റഷ്യ-ചൈന സൗഹൃദം ടെക്‌നോളജിയ്ക്ക് നല്ലതോ

റഷ്യ-ചൈന സൗഹൃദം ടെക്‌നോളജിയ്ക്ക്  നല്ലതോ ?

ആപ്പിളിന്റെ ഐഫോണ്‍ ഉപയോഗിച്ചാല്‍ നിങ്ങളുടെ കോളുകള്‍ അമേരിക്ക കേള്‍ക്കും, നിങ്ങള്‍ വാവെയുടെ ഫോണ്‍ ഉപയോഗിച്ചാല്‍ ചൈന ചെവിയോര്‍ത്തിരുപ്പുണ്ടായിരിക്കും. ഇതിലേതാണ് നല്ലത്? റഷ്യന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു നടക്കുന്ന ഒരു തമാശയാണിത്. ശത്രുവിന്റെ ശത്രു മിത്രം എന്ന സമവാക്യമാണോ പുതിയ റഷ്യ-ചൈന അടുപ്പത്തിനു പിന്നിലെന്നാണ് അവലോകകര്‍ ചോദിക്കുന്നത്.

സ്വന്തം കയ്യിലും എതിരാളിയുടെ കയ്യിലും തോക്കുണ്ടെങ്കില്‍ പോരാട്ടത്തില്‍ നിന്നു പിന്നോട്ടു പോകാത്ത ലോക നേതാക്കളിലൊരാളാണത്രെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. അദ്ദേഹം ചൈനീസ് കമ്പനിയായ വാവെയും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മിലുളള യുദ്ധം കരയ്ക്കുനിന്നു കാണുക മാത്രമായിരുന്നില്ല തന്റെ കരുക്കള്‍ കൃത്യമായി നീക്കിയിട്ടുമുണ്ടെന്നാണ് പുതിയ സംഭവവികാസങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ ജൂണില്‍ അദ്ദേഹം സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായി (Xi Jinping) നടത്തിയ സംഭാഷണത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നായിരുന്നു ടെക്‌നോളജി. അന്ന് പുടിന്‍ വാവെയെ ബലമായി ആഗോള വിപണിയില്‍ നിന്നു പുറത്താനുള്ള ശ്രമത്തെക്കുറിച്ചും ഡിജിറ്റല്‍ യുഗത്തില്‍ വരാനിരിക്കുന്ന ആദ്യ ടെക്‌നോളജി യുദ്ധമാണെന്നുമാണ് പ്രസ്താവന നടത്തിയത്.കൂടിക്കാഴ്ച കഴിഞ്ഞ് ആറുമാസത്തിനിടയില്‍ റഷ്യ ചൈനയെ പോലെ തന്നെ തങ്ങളുടെ ഇന്റര്‍നെറ്റ് ബന്ധം ആഗോള ഡേറ്റാ ഒഴുക്കില്‍ നിന്ന് ഭേദിച്ച് തങ്ങളുടെ സ്വന്തം റുനെറ്റ് (RuNet) കൊണ്ടുവന്നു. പ്രാദേശികമായ ഒരു ഡിഎന്‍എസ് സെറ്റ്അപ് ആണിത്. അമേരിക്കന്‍ സൈബര്‍ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ എന്നാണ് നല്‍കിയിരിക്കുന്ന ഔദ്യോഗിക വിശദീകരണം. എന്നാല്‍, യാഥാര്‍ഥ്യം അതല്ലെന്നും ഇന്റര്‍നെറ്റിനെ വരുതിയിലാക്കുക വഴി രാജ്യത്തിനകത്ത് സെന്‍സര്‍ഷിപ് കൊണ്ടുവരാനും പൗരന്മാരെ നിരീക്ഷിക്കാനും തനിക്കെതിരെയുള്ള നീക്കങ്ങളെ ഇല്ലായ്മ ചെയ്യാനുമുള്ള ശ്രമമായിരിക്കാം പുട്ടിന്റേതെന്ന് വിശ്വസിക്കുന്നവരുമുണ്ട്. ഇത്തരം നീക്കം നടത്തുന്ന രാജ്യങ്ങളെല്ലാം, ചൈനയുടേതു പോലുള്ള ഒരു ഗ്രെയ്റ്റ് ഫയര്‍വാള്‍, അല്ലെങ്കില്‍ ഡിജിറ്റല്‍ ഇരുമ്പുമറ തൂക്കാനുള്ള ശ്രമമാണിതെന്നാണ് അവരുടെ വാദം.

റഷ്യയുടെ പുതിയ നീക്കത്തിലൂടെ രാജ്യത്തിനകത്ത് ചിന്താസ്വാതന്ത്ര്യം ഇല്ലാതായേക്കാമെന്നാണ് ചില നിരീക്ഷകര്‍ പറയുന്നത്. റഷ്യയുടെ സ്വന്തം ഇന്റര്‍നെറ്റില്‍ കൂടെ പോലും സർക്കാരിനെതിരെയുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നതു തടയാം. റഷ്യയിലെ ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ ഗവണ്‍മെന്റിന്റെ ഹാര്‍ഡ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്നതും നിര്‍ബന്ധമാക്കിയിട്ടുണ്ട്. രാജ്യത്തു നടക്കുന്ന ചെറിയ നീക്കങ്ങള്‍ പോലും അറിയാനുള്ള ശ്രമമാണിതെന്നാണ് ഒരു നിഗമനം.ഇങ്ങനെ രാജ്യങ്ങളും മറ്റും ഇന്റര്‍നെറ്റിനെ മുറിച്ചെടുക്കുന്നതിനെ വിളിക്കുന്ന പേരാണ് സ്പ്ലിന്റര്‍നെറ്റ്. ഇന്റര്‍നെറ്റിന്റെ ആഗോള സ്വഭാവം ഇല്ലായ്മ ചെയ്യാന്‍ ഇത്തരം നീക്കങ്ങള്‍ക്കാകും. കിഴക്കും പടിഞ്ഞാറും എന്ന രീതിയില്‍ ഇന്റര്‍നെറ്റിനെ വിഭജിക്കുന്ന കാര്യത്തില്‍ റഷ്യയ്ക്കും ചൈനയ്ക്കും താൽപര്യമുണ്ടെന്നും വാദമുണ്ട്. എന്തായാലും അമേരിക്ക അകറ്റി നിർത്തിയ വാവെയ്ക്ക് തങ്ങളുടെ രാജ്യത്ത് 5ജി സേവനം നല്‍കാന്‍ അനുവദിക്കുകയാണ് പ്രസിഡന്റുമാരുടെ കണ്ടുമുട്ടലിനു ശേഷം റഷ്യ എടുത്ത നടപടികളിലൊന്ന്.

റഷ്യയുടെ സ്വന്തം മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റമാണ് അറോറ ഒഎസ്. ഇതിന്റെ ഡെവലപ്‌മെന്റ് വാവെയെ ഏല്‍പ്പിച്ചതായിരുന്നു രണ്ടാമത്തെ പ്രധാന നീക്കം. ഇതും ഭയപ്പെടുത്തുന്ന ഒന്നാണെന്നു പറയുന്നു. വാവെയ് സ്വന്തമായി നിര്‍മ്മിക്കുന്ന ഓപ്പറേറ്റിങ് സിസ്റ്റമാണ് ഹാര്‍മണി ഒഎസ്. വാവെയ് അറോറ ഒഎസ് തങ്ങളുടെ വരാനിരിക്കുന്ന ഫോണുകളില്‍ ഉപയോഗിക്കാനൊരുങ്ങുകയാണോ തുടങ്ങിയ സംശയങ്ങളും അക്കാലത്ത് ഉയര്‍ന്നിരുന്നു. (എന്നാല്‍, അറോറ ഒഎസ് തങ്ങളുടെ പ്രധാന ഓപ്പറേറ്റിങ് സിസ്റ്റമായി ഉപയോഗിക്കാനുള്ള സാധ്യത ഇപ്പോള്‍ മങ്ങിയിരിക്കുന്നു.) ഇരു രാജ്യങ്ങളിലും വാവെയുടെ വളര്‍ച്ച അസൂയാവഹമാണ്. ചൈനയില്‍ അവര്‍ 66 ശതമാനം വളര്‍ച്ച കാണിച്ചുവെങ്കില്‍ റഷ്യയില്‍ 37 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. തങ്ങളുടെ സബ്-ബ്രാന്‍ഡ് ആയ ഓണറാണ് റഷ്യയില്‍ വാവെയ് കൂടുതല്‍ വില്‍ക്കാന്‍ ശ്രമിക്കുന്നത്.ഇതു കൂടാതെയാണ് 5ജി. വാവെയ് സ്വന്തം പണം മുടക്കിയാണ് 5ജിക്കു വേണ്ട പരിശീലനം റഷ്യക്കാര്‍ക്കു നല്‍കുന്നതത്രെ. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ 10,000 പേര്‍ക്ക് പരിശീലനം നല്‍കാനാണ് വാവെയുടെ ഉദ്ദേശമത്രെ. ആപ്പിളാണോ വാവെയ് ആണോ ഭേദമെന്ന കാര്യത്തില്‍ റഷ്യയ്ക്കിപ്പോള്‍ വ്യക്തമായ ധാരണയുണ്ട്. റഷ്യയുടെ 5ജി അടക്കുമുള്ള കാര്യങ്ങള്‍ക്ക് വാവെയ്ക്കു തുറന്നു കൊടുത്തിരിക്കുന്നത് അതുകൊണ്ടാണ്.

പുതിയ ചൈന-റഷ്യ സൗഹൃദത്തിന്റെ സുഖം ഏറ്റവുമധികം നുകരുന്നത് വാവെയ് ആണ്. റഷ്യയുടെ ഭാഗത്തുനിന്നു നോക്കിയാല്‍ പ്രായോഗികതയ്ക്കാണ് അവര്‍ പ്രാമുഖ്യം നല്‍കിയിരിക്കുന്നതെന്നു കാണാം. അവര്‍ക്ക് വാവെയെ പോലെയൊരു കമ്പനിയില്ല. എന്നാല്‍, അവര്‍ക്ക് ഫോണ്‍ നിര്‍മാണ സൗകര്യങ്ങള്‍ ധാരാളമായി ഉണ്ടുതാനും. അതെല്ലാം വാവെയ്ക്ക് ഉപയോഗിക്കാന്‍ അനുവാദം നല്‍കുകയുമാണ്. സുരക്ഷയുടെ കാര്യത്തിലും റഷ്യ വാവെയെ ഭയപ്പെടേണ്ടതില്ലെന്നു പറയുക വഴി അവര്‍ക്ക് മറ്റു രാജ്യങ്ങളിൽ വഴിതുറക്കുകയും ചെയ്‌തേക്കും.പുതിയ റഷ്യ-ചൈന സൗഹൃദത്തിന് രണ്ടു മാനങ്ങളാണുളളത്. ഒന്ന് രാഷ്ട്രീയപരവും രണ്ട് സാങ്കേതികവിദ്യാപരവും. ഇതിന്റെ പരിണാമം എന്തായിരിക്കുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്. ഭീതിയില്ലാതെ അങ്കംവെട്ടുന്ന പുടിന്‍ എന്തു കണക്കുകൂട്ടലുകളാണ് നടത്തിയിരിക്കുന്നത്?  5ജി ഒരുക്കുകയും റഷ്യന്‍ സ്ഥാപനങ്ങളുമൊത്ത് ഗവേഷണങ്ങളിലേര്‍പ്പെടുകയും വഴി വാവെയ് റഷ്യയില്‍ ആഴത്തില്‍ വേരുകളാഴ്ത്തുകയാണ്. പ്രതിരോധത്തിലും സുരക്ഷയിലും ഇരു രാജ്യങ്ങളും മുൻപില്ലാതിരുന്ന രീതിയില്‍ സഹകരണം സ്ഥാപിച്ചിരിക്കുകയാണ്. വാവെയെ കേന്ദ്രീകരിച്ചാണ് പുതിയ സൗഹാര്‍ദ്ദം എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. 170 രാജ്യങ്ങളില്‍ സാന്നിധ്യമുള്ള ടെക് ഭീമനാണ് വാവെയ്. രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധത്തില്‍ റഷ്യ ഒരുപക്ഷേ ആര്‍ക്കും പിന്നിലല്ല. പക്ഷേ, വ്യക്തികളെയും മറ്റും നിരീക്ഷിക്കുന്ന കാര്യത്തില്‍ മറ്റൊരു രാജ്യവും ചൈനയ്ക്കടുത്ത് എത്തുകയുമില്ല.

എന്നാല്‍, ചരിത്രം പരിശോധിച്ചാല്‍, ചൈന-റഷ്യ സൗഹൃദം തളിര്‍ത്തും പിന്നെ വാടിയും ആണ് നിലനിന്നിരുന്നതെന്നു കാണാം. ടെക്‌നോളജിയിലുള്ള സഹകരണത്തോടെ ഇപ്പോള്‍ തങ്ങളുടെ സൗഹൃദം പുതിയ തലത്തിലേക്ക് ഉയരുകയാണെന്നാണ് ഇരു രാജ്യങ്ങളുടെയും നിലപാട്. ഇരു രാജ്യങ്ങളുടെയും വളര്‍ച്ചയില്‍ല സഹകരിക്കുകയും അതേസമയം ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാതെയുമുള്ള ഒരുമിച്ചുപോക്കാണ് അവര്‍ ലക്ഷ്യമിടുന്നത്. ഇതോടെ, ടെക്‌നോളജി രംഗത്ത് അമേരിക്കയുടെ ആധിപത്യം കുറഞ്ഞേക്കുമെന്നും വിലയിരുത്തലുകളുണ്ട്. വാവെയ്‌ക്കൊപ്പം ടെന്‍സന്റ്, ആലിബാബ തുടങ്ങിയ ചൈനീസ് ഭീമന്മാരും കൂടുതല്‍ കരുത്താര്‍ജ്ജിച്ചേക്കും. രാജ്യ പ്രതിരോധം മുതല്‍ നിര്‍മ്മിത ബുദ്ധിവരെയുള്ള നിരവധി കാര്യങ്ങളില്‍ സഹകരണം വന്നേക്കും.അമേരിക്കയുടെ വാവെയ് വിരോധം റഷ്യയുടെ സ്വന്തം രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കാന്‍ ഒരുങ്ങുകയാണ് പുടിന്‍ എന്നാണ് ഒരു വിലയിരുത്തല്‍. ഇതെല്ലാം അമേരിക്കയ്ക്കും സഖ്യ കക്ഷികള്‍ക്കും ഇരു പക്ഷത്തുമില്ലാത്ത രാജ്യങ്ങള്‍ക്കും ഭാവിയെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കാനുള്ളവക നല്‍കുന്നു.