വേള്‍ഡ് വൈഡ് വെബ്ബിന് 30 വയസ്സ്

വിപുലവും ശക്തവുമായ വിവരവിനിമയ സംവിധാനമായി ഇന്റര്‍നെറ്റിനെ മാറ്റിയത് വേള്‍ഡ് വൈഡ് വെബ്ബ് ആണ് ഇന്റര്‍നെറ്റിനെ യഥാര്‍ഥ ഇന്റര്‍നെറ്റാക്കിയ 'വേള്‍ഡ് വൈഡ് വെബ്ബ്' (www) എന്ന സര്‍വീസിന് ഇന്ന് 30 വയസ്സ്. അച്ചടിവിദ്യയ്ക്ക് ശേഷം ലോകം കണ്ട ഏറ്റവും വിപുലവും ശക്തവുമായ വിവരവിനിമയ സംവിധാനമായി ഇന്റര്‍നെറ്റിനെ മാറ്റിയത്, ബ്രിട്ടീഷ് കമ്പ്യൂട്ടര്‍ വിദഗ്ധന്‍ ടിം ബേണേഴ്‌സ്-ലീ രൂപംനല്‍കിയ വേള്‍ഡ് വൈഡ് വെബ്ബ് ആണ്. ഹൈപ്പര്‍ലിങ്കുകളുടെ സഹായത്തോടെ ഇന്റര്‍നെറ്റിലെ ഉള്ളടക്ക ഘടകങ്ങളെ പരസ്പരം ബന്ധിപ്പിക്കാനും, എളുപ്പത്തില്‍ തിരഞ്ഞു കണ്ടെത്താനും സഹായിക്കുന്ന പ്രോഗ്രാമാണ് വെബ്ബ്. വെബ്ബിന്റെ പിറന്നാള്‍ ആഘോഷമാക്കി ഗൂഗിള്‍ പ്രത്യേകം ഡൂഡില്‍ ഇന്ന് അവതരിപ്പിച്ചു. വെബ്ബ് തുറന്നുകൊടുത്ത വഴിയില്‍ വിവര സാങ്കേതിക വിദ്യ ഇന്നേറെ വളര്‍ന്നിരിക്കുന്നു. വെബ് ഒരു സമാന്തര ലോകമായി മാറിയിരിക്കുന്നു. വെബ്ബിനെ ഇന്റര്‍നെറ്റിന്റെ തന്നെ മറ്റൊരു പേരായി കാണാറുണ്ടെങ്കിലും അവ രണ്ടും ഒന്നല്ല. വിവര കൈമാറ്റത്തിന് സഹായിക്കുന്ന ഇലക്ട്രോണിക് / കംപ്യൂട്ടര്‍ സാങ്കേതിക സംവിധാനങ്ങളുടെ ശൃംഖലയാണ് ഇന്റര്‍നെറ്റ് എങ്കില്‍, ഇന്റര്‍നെറ്റിന്റെ സഹായത്തോടെ വിവിധ ഉള്ളടക്കങ്ങളെ - അത് അക്ഷരങ്ങളോ, ചിത്രങ്ങളോ, വീഡിയോകളോ എന്തുമാകട്ടെ-നമുക്ക് ലഭ്യമാക്കിത്തരുന്ന വിവര ശൃംഖലയാണ് വെബ്ബ്. ഇന്റര്‍നെറ്റിലെ ഉള്ളടക്കങ്ങള്‍ക്ക് ഇന്റര്‍നെറ്റില്‍ മേല്‍വിലാസം നല്‍കുന്നതും അവയെ പരസ്പരം ബന്ധിപ്പിക്കുന്നതും വെബ്ബിലെ ഹൈപ്പര്‍ ലിങ്കുകളും യൂണിഫോം റിസോഴ്‌സ് ലൊക്കേറ്ററും (URL) ആണ്. 1980-ല്‍ യൂറോപ്യന്‍ കണികാപരീക്ഷണ ശാല ആയ 'സേണി'ല്‍ (CERN) പ്രവര്‍ത്തിക്കുന്ന സമയത്താണ് മറ്റ് കമ്പ്യൂട്ടറുകളുമായി വിവരങ്ങള്‍ കൈമാറാന്‍ സഹായിക്കുന്ന പ്രോഗ്രാം രൂപീകരിക്കുക എന്ന ആശയം ബേണേഴ്‌സ്-ലീയുടെ മനസിലെത്തുന്നത്. കരാര്‍ അവസാനിച്ച് സേണ്‍ വിട്ട അദ്ദേഹം എണ്‍പതുകളുടെ അവസാനം വീണ്ടും സേണിലെത്തി. ആ സമയത്താണ് വെബ്ബിന് രൂപംനല്‍കാനുള്ള ശ്രമം വീണ്ടും നടത്തുന്നത്. ആ ശ്രമമാണ് വെബ്ബിന് ജന്മം കൊടുത്തത്. അതിനായുള്ള കമ്പ്യൂട്ടര്‍ ഭാഷയായ 'ഹൈപ്പര്‍ടെക്സ്റ്റ് മാര്‍ക്കപ്പ് ലാംഗ്വേജ്' (HTML), ഹൈപ്പര്‍ടെക്സ്റ്റ് ട്രാന്‍സ്‌ഫെര്‍ പ്രോട്ടോക്കോള്‍ (http), യൂണിഫോം റിസോഴ്‌സ് ലൊക്കേറ്റര്‍ (URL) എന്നിവയൊക്കെ സ്വന്തംനിലയ്ക്ക് ബേണേഴ്‌സ്-ലീ രൂപംനല്‍കിയതാണ്. വേള്‍ഡ് വൈഡ് വെബ്ബ് അടിസ്ഥാനമാക്കിയുള്ള ആദ്യത്തെ വെബ് സെര്‍വറും അദ്ദേഹം രൂപപ്പെടുത്തി. വെബ്ബിന്റെ ഔപചാരികമായ തുടക്കം, അന്ന് 33 വയസ്സുള്ള ബേണേഴ്‌സ്-ലീ, സേണില്‍ തന്റെ മേധാവിക്ക് 'ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ്: എ പ്രൊപ്പോസല്‍' (Information Management: A Proposal) എന്ന രേഖ 1989 മാര്‍ച്ച് 12-ന് സമര്‍പ്പിച്ചതോടെയാണ്. ആധുനികയുഗത്തെ ഇന്നത്തെ നിലയ്ക്ക് നിര്‍വചിക്കാന്‍ പോന്ന കണ്ടുപിടുത്തമാണതെന്ന് അന്നാരും കരുതിയില്ല. തൊട്ടുപിന്നാലെ തന്നെ ആദ്യത്തെ വെബ്സൈറ്റും അദ്ദേഹം ഇന്റര്‍നെറ്റില്‍ പ്രിസദ്ധപ്പെടുത്തി. വെബ്ബിന്റെ ഉപയോഗം വിശദീകരിക്കുന്ന ഉള്ളടക്കമായിരുന്നു വെബ്സൈറ്റില്‍. ശേഷം വെബ്ബിന്റെ ഉന്നമനത്തിനായി വിവിധ കമ്പനികളെ ഉള്‍പ്പെടുത്തി വേള്‍ഡ് വൈഡ് വെബ് കണ്‍സോര്‍ഷ്യം എന്ന കൂട്ടായ്മയ്ക്കും ബേര്‍ണേഴ്-ലീ രൂപം നല്‍കി. സ്വതന്ത്ര സോഫ്റ്റ്‌വേര്‍ പ്രസ്താനത്തിന്റെ നേതാവ് റിച്ചാര്‍ഡ് സ്റ്റോള്‍മാന്റെ ആരാധകനായിരുന്നു ബേണേഴ്‌സ്-ലീ. അതിനാല്‍ താന്‍ നടത്തിയ കണ്ടെത്തല്‍ ലോകമെമ്പാടുമുള്ള മനുഷ്യര്‍ക്ക് എക്കാലവും സൗജന്യമായി ഉപയോഗിക്കാന്‍ കഴിയണം എന്ന് അദ്ദേഹം ആഗ്രഹിച്ചു. അതിനായി, തന്റെ സ്ഥാപനമായ സേണിനെക്കൊണ്ട് തൊണ്ണൂറുകളില്‍ അതിനാവശ്യമായ സുപ്രധാന കരാറില്‍ ബേണേഴ്‌സ്-ലീ ഒപ്പുവെപ്പിച്ചു! എന്നുവെച്ചാല്‍, നിലവില്‍ വെബ്ബിലൂടെ കോടിക്കണക്കായ സൈറ്റുകളും സര്‍വീസുകളും നമ്മള്‍ക്ക് സാധ്യതയായി മുന്നിലുള്ളതിന് നമ്മള്‍ ഏറ്റവുമധികം കടപ്പെട്ടിരിക്കുന്ന വ്യക്തി ബേണേഴ്‌സ്-ലീ ആണെന്ന് സാരം. ഇന്നും ലാഭേച്ഛയില്ലാതെ, അണിയറയിലിരുന്ന വെബ്ബിനെ കാക്കുകയാണ് ആ ഗവേഷകന്‍!