എന്താണ് ഫെയ്സ് റെക്കഗ്നിഷന്‍ ഫീച്ചര്‍?

  നമ്മുടെ എയര്‍ പോര്ട്ടുകളില്‍ ഫെയ്സ് റെക്കഗ്നിഷന്‍ ഫീച്ചര്‍ എത്തുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. മുഖം തന്നെ പാസ്പോര്‍ട്ട് ആയി ഉപയോഗിക്കാവുന്ന ഈ സാങ്കേതിക വിദ്യ എങ്ങനെ പ്രവര്‍ത്തിക്കുന്നു? ഫിങ്ഗര്‍ പ്രിന്റുകളെപ്പോലെയല്ലാതെ ഒരാളുടെ മുഖം അകലെ നിന്നു പോലും സ്‌കാന്‍ ചെയ്യാം. ഇത്തരം സ്‌കാനിങിലൂടെ ഓരോരുത്തരുടെയും മുഖത്തുനിന്ന് അനന്യമായ ഒരു കോഡ് വായിച്ചെടുക്കാം. വിരലടയാളം പോലെ ഇതും ഓരോരുത്തര്‍ക്കും വ്യത്യസ്തമായിരിക്കും. മുഖത്തെ വ്യത്യസ്ത ബിന്ദുക്കള്‍ തമ്മിലുള്ള അകലം അളക്കും. ഒരാളുടെ മൂക്കിന്റെ വലുപ്പം, കണ്ണും താടിയും തമ്മിലുള്ള അകലം തുടങ്ങിയവ കണക്കിലെടുക്കും. ഒരാളുടെ മുഖത്ത് ഇത്തരത്തിലുള്ള ഏകദേശം 80 പോയിന്റുകളാണ് പരിഗണിക്കുക. ഇവയെ നോഡല്‍ പോയിന്റുകള്‍ എന്നു വിളിക്കും. ഇവയെ കൂട്ടിയോജിപ്പിച്ചാണ് ഒരാളുടെ മുഖയടയാളം അല്ലെങ്കല്‍ ഫെയ്‌സ്പ്രിന്റ് രേഖപ്പെടുത്തുന്നത്. ഈ ഫെയ്‌സ്പ്രിന്റ് ഉപയോഗിച്ച് കുറ്റക്കാരുടെയും മറ്റും ഫോട്ടോകളുമായി താരതമ്യം ചെയ്യുകയും ചെയ്യാം. അതിലൂടെ ്അറിയാവുന്ന കുറ്റവാളികളാണോ എന്നു തീരുമാനിക്കാനുമാകും.സുരക്ഷാ ക്യാമറകളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ കുടിയിരുത്തിയ ക്യാമറകളായിരിക്കും മുഖം തിരിച്ചറിയലിന് ഉപയോഗിക്കുക. സ്‌കാന്‍ ചെയ്‌തെടുക്കുന്ന ചിത്രങ്ങള്‍ പുനക്രമീകരിച്ചും, വക്രീകരിച്ചും വലിച്ചു നീട്ടുകയുമൊക്കെ ചെയ്യും. തുടര്‍ന്ന് അത് ബ്ലാക് ആന്‍ഡ്‌വൈറ്റായി കണ്‍വേര്‍ട്ട് ചെയ്ത് കംപ്യൂട്ടര്‍ അല്‍ഗോറിതങ്ങല്‍ക്ക് വായിക്കാന്‍ പാകത്തിനാക്കും. തെറ്റാനുള്ള സാധ്യത 0.8 ശതമാനം മാത്രമാണ്. ഒരുപാട് പേരെ സ്‌കാന്‍ ചെയ്യുമ്പോള്‍ നിഷകളങ്കനായ ഒരാളെ കുറ്റക്കാരനായി കണ്ടേക്കാം. അത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്.