ഐഡിയയും ,വോഡഫോണും ലയിച്ച് ഒന്നായി ;ജീവനക്കാര്‍ പിരിച്ചുവിടൽ ഭീഷണിയിൽ 5,000 ജീവനക്കാരാണ് പിരിച്ചുവിടല്‍ ഭീഷണിയിൽ ഐഡിയ സെല്ലുലാറും വോഡഫോൺ ഇന്ത്യയും ലയിച്ച് രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിക്ക് രൂപമായപ്പോൾ നാലിലൊന്ന് ജീവനക്കാർ പിരിച്ചുവിടൽ ഭീഷണിയിൽ. ഐഡിയയിലും വോഡഫോണിലുമായി ഏതാണ്ട് 18,000 ജീവനക്കാരാണ് ഉള്ളത്. ഇതിൽ 4,500-5,000 പേരെയെങ്കിലും പിരിച്ചുവിടാനാണ് നീക്കം. 70,000 കോടി രൂപയുടെ ചെലവു ചുരുക്കൽ നടപടികളുടെ ഭാഗമായാണ് നടപടി. മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ജിയോയുമായി ടെലികോം രംഗത്ത് ഇറങ്ങിയതോടെ മത്സരം രൂക്ഷമായി. ഐഡിയ, വോഡഫോൺ തുടങ്ങിയ കമ്പനികളുടെ നിലനിൽപ്പു പോലും ഭീഷണിയായി മാറിയതോടെയാണ് ലയിച്ച് ഒന്നാകാൻ തീരുമാനിച്ചത്.കേരളത്തിലടക്കം ഇതിനോടകം പലർക്കും ജോലി നഷ്ടമായി. പിരിഞ്ഞുപോകാൻ തയ്യാറല്ലാത്ത വനിതകൾ അടക്കമുള്ള ജീവനക്കാരെ ദൂരെ സ്ഥലങ്ങളിലേക്ക് സ്ഥലംമാറ്റുമെന്ന ഭീഷണിയുമുണ്ട്.മറ്റു കമ്പനികളിൽനിന്ന് ഉയർന്ന ശമ്പളത്തിൽ ഐഡിയയിലും വോഡഫോണിലും എത്തിയവർ പലരും ഇപ്പോൾ തൊഴിൽ നഷ്ടമാകുമെന്ന ആശങ്കയിലാണ്.കമ്പനിയുടെ തലപ്പത്തുള്ളവരെയടക്കം ഇപ്പോൾ പിരിച്ചുവിടുന്നുണ്ട്. രണ്ടു കമ്പനിയായിരുന്നപ്പോൾ ഓരോ സർക്കിളിലും മേധാവികളുണ്ടായിരുന്നു. കമ്പനി ഒന്നാകുന്നതോടെ രണ്ടു മേധാവിക്കു പകരം ഒരാൾ മതിയെന്ന അവസ്ഥയുണ്ട്.