മിസൈലുകൾ വഴിതിരിച്ചുവിടാൻ പുതിയ ടെക്നോളജി

മിസൈലുകൾ വഴിതിരിച്ചുവിടാൻ പുതിയ ടെക്നോളജി


വ്യോമ പ്രതിരോധത്തിലേക്കെത്തുന്ന അത്യാധുനിക ലേസർ ആയുധത്തെ കുറിച്ച് ഇസ്രയേല്‍ വെളിപ്പെടുത്തി. ഇതുപയോഗിച്ച് രാജ്യത്തിനെതിരെ പ്രയോഗിക്കുന്ന റോക്കറ്റുകളും മിസൈലുകളും മറ്റു ആയുധങ്ങളും വഴി തിരിച്ചുവിടാമെന്ന് രാജ്യത്തിന്റെ പ്രതിരോധവകുപ്പു മന്ത്രി നഫഅറ്റാലി ബെന്നറ്റ് (Naftali Bennett) അറിയിച്ചു. ഇസ്രയേല്‍ 1990കളുടെ മധ്യേ മുതല്‍ ലേസര്‍ ആയുധങ്ങളുടെ നിര്‍മ്മാണത്തിനു പിന്നാലെയായിരുന്നു. എന്നാല്‍, അത്തരത്തിലുള്ള ആയുയധങ്ങളില്‍ ഏറ്റവും പ്രതീക്ഷ നല്‍കിയിരുന്ന നോട്ടിലസ് ടാക്ടിക്കല്‍ ഹൈ എനര്‍ജി ലേസറിന്റെ (Nautilus Tactical High Energy Laser) നിര്‍മ്മാണം പാതി വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. അമേരിക്കയും ഇസ്രയേലും സംയുക്തമായി നിര്‍മ്മിക്കാന്‍ ശ്രമിച്ചതാണ് നോട്ടിലസ് ലേസര്‍. 2006ല്‍ ഈ പദ്ധതി ഉപേക്ഷിച്ച് പകരമായി ഐയണ്‍ ഡോം മിസിൈല്‍ ബാറ്ററികള്‍ നിര്‍മ്മിച്ചുവരികയായിരുന്നു.

നോട്ടിലസ് ടാക്ടിക്കല്‍ ഹൈ എനര്‍ജി ലേസറിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിർത്തിവച്ചെങ്കിലും ലേസര്‍ ആയുധത്തിനു വേണ്ടിയുള്ള ഗവേഷണം തുടര്‍ന്നിരുന്നു. ഇതിന്റെ ഫലമായി തങ്ങള്‍ക്കിപ്പോള്‍ സുസജ്ജമായ ലേസര്‍ പ്രതിരോധവലയം സൃഷ്ടിക്കാനാകുമെന്നും ഒരു കൊല്ലത്തിനിടയില്‍ഇത് പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാകുമെന്നാണ് പ്രതിരോധ വകുപ്പു മന്ത്രി പ്രഖ്യാപിച്ചത്.തങ്ങളുടെ പുതിയ ടെക്‌നോളജി ഉപയോഗിച്ച് വ്യോമാതിര്‍ത്തിയിലേക്കു പ്രവേശിക്കുന്ന ആക്രമണകാരികളായ മോര്‍ട്ടാറുകള്‍, റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രെനേഡ്, ഡ്രോണുകള്‍ തുടങ്ങിയവയൊക്കെ ലേസര്‍ ഉപയോഗിച്ച് വീഴ്ത്താമെന്നാണ് ഇസ്രയേലിന്റെ അവകാശവാദം. ഒന്നിലേറെ ലേസര്‍ കിരണങ്ങളെ സമ്മേളിപ്പിച്ചാണ് പുതിയ സിസ്‌റ്റം പ്രവര്‍ത്തിപ്പിക്കുന്നത്. ഇത് ഏതു വിഷമം പിടിച്ച കാലാവസ്ഥയിലും പ്രവര്‍ത്തിക്കുമെന്നും ജറുസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ സിസ്റ്റം തങ്ങളുടെ പ്രതിരോധം കൂടുതല്‍ അപകടകാരിയും ശക്തിയുള്ളതും അതിനൂതനവുമാക്കുമെന്നാണ് പ്രതിരോധമന്ത്രി അവകാശപ്പെട്ടത്.

പടിഞ്ഞാറുനിന്നും തെക്കുനിന്നുമുള്ള ഭീഷണികളെ നിര്‍വീര്യമാക്കാന്‍ തങ്ങളൊരു ലേസര്‍ വാൾ (laser sword) പ്രതിരോധ നിരയിലേക്ക് ചേര്‍ക്കുന്നുവെന്നാണ് മന്ത്രി പറഞ്ഞത്. തങ്ങളുടെ ശത്രുക്കള്‍ ഇസ്രയേലിന്റെ കരുത്ത് പരീക്ഷിക്കാതിരിക്കുന്നതാണ് ബുദ്ധിയെന്നും അദ്ദേഹം പറഞ്ഞു. പുതിയ സിസ്റ്റം ഉപയോഗിച്ച് ഗാസയില്‍ നിന്ന് ഇസ്രയേലിലേക്ക് സാധാരണ തൊടുക്കുന്ന റോക്കറ്റായ ക്വാസം (Qassam) തുടങ്ങിയ ആയുധങ്ങളുടെ വഴി തിരിച്ചുവിടാനാണ് ഉദ്ദേശിക്കുന്നത്. ഇസ്രയേലി പ്രതിരോധ വകുപ്പിന്റെ ഗവേഷണ വിഭാഗത്തിന്റ തലവന്‍ യാനിവ് റോടെം പറഞ്ഞത് ഈ കവചം പീരങ്കിയുണ്ടകള്‍ക്കെതിരെയും ഡ്രോണുകള്‍ക്കെതിരെയും ആന്റി ടാങ്ക് മിസൈലുകള്‍ക്കെതിരെയും ടെസ്റ്റു ചെയ്തു കഴിഞ്ഞുവെന്നാണ്.

ഇവയുടെ നിര്‍മ്മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള മറ്റൊരു നിര്‍ണ്ണായക കാരണം അവ മിസൈല്‍ ബാറ്ററികളെക്കാള്‍ വളരെയധികം ചെലവു കുറഞ്ഞതാണ് എന്നതാണ്. വിജയകരമായ ഓരോ അയണ്‍ ഡോം വഴിതിരിച്ചുവിടലിനും ആയിരക്കണക്കിനു ഡോളര്‍ ചെലവുവരും. എന്നാല്‍, ലേസര്‍ ആയുധത്തിനായിരിക്കട്ടെ ഉപയോഗിക്കുന്ന കറന്റിന്റെ കാശേ വരൂ! താഴ്ന്നു പറക്കുന്ന ഡ്രോണുകള്‍, തീയിടല്‍ പട്ടങ്ങള്‍ (incendiary kites), ബലൂണുകള്‍ തുടങ്ങിയവയേയും വിജയകരമായി തുരത്താം. ഇസ്രയേലിന്റെ കൃഷി ഭൂമിക്കു തീയിടാന്‍ പാലസ്തീൻകാർ ഉപയോഗിക്കുന്ന ചില മാര്‍ഗ്ഗങ്ങളാണിവ. 'സ്റ്റാര്‍വാര്‍സ്' സിനിമയില്‍ കണ്ടതുപോലെയുള്ള ശേഷി ഇസ്രയേലിനുണ്ടായേക്കാം എന്നതുകൊണ്ടൊന്നും അവരുടെ ശത്രുക്കള്‍ അവര്‍ക്കെതിരെ മിസൈല്‍ അയയ്ക്കാതിരിക്കില്ല.