പ്രാർത്ഥനയുടെ പൂ വിരിയുന്ന നാട്

 നീലത്താമര വിടരുന്ന നാട്, തായമ്പകയിലെ ‘മലമക്കാവ് ശൈലി’യുടെ ജന്മദേശം, തീപ്പൊള്ളലേറ്റവര്‍ക്ക് സുഖം പ്രാപിക്കാന്‍ ഔഷധക്കൂട്ട് കണ്ടുപിടിച്ച പരമേശ്വരന്‍ നായരുടെ നാട്… പാലക്കാട് ജില്ലയിലെ മലമക്കാവ് ദേശത്തെ ഓര്‍ക്കാന്‍ കാരണങ്ങള്‍ അനവധി…

 തൃപ്പടിയിൽ പണം വച്ചു പ്രാർത്ഥിച്ചാൽ, വിശ്വാസം സത്യമെങ്കിൽ ക്ഷേത്ര കുളത്തിൽ  പൂവ് വിരിയും. നീലത്താമര എന്നാണ് എം.ടി.ആ പുഷ്പത്തിനെ വിളിച്ചത്. 

 എന്നാൽ അങ്ങനെ ഒരിടമുണ്ട്, നീലത്താമര വിരിയുന്ന ഇടം. ആ പൂവാണ്ചെങ്ങഴനീർ പൂവ്, കേട്ടും, വായിച്ചുമറിഞ്ഞ നീലത്താമര. ഭാരതപ്പുഴയുടെ തീരത്ത്, തൃത്താലയ്ക്കടുത്താണ് മലമൽക്കാവ് അയ്യപ്പക്ഷേത്രം സ്ഥിതി ചെയ്യുന്നത്.  കേരളത്തിലെ 108 അയ്യപ്പക്ഷേത്രങ്ങളിലൊന്നാണ് ഇൗ ക്ഷേത്രം. ഇവിടെ എത്തിയാൽ വള്ളുവനാടിന്റെ കാഴ്ചകളും, ചരിത്രങ്ങളും കാണാനും അറിയുവാനും ഏറെയുണ്ട്. ക്ഷേത്രക്കുളത്തിൽ വിരിയുന്ന ചെങ്ങഴിനീർ പൂവ് എന്ന അദ്ഭുതം അതിൽ ഒന്നു മാത്രമാണ്. 

 ഏറെ പ്രസിദ്ധമാണ് മലമൽക്കാവും ഇവിടെ വിരിയുന്ന ചെങ്ങഴിനീർ പൂവും  മലമേൽക്കാവിന്റെ മാത്രം പ്രത്യേകതയായ തായമ്പകയും ക്ഷേത്രത്തിന്റെ പൗരാണികത വിളിച്ചോതുന്നവയാണ്. മലമൽക്കാവ് തായമ്പക ശൈലി വേറിട്ടതാണ്. പ്രഭാ സത്യകാ സമേതനായ അയ്യപ്പനാണിവിടെ കുടികൊള്ളുന്നത്. ശിവൻ, കന്നിമൂല ഗണപതി, രുദ്രമഹാകാളൻ, ഭഗവതി, വേട്ടക്കരൻ എന്നീ ഉപദേവതകളും ഇവിടെ കുടിയിരിക്കുന്നു. 

 ശിവക്ഷേത്രങ്ങളിലെ കലശത്തിനാണ് പ്രധാനമായും ചെങ്ങഴനീർ പൂവ് ആവശ്യമായി വരുന്നത്. കലശം നടക്കുന്ന ക്ഷേത്രത്തിലെ ഭാരവാഹികൾ പൂവിനു വേണ്ടിയുള്ള അപേക്ഷ ക്ഷേത്രത്തിൽ സമർപ്പിച്ച്, തൃപ്പടിയിൽ പണം വച്ച് പ്രാർത്ഥിക്കണം. പിറ്റേ ദിവസം ക്ഷേത്രക്കുളത്തിൽ പൂവ്വിരിഞ്ഞിട്ടുണ്ടാവും. മലമേൽക്കാവിലെ വലിയ ക്ഷേത്രത്തില്‍ പ്രത്യേകം കെട്ടിയ രണ്ടു ചെറിയ കുളങ്ങളിലാണ് ചെങ്ങഴനീർ പൂവ് വിരിയുന്നത്. 

  കാര്യസിദ്ധിക്കായി ക്ഷേത്രമൂർത്തിയെ തൊഴുത് പടിയിൽ പണം വച്ച് പ്രാർത്ഥിച്ചാൽ സമയം ആകുമ്പോൾ ആവശ്യം വേണ്ടുന്ന പൂവ് ക്ഷേത്രകുളത്തിൽ വിടർന്നു നിൽപ്പുണ്ടാകും. തൃപ്പടിയിൽ പണം വച്ച് പ്രാർത്ഥിച്ചവര്‍ക്കെല്ലാം പൂവ് വിടർന്നു കാണാൻ സാധിച്ചിട്ടുമുണ്ട്. ക്ഷേത്രത്തിലേക്കുള്ള നാട്ടുവഴികളും, മുന്നിലെ അരയാലും മനസ്സിൽ എന്നും മറക്കാത്ത അനുഭവമായി തങ്ങിനിൽക്കും. പാലക്കാട് ജില്ലയിലാണ് ഇൗ ക്ഷേത്രം നിലകൊള്ളുന്നത്. പട്ടാമ്പിയിൽ നിന്നും 16 കിലോമീറ്റർ ദൂരമുണ്ട്.
 

കേരളത്തില്‍ അപൂര്‍വമാണ് ഈ ജലസസ്യം. ക്ഷേത്രങ്ങളില്‍ കലശം കഴിക്കാന്‍ വേണ്ട പൂജാദ്രവ്യങ്ങളില്‍ ആവശ്യമാണ് ഈ പൂവ്. അതുകൊണ്ട് ദൂരദേശങ്ങളില്‍ നിന്നുപോലും ആവശ്യക്കാര്‍ മലമക്കാവില്‍ എത്തും.
എം.ടിയുടെ കഥയും തിരക്കഥയും അടിസ്ഥാനമാക്കി രണ്ട് പ്രശസ്ത സംവിധായകര്‍ ‘നീലത്താമര’ അഭ്രപാളികളില്‍ ചലച്ചിത്രങ്ങളാക്കിയപ്പോള്‍ മലമക്കാവിലെ ക്ഷേത്രവും കുളവും പരിസരങ്ങളും ക്യാമറക്കണ്ണുകളാല്‍ ഒപ്പിയെടുത്തു. 

ചെണ്ടയില്‍ വാദ്യവിസ്മയം തീര്‍ത്തവരാണ് മലമക്കാവിലെ മാരാന്മാര്‍. തായമ്പകയില്‍ ‘മലമക്കാവ് ശൈലി’ ആവിഷ്‌കരിച്ച വാദ്യകലയിലെ കുലപതികള്‍ ജനിച്ചു ജീവിച്ച മലമക്കാവിനെ ഓര്‍ത്ത് ദേശക്കാര്‍ക്ക് എന്നും അഭിമാനിക്കാനുണ്ട്.

മലമക്കാവിലെ സ്‌കൂളിലെത്താന്‍ രണ്ട് എളുപ്പവഴികളുണ്ട്. സ്‌കൂളിനടുത്തുതന്നെയാണ് ക്ഷേത്രം. ക്ഷേത്രത്തിന് മുന്നില്‍ ഓരം ചേര്‍ന്ന് നീലത്താമര വിരിയുന്ന കുളം. അമ്പലക്കുളത്തില്‍ ഒരു കൊക്കരണിയുണ്ട്. കൊക്കരണിയിലെ ചെളിയിലാണ് നീലത്താമര വിരിയുന്ന ജലസസ്യത്തിന്റെ കിഴങ്ങ്. കിഴങ്ങ് മുളച്ച് തണ്ടുകള്‍ ജലനിരപ്പിലെത്തി ഇലകള്‍ വിടര്‍ത്തും. നീലത്താമരയുള്ള കൊക്കരണി ഇപ്പോള്‍ വലമൂടി സംരക്ഷിച്ചിരിക്കുന്നു. പഴമക്കാര്‍ ചിലര്‍ പറയുന്നത് ഇതൊരു പ്രത്യേകതരം ചെങ്ങഴി നീര്‍പ്പൂവാണെന്നാണ്. ‘നീലത്താമര’ എന്ന പേര് എം.ടി. നല്‍കിയതാണെന്ന് പറയാം.