ശുദ്ധികലശത്തിന് ഫെയ്‌സ്ബുക്ക്!പണികിട്ടുന്നത് ആര്‍ക്ക്?

ഫെയ്‌സ്ബുക്കില്‍ ബിസിനസുകളെ സംബന്ധിച്ച് വരുന്ന ചില പോസ്റ്റുകള്‍ക്ക് ഒരു അവസാനം കണ്ടെത്താന്‍ ഫെയ്‌സ്ബുക്ക് ഒരുങ്ങുന്നുവെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ .വ്യക്തിവിശേഷങ്ങളും അഭിപ്രായങ്ങളുമായി സൈറ്റിനെ ചുരുക്കുമെന്ന് പ്രഖ്യാപിച്ച് ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ സക്കര്‍ബര്‍ഗ് തന്നെ രംഗത്തെത്തിയിട്ടുണ്ട്. ബിസിനസുകളെ പ്രമോട്ട് ചെയ്യുന്നതിന് പകരം സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഷെയര്‍ ചെയ്യുന്ന ഫോട്ടോകള്‍ക്കും മെസേജുകള്‍ക്കുമായിരിക്കും ഇനി മുതല്‍ ഫെയ്‌സ്ബുക്ക് മുന്‍ഗണന നല്‍കുന്നതെന്ന് വ്യാഴാഴ്ച നടത്തിയ നിര്‍ണായക പ്രഖ്യാപനത്തിലൂടെ ഫെയ്‌സ്ബുക്ക് വെളിപ്പെടുത്തുന്നു. യൂസര്‍മാരെ കാര്യമായ സാമൂഹിക ഇടപെടലുകള്‍ക്കായി പ്രേരിപ്പിക്കുകയെന്ന നീക്കത്തിന്റെ ഭാഗമായിട്ടാണ് ഈ ശുദ്ധികലശത്തിന് ഫെയ്‌സ്ബുക്ക് ഒരുങ്ങുന്നത്.