ബഹിരാകാശ യാത്രനടത്തി റെഡ്മി നോട്ട് 7

ഫോണുകളുടെ പ്രചാരം വര്‍ധിപ്പിക്കാന്‍ അസാധാരണമായൊരു വഴി. ചൈനീസ് സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ ഷാവോമി ചെയ്തത് അതാണ്. റെഡ്മി നോട്ട് 7 സ്മാര്‍ട്‌ഫോണ്‍ ബഹിരാകാശത്തേക്കയക്കുകയാണ് ഷാവോമി ചെയ്തത്. റെഡ്മി നോട്ട് 7 പുറത്തിറക്കിയത് മുതല്‍ ഇത്തരത്തിലുള്ള അസാധാരണമായ പ്രചാരണ തന്ത്രങ്ങളാണ് ഷാവോമി പയറ്റുന്നത്. നേരത്തെ റെഡ്മി നോട്ട് 7 ഫോണ്‍ പുറത്തിറക്കിയ സമയത്ത് ഷാവോമി ജീവനക്കാര്‍ ഫോണിന് മേല്‍ ചവിട്ടുന്നതിന്റേയും അത് സ്‌റ്റെയര്‍കെയ്‌സിന് മുകളില്‍ നിന്നും താഴേക്കിടുന്നതിന്റെയും ഫോണിന് മുകളില്‍ വെച്ച് പച്ചക്കറി അരിയുന്നതിന്റേയും ദൃശ്യങ്ങള്‍ ഷാവോമി പ്രചരിപ്പിച്ചിരുന്നു. ഫോണ്‍ അത്രത്തോളം ഈടുനില്‍ക്കുന്നതാണ് എന്ന് കാണിക്കാനാണ് ഈ ശ്രമങ്ങള്‍. ഇത്തരം ശ്രമങ്ങളുടെ കൂടിയ ഇനമാണ് ഫോണ്‍ ബഹിരാകാശത്തേക്ക് അയച്ച് ഷാവോമി പ്രാവര്‍ത്തികമാക്കിയത്. ഭൂമിയില്‍ നിന്നും 31,000 മീറ്റര്‍ ഉയരത്തിലേക്കുയര്‍ന്ന ഫോണ്‍ അവിടെ നിന്നും കുറച്ച് ചിത്രങ്ങളും പകര്‍ത്തി. ഷാവോമി സിഇഓ ലെയ് ജുന്‍ ആണ് 'ലിറ്റില്‍ കിങ് കോങ്' എന്ന തലക്കെട്ടില്‍ ചൈനീസ് സോഷ്യല്‍ മീഡിയാ സേവനമായ വീബോയില്‍ ഈ വീഡിയോ പങ്കുവെച്ചത്. ഒരു ബലൂണ്‍ ഉപയോഗിച്ചാണ് റെഡ്മി നോട്ട് 7 ഫോണ്‍ ബഹിരാകാശത്തേക്ക് ഉയര്‍ത്തിയത്. ഗൊറില്ല ഗ്ലാസ് 5 ന്റെ സംരക്ഷണം എത്രത്തോളമുണ്ടെന്ന് കാണിച്ചുതരികയാണ് ഷാവോമി ഇതിലൂടെ. ഫോണില്‍ ബഹിരാകാശത്ത് നിന്ന് ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു. 35,375 മീറ്റര്‍ ഉയരത്തില്‍ വെച്ച് ബലൂണ്‍ പൊട്ടിയതോടെ ഫോണ്‍ താഴേക്ക് പതിച്ചു. ബഹിരാകാശം വരെ ഉയര്‍ന്നിട്ടും അത്രയും ഉയരത്തില്‍ നിന്നും താഴെ വീണിട്ടും യാതൊരു കേടുപാടും കൂടാതെ ഫോണ്‍ തിരിച്ചെത്തി എന്നതാണ് ശ്രദ്ധേയം. ഫോണ്‍ ചിത്രങ്ങള്‍ ഷാവോമി ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. റെഡ്മി നോട്ട് 7ന്റെ 48 മെഗാപിക്‌സല്‍ ക്യാമറയാണ് ബഹിരാകാശത്തെ ചിത്രങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ചത്. അതായത് റെഡ്മി നോട്ട് 7ന്റെ ചൈനീസ് പതിപ്പാണ് ബഹിരാകാശത്തേക്ക് അയച്ചത്. ഇന്ത്യയില്‍ ലഭ്യമാക്കിയ റെഡ്മി നോട്ട് 7 സ്മാര്‍ട്‌ഫോണിന് 48 മെഗാപിക്‌സല്‍ ക്യാമറയില്ല. പകരം 12 എംപി+ 2 എംപി റിയര്‍ ക്യാമറയാണുള്ളത്.