മനസുപയോഗിച്ചും ഇനി ടൈപ്പ് ചെയ്യാം

മനസുപയോഗിച്ചും ഇനി ടൈപ്പ് ചെയ്യാം 

ഉപയോക്താക്കള്‍ക്ക് തങ്ങളുടെ മനസ് ഉപയോഗിച്ച് ടൈപ്പ് ചെയ്യാന്‍ അനുവദിക്കുന്ന ഒരു ഓഗ്‌മെന്റഡ് റിയാലിറ്റി ഉപകരണത്തിന്റെ നിര്‍മാണത്തിലാണ് തങ്ങളെന്ന് ടെക് ഭീമന്‍ ഫെയ്‌സ്ബുക് വെളിപ്പെടുത്തി. 2017ലെ തങ്ങളുടെ എഫ് 8 (F8) ഡെവലപ്പേഴ്‌സ് കോണ്‍ഫറന്‍സില്‍ തങ്ങളൊരു ബ്രെയിൻ-കംപ്യൂട്ടര്‍ ഇന്റര്‍ഫെയ്‌സ് പ്രോഗ്രാം (Brain-Computer Interface (BCI) തുടങ്ങുന്നതായി കമ്പനി പ്രഖ്യാപിച്ചിരുന്നു. ആളുകളിലേക്ക് കടന്നുകയറാത്ത (non-invasive), എന്നാല്‍ തങ്ങള്‍ സംസാരിക്കുന്നുവെന്നു ചിന്തിച്ചാല്‍ അതു ടൈപ്പ് ചെയ്‌തെടുക്കാവുന്ന, ധരിക്കാന്‍ സാധിക്കുന്ന ഒരു ഉപകരണം നിര്‍മിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് ഫെയ്‌സ്ബുക് പറഞ്ഞിരുന്നു.

ഇതിനായി കമ്പനി യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ ഒരുകൂട്ടം ഗവേഷകരെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു. നാഡീവ്യൂഹത്തിന് ക്ഷതമേറ്റ രോഗികള്‍ക്ക് വീണ്ടും സംസാരം സാധ്യമാക്കാനായി. അവരുടെ തലച്ചോറിലെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് തത്സമയം സംസാരം വായിച്ചെടുക്കാനുള്ള ശ്രമിത്തിലായിരുന്നു ഈ ഗവേഷകര്‍. അടുത്തിടെ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഗവേഷകര്‍ തങ്ങള്‍ കൈവരിച്ച പുരോഗതി വെളിപ്പെടുത്തിയിരുന്നു. പരിപൂര്‍ണ്ണമായും വ്യക്തികളിലേക്ക് കടന്നുകയറ്റം നടത്താതെയാണ് തങ്ങള്‍ ഇതു ചെയ്തതെന്ന് അവര്‍ അവകാശപ്പെട്ടു. (തങ്ങളുടെ ഉപയോക്താക്കളുടെ ചെയ്തികളിലേക്ക് സദാ ഒളിഞ്ഞു നോക്കിക്കൊണ്ടിരിക്കുന്നുവെന്ന ആരോപണം നേരിടുന്ന കമ്പനിയായ ഫെയ്‌സ്ബുക് ഇറക്കാന്‍ പോകുന്ന ഉപകരണത്തിന് ആളുകളുടെ ചിന്തകളെ പോലും വായിച്ചെടുക്കാനായാല്‍, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം പൂര്‍ത്തിയാകുമെന്ന് എല്ലാവര്‍ക്കും അറിയാവുന്നകാര്യമാണ്.) തങ്ങള്‍ നിര്‍മിച്ചേക്കാവുന്ന എആര്‍ കണ്ണട ധരിച്ചാല്‍ ചിന്തകളെ ടൈപ്പു ചെയ്‌തെടുക്കാനായേക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

കുറച്ചു വാക്കുകളും മറ്റും തത്സമയം തിരിച്ചറിഞ്ഞ് അക്ഷരങ്ങളും വാക്കുകളുമാക്കി മാറ്റിക്കൊണ്ടാണ് ഗവേഷകരുടെ ടീം ഗവേഷണ പുരോഗതി സമര്‍ഥിച്ചത്. ബിസിഐ ഗവേഷണത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു സംഭവം. എന്നാല്‍ തങ്ങളുടെ അല്‍ഗോറിതത്തിന് കുറച്ചു വാക്കുകളെയും പദസമുച്ചയങ്ങളെയും മാത്രമാണ് തിരിച്ചറിയാനാകുക എന്നും ഗവേഷകര്‍ ഊന്നിപ്പറഞ്ഞു. എന്നാല്‍ തങ്ങളുടെ ഗവേഷണം പുരോഗമിക്കുമ്പോള്‍ കൂടുതല്‍ വാക്കുകളും മറ്റും ഉള്‍ക്കൊള്ളിക്കാനും തെറ്റുകളെ  കുറയ്ക്കാനുമാകുമെന്ന് അവര്‍ അവകാശപ്പെട്ടു.

പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാധ്യത തങ്ങള്‍ക്കു ചുറ്റുമുള്ളവരോട് കൂടുതല്‍ എളുപ്പത്തില്‍ സംവാദിക്കാന്‍ അനുവദിക്കുമത്രെ. തലകുനിച്ചിരുന്ന് ഒരു ഫോണിലേക്ക് അക്ഷരങ്ങള്‍ പെറുക്കിപ്പെറുക്കി ടൈപ് ചെയ്യുന്നതുപോലെയോ കംപ്യൂട്ടറിലേക്ക് വലിയ കീബോഡ് ഉപയോഗിച്ച് ടൈപ്പ് ചെയ്യുന്നതു പോലെയൊ അല്ലാതെ ആയാസ രഹിതമായി ടൈപ്പു ചെയ്‌തെടുക്കാനുള്ള ഉദ്യമത്തിന്റെ ഭാഗമാണിത്. ഒരാളുമായ സംസാരിച്ചിരിക്കുമ്പോള്‍ അയാളില്‍ നിന്നു ദൃഷ്ടി പറിക്കാതെ തന്നെ വേണ്ടവാക്കുകള്‍ കുറിച്ചെടുത്തു സൂക്ഷിക്കാം.

പ്രാവര്‍ത്തികമാക്കാനായാല്‍ മനുഷ്യ കേന്ദ്രീകൃതമായ കംപ്യൂട്ടിങ്ങിന്റെ പുതിയ തലത്തിലേക്കു കടക്കാനൊരുങ്ങുകയാണ് ഇതിലൂടെ എന്നാണ് ഫെയ്‌സ്ബുക് റിയാലിറ്റി ലാബ്‌സ് (എഫ്ആര്‍എല്‍) പറയുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും ഓഗ്‌മെന്റഡ് റിയാലിറ്റിയുടെയും മികവുകള്‍ സമ്മേളിപ്പിച്ച് മനുഷ്യര്‍ ലോകവുമായി ഇടപെടുന്നതില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്താനാകുമെന്നാണ് അവര്‍ അവകാശപ്പെടുന്നത്. ഇതെല്ലാം പരിപൂര്‍ണ്ണമായും നൂതനമായിരിക്കും. കീബോര്‍ഡ്, മൗസ് ലോകത്തിനോട് പരിപൂര്‍ണ്ണമായും വിടപറയാനായേക്കുമെന്നും വാദമുണ്ട്.

മനുഷ്യരിലേക്ക് ഒട്ടും കടന്നുകയറാതെ, നിശബ്ദ ഇന്റര്‍ഫെയ്‌സിലൂടെ മനുഷ്യര്‍ക്ക് ചിന്തയിലൂടെ ടൈപ്പ് ചെയ്യാനാകുന്ന ഒരു ഉപകരണമാണ് ഫെയ്‌സ്ബുക് റിയാലിറ്റി ലാബ്‌സ് വികസിപ്പിക്കാനാഗ്രഹിക്കുന്നത്.

ഇന്ന് കംപ്യൂട്ടിങ്ങില്‍ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന ഇന്‍പുട്ട് രീതികളിലൊന്നാണ് ടൈപ്പിങ്. പിസിയിലാണെങ്കിലും സ്മാര്‍ട് ഫോണുകളാണെങ്കിലും ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന ഒന്നാണിത്. പഠിച്ചെടുക്കുന്നതു വരെ വെറുപ്പു തോന്നുന്നതും പഠിച്ചു കഴിഞ്ഞാല്‍ ആഹ്ലാദദായകവുമായ ഒരു പ്രവൃത്തിയുമാണിത്. വോയ്‌സ് കംപ്യൂട്ടിങ് ആണ് അടുത്തെതന്നാണ് ഇത്രകാലം പറഞ്ഞുകേട്ടിരുന്നത്. എന്തായാലും ഹാന്‍ഡ്‌സ് ഫ്രീ കംപ്യൂട്ടിങ് എന്നതാണ് ഇനി ടെക് ലോകം എത്തിച്ചേരാന്‍ ആഗ്രഹിക്കുന്ന മേഖലകളിലൊന്ന്. പുതിയ പരീക്ഷണങ്ങള്‍ വിജയിച്ചാല്‍പ്പിന്നെ ടൈപ്പിങ് പേടിക്കാര്‍ക്കും ടൈപ്പു ചെയ്തു കൂട്ടാം


Now Let's Type In The Mind Also