ഇന്ത്യയില്‍ തനിയ്ക്ക് പ്രതീക്ഷയുണ്ടെന്ന് മൈക്രോസോഫ്റ്റ് മേധാവി

ഇന്ത്യയില്‍ തനിയ്ക്ക്  പ്രതീക്ഷയുണ്ടെന്ന് മൈക്രോസോഫ്റ്റ് മേധാവി


പൗരത്വ ബില്ലിനെ സംബന്ധിച്ചു നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് മൈക്രോസോഫ്റ്റ് മേധാവി സത്യാ നദേലയ്‌ക്കെതിരെ പല ഭാഗത്തു നിന്നും കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍, ദാവോസില്‍ വച്ചു നടക്കുന്ന ദി വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം പറഞ്ഞത് താന്‍ ഇന്ത്യയില്‍ വളരെയധികം പ്രതീക്ഷയര്‍പ്പിക്കുന്നു എന്നാണ്. വിവിധ സംസ്‌കാരങ്ങളുടെ സമ്മേളനമായ, ഉണര്‍വുള്ള ജനാധിപത്യമുള്ള, ബിസിനസ് അവസരങ്ങളുള്ള, ലോക ജനസംഖ്യയുടെ അഞ്ചിലൊന്നിനെ വഹിക്കുകയും, നാലാം വ്യവസായ വിപ്ലവത്തില്‍ പങ്കെടുക്കുകയും ചെയ്യുന്ന രാജ്യമായ ഇന്ത്യ തനിക്കു പ്രതീക്ഷ നല്‍കുന്നു എന്നാണ് ഇന്ത്യന്‍ വംശജനായ നദേല വിശദീകരിച്ചത്.

കുടിയേറ്റത്തിന്റെ കാര്യത്തില്‍ അമേരിക്കയുടെ നയങ്ങള്‍ ശരിയാണെന്നു കരുതുന്ന നദേല പറയുന്നത് രാജ്യങ്ങള്‍ കുടിയേറ്റം അനുവദിക്കണമെന്നും അല്ലാത്തപക്ഷം അവര്‍ ചിലപ്പോള്‍ സാങ്കേതികവിദ്യാഭിവൃത്തിയുടെ കുതിപ്പ് ആവാഹിക്കാനായേക്കില്ല എന്നുമാണ് അദ്ദേഹത്തിന്റെ ഭയപ്പാട്. രാജ്യങ്ങള്‍ക്ക് കഴിവുള്ളവരെ കിട്ടണമെങ്കില്‍ കുടിയേറ്റം പ്രോത്സാഹിപ്പിക്കണം എന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം. പുതിയ സാഹചര്യത്തില്‍ മറ്റു രാജ്യങ്ങള്‍ക്കൊപ്പം മത്സരിക്കണമെങ്കില്‍ ധാരാളം വെല്ലുവിളികള്‍ നേരിടേണ്ടതായുണ്ട്.കഴിഞ്ഞയാഴ്ച ബസ്ഫീഡ് എഡിറ്റര്‍ ബെന്‍ സ്മിത്തുമായുള്ള അഭിമുഖ സംഭാഷണത്തിനിടെയാണ് നദേല പൗരത്വ ബില്ലിനെതിരെ സംസാരിച്ചത്. ആളുകള്‍ തമ്മില്‍ തരിച്ചുവ്യത്യാസം കൊണ്ടുവരുന്നതിനെതിരെയാണ് അദ്ദേഹം സംസാരിച്ചത്. എന്നാല്‍, അധികം താമസിയാതെ മൈക്രോസോഫ്റ്റ് നദേലയ്ക്കായി പുതിയ പ്രസ്താവന ഇറക്കുകയായിരുന്നു. ഓരോ രാജ്യവും അതിന്റെ അതിര്‍ത്തികള്‍ നിര്‍ണ്ണയിക്കുകയും ദേശീയ സുരക്ഷ പരിരക്ഷിക്കുകയും കുടിയേറ്റ നയം രാജ്യത്തിന് ഉചിതമായ രീതിയില്‍ രൂപീകരിക്കുകയും വേണമെന്നാണ് പറഞ്ഞത്.

നദേല മാത്രമല്ല മിക്കവാറും കമ്പനികളുടെയൊക്കെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍മാര്‍ പൗരത്വ ബില്ലിനെക്കുറിച്ച് സംസാരിക്കുന്നതിന് വൈമുഖ്യം കാണിച്ചു. ഇന്ത്യയിലെ നിക്ഷേപ സാധ്യതകള്‍ നിലനിര്‍ത്താനാണ് അവര്‍ തങ്ങളുടെ അഭിപ്രായം പറയാതിരുന്നത്. പൗരത്വ ബില്ലിനെതിരെ ഇന്ത്യയില്‍ പ്രതിഷേധങ്ങള്‍ ഉയരുകയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സർക്കാർ ഇന്റര്‍നെറ്റ് വിച്ഛേദിക്കുകയും ശക്തിയുപയോഗിച്ച് പ്രതിഷേധിച്ചവരെ അകറ്റി നിർത്തുകയും ചെയ്തിരുന്നല്ലോ.എന്തായാലും, നദേല പറയുന്നത് ഇന്ത്യ വിവിധ സംസ്‌കാരങ്ങളുടെ സമ്മേളനമാണെന്നും പുതിയ പ്രതിസന്ധിയില്‍ നിന്നു കരകയറാനുള്ള കരുത്ത് രാജ്യത്തിനുണ്ട് എന്നുമാണ്. ഇന്ത്യന്‍ ദേശീയതയ്ക്ക് 70 വര്‍ഷത്തെ ചരിത്രം ഉയര്‍ത്തിക്കാട്ടാനുണ്ട്. അതൊരു ശക്തമായ അടിത്തറയാണ്. ഇന്ത്യയില്‍ ഇന്നു നടക്കുന്ന കാര്യങ്ങള്‍ രാജ്യത്തെ സാംസ്‌കാരിക വൈവിധ്യത്തെ ഉള്‍ക്കൊണ്ട് മറികടക്കാനാകുമെന്നാണ് അദ്ദേഹം പറയുന്നത്.

അമേരിക്ക പോലെയുള്ള രാജ്യങ്ങള്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരെ സ്വാഗതം ചെയ്താണ് അവരുടെ ഇന്നത്തെ നിലയിലെത്തിയത്. നദേലയും ഗൂഗിളിന്റെ പരമോന്നത പദവിയിലിരിക്കുന്ന സുന്ദര്‍ പിച്ചൈയും അഡോബി മേധാവി എസ് നാരായനുമടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരെ രണ്ടു കൈയ്യും നീട്ടി സ്വാഗതം ചെയ്യുന്ന അമേരിക്കന്‍ രീതിയാണ് നദേല ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിച്ചത്. ഇന്‍ഫോസിസിന്റെ മേധാവിത്വത്തിലേക്ക് ഒരു ബംഗ്ലാദേശി കുടിയേറ്റക്കാരന്‍ എത്തട്ടെ എന്ന പ്രസ്താവനയ്ക്കു പിന്നില്‍ ആ ബഹുസ്വരതായാണ് ഉള്ളതെങ്കില്‍ മൈക്രോസോഫ്റ്റ് കമ്പനി തങ്ങളുടെ മേധാവി കൂടുതല്‍ നയതന്ത്രപരമായ വാചകം കൊണ്ട് തിരുത്തുകയായിരുന്നു.കഴിഞ്ഞ വര്‍ഷം മൈക്രോസോഫ്റ്റ് കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നിന്ന് ഏകദേശം 100 കോടി ഡോളറിലേറെ വരുമാനം ഉണ്ടാക്കിെയന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍, ഇന്ത്യയില്‍ കടുത്ത മത്സരം നേരിടുന്ന കമ്പനിക്ക് കഴിഞ്ഞ വര്‍ഷം വരുമാനത്തില്‍ 12 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നതെന്നും പറയുന്നു. തങ്ങളുടെ ക്ലൗഡ് സേവനത്തില്‍ നിന്നും മൈക്രോസോഫ്റ്റ് ഓഫിസിന്റെ വില്‍പ്പനയില്‍ നിന്നുമാണ് അവര്‍ പൈസയുണ്ടാക്കുന്നത്. എന്നാല്‍, വളരെ നേരത്തെ ഇന്ത്യയില്‍ ക്ലൗഡ് സേവനം നല്‍കി തുടങ്ങിയ കമ്പനിയാണ് മൈക്രോസോഫ്റ്റ് എങ്കിലും വേണ്ടത്ര ശോഭിച്ചില്ലെന്നും കാണാം.

ഇന്ത്യന്‍ ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ക്കായുള്ള ഡിജിറ്റല്‍ ഗവേണന്‍സ് ടെക് ടൂര്‍ (Digital Governance Tech Tour)മൈക്രോസോഫ്റ്റിന്റെ പദ്ധതിയാണ്. സർക്കാർ ഉദ്യോഗസ്ഥരെ കൂടുതല്‍ കാലികമായ കാര്യപ്രാപ്തിയുളളവരാക്കുക വഴി ജനങ്ങള്‍ക്കു കൂടുതല്‍ മികച്ചസേവനം നടത്താന്‍ സാധിക്കുമെന്ന തത്വമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. വിദ്യാഭ്യാസത്തില്‍ മൈക്രോസോഫ്റ്റ് ആന്ധ്രാപ്രദേശിനെ സഹായിക്കുന്നുണ്ട്. ക്ലാസില്‍ നിന്നു ചാടിപ്പോകുന്ന കുട്ടികളെ കണ്ടെത്താനാണ് അവര്‍ സഹായിക്കുന്നത്. മറ്റു ജനോപകാരപ്രദമായ പല പദ്ധതികളിലും മൈക്രോസോഫ്റ്റ് ഇന്ത്യയില്‍ ഏര്‍പ്പെടുന്നു.