പാന്‍ജിയയ്ക്കും മുന്‍പ് ഒരു ഭൂഖണ്ഡം

    ഗ്രീക്ക് പുരാണങ്ങളിലുള്ള അറ്റ്ലാന്‍റിസാണ് മണ്‍മറഞ്ഞ ഭൂഭാഗങ്ങളെക്കുറിച്ചുള്ള മനുഷ്യന്‍റെ ആദ്യ വിവിരണങ്ങളില്‍ ഒന്ന്. പിന്നീടിങ്ങോട്ട് ശാസ്ത്രത്തിന്‍റെ പുരോഗതിക്കൊപ്പം ഭൂഖണ്ഡങ്ങള്‍ ഒന്നായി തീര്‍ന്നതും അവ വിഘടിച്ചതുമായ നിരവധി പ്രതിഭാസങ്ങള്‍ മനുഷ്യര്‍ കണ്ടെത്തി. ഇപ്പോള്‍ ഈ കണ്ടെത്തലുകളുടെ കാലഘട്ടത്തില്‍ നിന്നെല്ലാം പുറകോട്ടു പോയി ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലാത്ത ഒരു ഭൂഖണ്ഡത്തെ മനസ്സിലാക്കാനുള്ള തയ്യാറെടുപ്പിലാണ് ഗവേഷകര്‍. 

                     ശതകോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിലനിന്നിരുന്ന ഈ ഭൂഖണ്ഡവും അതിലെ ഭൗമവ്യവസ്ഥയും കണ്ടെത്തുകയാണ് ഗവേഷകരുടെ ലക്ഷ്യം. ഭൂമിയിലെ ശിലകളില്‍ നടത്തിയ പ്രായവും റേഡിയോ ആക്ടിവിറ്റിയും സംബന്ധിച്ച പഠനമാണ് ഇത്തരമൊരു ഭൂഖണ്ഡത്തിന്‍റെ സാന്നിധ്യത്തെക്കുറിച്ചുള്ള സൂചന ഗവേഷകര്‍ക്ക് നല്‍കിയത്. ഭൂമിയുടെ ഏതാനും കോണുകളില്‍ മാത്രമാണ് ഇത്രയധികം വര്‍ഷം പഴക്കമുള്ള ശിലകള്‍ കണ്ടെത്താനായത്. പരമ്പരാഗത ശൈലികളില്‍ ഈ ശിലകളുടെ രൂപീകരണം വിശദീകരിക്കാന്‍ കഴിയാതെ വന്നതോടെയാണ് മാറി ചിന്തിക്കാന്‍ ഒരു പറ്റം ഗവേഷകര്‍ തയാറായത്. 
 

                   പൗരാണിക ഭൂഖണ്ഡങ്ങള്‍ 

 അഡ്‌‌ലെയ്‍ഡ് സര്‍വകലാശാലയിലെ ഗവേഷകനായ ഡോ ഡെറിക് ഹാസ്റ്ററോക് ആണ് ശതകോടിക്കണക്കിനു വര്‍ഷങ്ങള്‍ക്ക് മുന്‍പ് മറഞ്ഞു പോയെന്ന് കരുതുന്ന ഈ ഭൂഖണ്ഡത്തെക്കുറിച്ചുള്ള കണ്ടെത്തലുകള്‍ മുന്നോട്ടു വച്ചത്. ഭൂഖണ്ഡങ്ങളുടെ രൂപീകരണം സംബന്ധിച്ച്  നിലവിലുള്ള ശാസ്ത്രങ്ങളെ വെല്ലുവിളിക്കുന്നതാണ് പുതിയ വിശദീകരണം. ഡോ. ഡെറികിന്‍റെ കണ്ടെത്തലനുസരിച്ച് ഭൂമിയുടെ പുറന്തോട് കൂടുതല്‍ കട്ടിയുള്ളതായിരുന്നു. ഇങ്ങനെ കട്ടിയുള്ള പുറന്തോടുകള്‍ ഒരു ഭൂഖണ്ഡമായോ പല ഭൂഖണ്ഡമായോ കടലിനിടയില്‍ സ്ഥിതി ചെയ്തു. ഏതാണ്ട് 400 കോടി വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ ഈ അവസ്ഥ നിലനിന്നു. പിന്നീടിവ പതിയെ അപ്രത്യക്ഷമാകാന്‍ തുടങ്ങിയെന്നാണ് ഡെറിക് വിശദീകരിക്കുന്നത്. 

                   ഭൗമശിലകളിലെ കാലപ്പഴക്കവും അവയുടെ റേഡിയോ ആക്റ്റിവിറ്റിയും തമ്മിലുള്ള വിപരീത ബന്ധം പരിശോധിച്ചാണ് ഡോ. ഡെറിക് തന്‍റെ ആശയം മുന്നോട്ടു വച്ചത്. 76000 ശിലാ അവശിഷ്ടങ്ങളാണ് ഈ പഠനത്തിനുള്ള തെളിവിനായി ഡോ. ഡെറിക് ഉപയോഗിച്ചത്. അതുകൊണ്ട് തന്നെ ഡെറികിന്‍റെ ആശയം എളുപ്പത്തില്‍ തള്ളിക്കളയാന്‍ കഴിയുന്ന ഒന്നല്ല. ആദിമ ഭൂഖണ്ഡത്തിന്‍റെ ഭാഗമായിരുന്ന ശിലകളുടെ റേഡിയോ ആക്ടീവ് ശേഷി നാലു മടങ്ങ ്അധികമായിരുന്നുവെന്ന് ഡെറിക് വിശദീകരയ്ക്കുന്നു. അതുകൊണ്ട് തന്നെ ഇവ വമിക്കുന്ന ചൂടും നാലിരട്ടിയായിരുന്നു. ഇതുമൂലം കാലപ്പഴക്കം ചെല്ലും തോറും പാറകള്‍ സ്വയം വിഘടിക്കാന്‍ തുടങ്ങി. ആദിമ ഭൂഖണ്ഡം ഏറെയും നിര്‍മിക്കപ്പെട്ടിരുന്നത് ഇത്തരത്തിലുള്ള പാറകള്‍കൊണ്ടായിരുന്നു. അതുകൊണ്ട് തന്നെ പാറകള്‍ വിഘടിച്ചതോടെ ഭൂഖണ്ഡവും തെളിവിന് പോലും അവശേഷിക്കാതെ വിഘടിച്ചു പോയി എന്നാണ് ഡെറികും സംഘവും വിശദീകരിക്കുന്നത്. 

                 വളരെ യാദൃച്ഛികമായാണ് ഈ കണ്ടെത്തലുകളിലേക്ക് ഡെറികും സഹപ്രവർത്തകരും എത്തിയത്. അന്‍റാര്‍ട്ടിക്കില്‍ മഞ്ഞുരുക്കം വേഗത്തിലാക്കുന്ന ശിലകളുടെ റേഡിയോ ആക്ടിവിറ്റിയെക്കുറിച്ച് പഠിക്കുന്നതിനിടയിലാണ് ചില പുരാതന ശിലകള്‍ ഗവേഷകര്‍ക്കു ലഭിക്കുന്നത്. ഈ മേഖലയില്‍ ആദ്യമായാണ് നേരിട്ടുള്ള പഠനം ഗവേഷകര്‍ നടത്തുന്നത്. അതുകൊണ്ട് തന്നെ ശിലകള്‍ വിശദമായ പഠനത്തിന് വിധേയമാക്കി. ഇതോടെയാണ് ഇവ പുരാതന കാലത്ത് നിന്നുള്ളവയാണെന്ന് ഗവേഷക സംഘം തിരിച്ചറിയുന്നതും അവയെ പരിശോധിക്കാന്‍ തീരുമാനിക്കുന്നതും.