ബീച്ച് പ്രേമികളുടെ പ്രിയനഗരം

ബീച്ച് പ്രേമികളുടെ പ്രിയനഗരം 

ബീച്ച് പ്രേമികളുടെ പ്രിയനഗരമാണ് തായ്‌ലൻഡിലെ ഹുവ ഹിന്‍. മികച്ച മത്സ്യവിഭവങ്ങളും പട്ടം പറത്തല്‍ പോലെയുള്ള വിനോദങ്ങളും ഈ പ്രദേശത്തെ സഞ്ചാരികളുടെ പറുദീസയാക്കുന്നു. തികച്ചും പ്രകൃതിദത്തമായ അനുഭവങ്ങളാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ പ്രകൃതിയില്‍ ലയിച്ച് യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഇവിടം ഇഷ്ടപ്പെടും.

തായ്‌ലൻഡിലെ മറ്റു സ്ഥലങ്ങളിലെന്നപോലെ മാർക്കറ്റുകൾക്ക് ഇവിടെയും പ്രാധാന്യമുണ്ട്. രാത്രിചന്തകളില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഇടമാണ് ഇവിടുത്തെ സികാഡ മാർക്കറ്റ് ഏറെ സൗഹൃദപരമായ അന്തരീക്ഷമാണ് ഇവിടെ. ഐഫോണ്‍ കെയ്സുകള്‍ വില്‍ക്കുന്ന സംരംഭകനെയും കണ്ടാലുടനെ നിങ്ങളുടെ ചിത്രം വരയ്ക്കുന്ന ചിത്രകാരന്മാരെയും പല രാജ്യങ്ങളില്‍നിന്നുള്ള സഞ്ചാരികളെയും നമ്മളിവിടെ കണ്ടു മുട്ടും

ശരീരത്തിനും മനസ്സിനും ഒരുപോലെ ആശ്വാസം പകരുന്ന പ്രകൃതി ചികില്‍സാലയമാണ് ഹുവ ഹിനിലെ ചിവ സോം ഹെല്‍ത്ത് റിസോര്‍ട്ട്. കിഴക്കും പടിഞ്ഞാറും നിന്നുള്ള ചികിത്സകള്‍ സംയോജിപ്പിച്ചാണ് ഇവിടുത്തെ രീതി. ഓരോ ആളിനും പ്രത്യേകം ചികിത്സാ രീതികളും ഇവിടെ ലഭ്യമാണ്. ആളുകളുടെ ശരീരപ്രകൃതിക്കനുസരിച്ച് അനുയോജ്യമായ ചികിത്സാരീതികള്‍ നിര്‍ദ്ദേശിക്കാന്‍ ഉപദേഷ്ടാക്കളുമുണ്ട്

യോഗ, അക്വാ എയ്റോബിക്സ്, തായ്‌ലൻഡിലെ പ്രത്യേക മസാജ് രീതിയായ ചി നെയ്‌ സാങ്, ഫിസിയോതെറാപ്പി മുതലായവയിലെ വിദഗ്ധരുടെ സേവനം ഇവിടെ ലഭ്യമാണ്.

ഹുവ ഹിന്നില്‍നിന്ന് 20 കിലോമീറ്റര്‍ അകലെയാണ് പ്രാണ്‍ ബുരി. പ്രകൃതിദത്ത കണ്ടല്‍ക്കാടുകള്‍ ആണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. കാട് അത്രയ്ക്ക് ഇഷ്ടമല്ലാത്ത ആളുകള്‍ക്കു പോലും ഈ കണ്ടലുകള്‍ക്കിടയിലൂടെയുള്ള ഒരു കിലോമീറ്റര്‍ നടത്തം ഇഷ്ടപ്പെടും. വയസ്സന്‍ പല്ലികളും നിറങ്ങളണിഞ്ഞു നടന്നു നീങ്ങുന്ന ഞണ്ടുകളും നാനാതരം പക്ഷികളും കൊഞ്ചുവര്‍ഗങ്ങളുമെല്ലാം ഈ യാത്രയിലുടനീളം കാണാം. ചുറ്റുമുള്ള മലനിരകള്‍ കാണാനായി നിരീക്ഷണ ടവറുകളുണ്ട്. മീന്‍പിടിത്തക്കാര്‍ക്കൊപ്പം ബോട്ടില്‍ പോവാം. വെള്ളം കെട്ടിനില്‍ക്കുന്ന പ്രദേശങ്ങള്‍ ജൈവ വൈവിധ്യത്തിന്‍റെ കലവറയാണ് എന്നതിനാല്‍ ഞണ്ടുകള്‍, പക്ഷികള്‍ തുടങ്ങി ധാരാളം ജീവജാലങ്ങള്‍ ഇവിടെ ഇടതിങ്ങിപ്പാര്‍ക്കുന്നു.

വൈനിന് അത്ര പേരു കേട്ട സ്ഥലമല്ല തായ്‌ലൻഡ്. എന്നിട്ടു പോലും ഹുവ ഹിന്നില്‍നിന്ന് 35 കിലോമീറ്റര്‍ അകലെയുള്ള മണ്‍സൂണ്‍ വാലി വൈന്‍യാര്‍ഡിലേക്ക് എത്തുന്ന ആളുകളുടെ എണ്ണം ഒട്ടും കുറവല്ല. വൈന്‍യാര്‍ഡിനോടു ചേര്‍ന്നുള്ള 'സാല' എന്ന് പേരുള്ള റസ്റ്ററന്റാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. രുചികരമായ ഭക്ഷണവും വൈനും ആസ്വദിക്കുന്നതോടൊപ്പം ചുറ്റുമുള്ള പ്രകൃതിയുടെ മനോഹാരിതയും സഞ്ചാരികളുടെ മനം കവരും.

മൗണ്ടന്‍ ബൈക്കിങ്, വൈന്‍ നിര്‍മാണം, വൈന്‍ സഫാരി തുടങ്ങിയവയും ഇവിടെയുണ്ട്. കാട്ടുപോത്തുകളും ആനകളും വിഹരിക്കുന്ന കുയിബുരി നാഷനല്‍ പാര്‍ക്ക് ഇവിടുത്തെ മറ്റൊരു പ്രധാന ആകര്‍ഷണമാണ്.


A Favourite City For Beach Lovers