സ്മാര്‍ട് സ്പീക്കറുകള്‍ ഉപയോഗിക്കുന്ന രീതി വര്‍ധിച്ചുവരുന്നു

സ്മാര്‍ട് സ്പീക്കറുകള്‍ വഴി വാര്‍ത്തകള്‍ നല്‍കാനുള്ള ശ്രമങ്ങള്‍ മാധ്യമ സ്ഥാപനങ്ങളും ആരംഭിച്ചു കഴിഞ്ഞു വാര്‍ത്തകള്‍ എന്താണെന്ന് അറിയാന്‍ സ്മാര്‍ട് സ്പീക്കറുകള്‍ ഉപയോഗിക്കുന്ന രീതി വര്‍ധിച്ചുവരുന്നു. ടെലിവിഷനിലും റേഡിയോയിലും വരുന്ന വാര്‍ത്തകള്‍ എല്ലാം കാണുന്നതിന് പകരം, ആവശ്യമുള്ള വാര്‍ത്തകള്‍ ആവശ്യമുള്ള സമയത്ത് ആവശ്യപ്പെടുമ്പോള്‍ മാത്രം അറിയാന്‍ കഴിയുന്ന സംവിധാനമാണിത് . ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും, മെഷീന്‍ ലേണിങുമെല്ലാം ഉപയോഗിച്ചുള്ള സ്മാര്‍ട്ട് ഡിജിറ്റല്‍ അസിസ്റ്റന്റുകള്‍ നമ്മുടെ ആവശ്യങ്ങളറിഞ്ഞ് വിവരങ്ങള്‍ നമുക്ക് മുന്നിലെത്തിക്കാന്‍ ശേഷിയുള്ളവയാണ്.ആമസോണിന്റെ അലെക്‌സയില്‍ പ്രവര്‍ത്തിക്കുന്ന സ്പീക്കറുകള്‍, ഗൂഗിള്‍ ഹോം സ്പീക്കറുകള്‍, ആപ്പിളിന്റെ ഹോംപോഡ് എന്നിവയെല്ലാം ഏറ്റവും പുതിയ വാര്‍ത്തകളും ആഴത്തിലുള്ള വാര്‍ത്താവിവരങ്ങളുമെല്ലാം ആളുകള്‍ക്കെത്തിച്ചകൊടുക്കാന്‍ കഴിവുള്ളവയാണ്. അതിന് ശബ്ദ നിര്‍ദേശങ്ങള്‍ നല്‍കിയാല്‍ മാത്രം മതി. സ്മാര്‍ട് സ്പീക്കറുകള്‍ വഴി വാര്‍ത്തകള്‍ എത്തിക്കാനുള്ള സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കാനുള്ള ശ്രമങ്ങള്‍ മാധ്യമ സ്ഥാപനങ്ങളും ആരംഭിച്ചകഴിഞ്ഞു.ബിബിസി, വാഷിങ്ടണ്‍ പോസ്റ്റ്, നാഷണല്‍ പബ്ലിക് റേഡിയോ പോലുള്ള സ്ഥാപനങ്ങള്‍ ഡിജിറ്റല്‍ അസിസ്റ്റന്റുകള്‍ വഴി വാര്‍ത്തകള്‍ എത്തിക്കാനുള്ള കഴിവുകള്‍ വികസിപ്പിച്ചുവരികയാണ്. വാര്‍ത്താ വിതരണത്തിനും പ്രക്ഷേപണത്തിനുമുള്ള പുതിയൊരു മാധ്യമം കൂടി രംഗപ്രവേശം ചെയ്തിരിക്കുന്നു എന്നതാണ് സ്മാര്‍ട് സ്പീക്കറുകളുടെ സ്വീകാര്യത വ്യക്തമാക്കുന്നത്. റേഡിയോയ്ക്ക് ശേഷം വാര്‍ത്തകള്‍ കേള്‍ക്കുന്ന രീതി മറ്റൊരു രൂപത്തില്‍ തിരിച്ചുവരികയാണ്. റേഡിയോയില്‍ മനുഷ്യ ശബ്ദത്തിനാണ് ചെവിയോര്‍ത്തിരുന്നതെങ്കില്‍ സ്മാര്‍ട് സ്പീക്കറുകളുടേത് യന്ത്ര ശബ്ദമാണ്.