള്ളത്. ഈ മണ്ഡപങ്ങളിലെ കല്‍തൂണുകളില്‍ രാമായണത്തിന്റെയും മഹാഭാരതത്തിന്റെയും ദൃശ്യാവിഷ്‌കാരങ്ങള്‍ സൂക്ഷമശില്പങ്ങളായി കൊത്തിയിരിക്കുന്നു. 

 ശില്പചാതുര്യം തുളുമ്പുന്ന നൃത്തമണ്ഡപത്തിന്റെ മേല്‍ക്കൂര ഛായാചിത്രങ്ങളാല്‍ അലംകൃതം. ശിവപാര്‍വതി പരിണയം, ശിവന്റെ കിരാതസങ്കല്പം, കൃഷ്ണന്റെ ബാല്യകാലം തുടങ്ങിയ പുരാണകഥാതന്തുകളെയാണ് മിക്ക ചിത്രങ്ങളും വിഷയമാക്കിയിരിക്കുന്നത്. ഇവിടുത്തെ ശിലാദ്ഭുതങ്ങളിലൊന്നാണ് തൂങ്ങും തൂണ്‍. തറയെ സ്പര്‍ശിക്കാത്ത രീതിയില്‍ മേല്‍ക്കൂരയില്‍ തൂങ്ങി നില്‍ക്കുന്ന കൂറ്റന്‍ കരിങ്കല്‍തൂണ്‍ വെറും അത്ഭുതമല്ല മഹാത്ഭുതമാണ്. ഈ മണ്ഡപത്തിലെ എല്ലാ തുണുകളെയും ബാലന്‍സ് ചെയ്ത് നിര്‍ത്തുന്നത് ഈ തൂണ്‍ ആണത്രെ. ഈ തൂണിന്റെ നിര്‍മിതിക്കു പിന്നിലെ രഹസ്യം ഇന്നും രഹസ്യം തന്നെ 

 പ്രധാനസമുച്ചയത്തിന് പിന്നിലായുളള നാഗലിംഗപ്രതിഷ്ഠ ഗംഭീരമായ ശില്പകലാ പ്രാഗത്ഭ്യത്തിന്റെ മകുടോദാഹാരണമാണ്. 3.7 മീറ്ററോളം ഉയരമുള്ള ഈ ശില്പം ഇന്ത്യയിലെ എറ്റവും വലിയ നാഗലിംഗമാണ്. ഉച്ചയൂണ് കാലമാകാന്‍ കാത്തുനിന്ന ശില്പികള്‍ വെറും ചുരുങ്ങിയ മണിക്കൂറുകള്‍ കൊണ്ട് കൊത്തിയുണ്ടാക്കിയതാണ് ഈ നാഗലിംഗം എന്ന് ഐതിഹ്യം. ഒറ്റക്കല്ലില്‍ തീര്‍ത്ത ഏഴ് പത്തികളോടുകൂടിയ നാഗലിംഗം ഒരേ സമയം ശില്പചാതുര്യത്തിന്റെ മഹിമയും ഭക്തിയുടെ നിറവും കാഴ്ചക്കാരില്‍ ഉണര്‍ത്തുന്നു. 

 ഐതിഹ്യ പെരുമ കൊണ്ടും ശില്പകലാവിരുത് കൊണ്ടും പ്രശസ്തമാണ് കല്യാണമണ്ഡപം. ശിവപാര്‍വതി സ്വയംവരം ഇവിടെ നടന്നുവെന്നാണ് ഐതിഹ്യം. വിവാഹചടങ്ങില്‍ പങ്കെടുക്കാനെത്തിയ ദേവന്മാരുടെയും ബ്രഹ്മര്‍ഷിമാരുടെയും ജീവന്‍ തുടിക്കുന്ന രൂപങ്ങള്‍ മണ്ഡപത്തിന്റെ കല്‍തൂണുകളില്‍ സുന്ദരമായി കൊത്തിയിരിക്കുന്നു. കല്യാണമണ്ഡപത്തിന് പിന്നിലാണ് ലതാമണ്ഡപം. ഇവിടുത്ത തൂണുകളില്‍ സൂക്ഷമവും സങ്കീര്‍ണ്ണവുമായ ചിത്രപണികള്‍ കാണാം. നമ്മുടെ സാരികളില്‍ കാണുന്ന ഡിസൈനുകളില്‍ പലതും ഈ തുണുകളിലെ ചിത്രവേലകളില്‍ നിന്ന് കടമെടുത്തിട്ടുളളതാണത്രേ. 

 ലേപാക്ഷി ക്ഷേത്രത്തിലെ അത്ഭുതങ്ങളിലൊന്നാണ് സീതാപാദം. സീതാദേവിയെ തട്ടികൊണ്ടുപോകുന്ന വേളയില്‍ രാവണന്‍ സീതയുമായി ഇവിടെയെത്തിയിരുന്നുവെന്നും അപ്പോള്‍ പതിഞ്ഞതാണ് ദേവിയുടെ പാദമുദ്രയെന്നും ഐതിഹ്യം. ഈ കൂറ്റന്‍ കാല്‍പാടില്‍ എപ്പോഴും വെള്ളം നിറഞ്ഞു നില്‍ക്കും എന്നുള്ളതാണ് സവിശേഷത. ഇതിലെ ജലത്തിന്റെ സ്രോതസ്സ് അവ്യക്തമാണെന്നു മാത്രമല്ല അത് വറ്റിക്കാന്‍ ശ്രമിച്ചാല്‍ പരാജയമായിരിക്കും ഫലം. ലേപാക്ഷി സരോവരം, ജടായുമോക്ഷസ്ഥാനം, തുക്കുസ്തംഭം തുടങ്ങിയവയാണ് ക്ഷേത്രത്തിലെ മറ്റു നിര്‍മിതികള്‍.