വായുമലിനീകരണം നിയന്ത്രിക്കാന്‍ ഇലക്ട്രിക് വിമാനം

വ്യോമഗതാഗതത്തിന്റെ മലിനീകരണം നിയന്ത്രിക്കാന്‍ മാര്‍ഗവുമായി ബ്രിട്ടിഷ് വിമാനക്കമ്പനിയായ ഈസി ജെറ്റ് .ബ്രിട്ടിഷ് വിമാനക്കമ്പനിയായ ഈസി ജറ്റ് ഇലക്ട്രിക് യാത്രാ വിമാനം രംഗത്തിറക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് . ഈ വിമാനം 2030 ല്‍ ദൈനംദിന യാത്രയ്ക്ക് ഉപയോഗിക്കാവുന്ന തരത്തില്‍ നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് ഈസിജറ്റ് പ്രതീക്ഷിക്കുന്നത്. അമേരിക്കന്‍ നിര്‍മാതാക്കളായ റൈറ്റ് ഇലക്ടിക് ആണ് വിമാനത്തിന്റെ നിര്‍മാണ ചുമതല ഏറ്റെടുത്തിരിക്കുന്നത്. ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഈ വിമാനങ്ങള്‍ തുടക്കത്തില്‍ രണ്ട് മണിക്കൂറിനുള്ളിലോ അല്ലെങ്കില്‍ അഞ്ഞൂറ് കിലോമീറ്റര്‍ ദൂരത്തോ ഉള്ള മാര്‍ഗ്ഗങ്ങളിലാകും ഉപയോഗിക്കുക. കാറുകളിലും സ്കൂട്ടറുകളിലും എന്ന പോലെ ബാറ്ററി ഉപയോഗിച്ച് തന്നെയാണ് ഈ വിമാനങ്ങളും സഞ്ചരിക്കുക. മറ്റ് വിമാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ അന്‍പതു ശതമാനത്തോളം ശബ്ദമലിനീകരണത്തിലും 10 ശതമാനം വിലയിലും ഇലക്ട്രിക് വിമാനങ്ങള്‍ക്ക് കുറവുണ്ടാകും. ഈസി ജറ്റും റൈറ്റ് ഇലക്ട്രിക്കും ചേര്‍ന്ന് രണ്ട് പേര്‍ക്കിരിക്കാവും ഇലക്ട്രിക് വിമാനം ഇതിനകം തന്നെ നിര്‍മ്മിച്ചുപയോഗിക്കുന്നുണ്ട്. നിലവില്‍ അന്‍പതു പേര്‍ക്ക് സഞ്ചരിക്കാവുന്ന വിമാനത്തിന്റെ നിര്‍മാണത്തിലുമാണ്.വരും വര്‍ഷങ്ങളില്‍ 150 മുതല്‍ 180 പേർക്കുവരെ സഞ്ചരിക്കാവുന്ന വിമാനം നിര്‍മിക്കാനും അത് പൊതു ഗതാഗതത്തിനായി ഉപയോഗിക്കാനുമാണ് നിര്‍മാതാക്കളുടെ ലക്ഷ്യം. ഈ വിമാനത്തിന്റെ നിര്‍മ്മാണം അഞ്ചോ ആറോ വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയായേക്കും. സുരക്ഷാ പരിശോധന ഉള്‍പ്പടെയുള്ളവ പൂര്‍ത്തിയായി വിമാനം പൊതുഗതാഗതത്തിന് 2030 ന് മുന്‍പായി എത്തിക്കാന്‍ കഴിയൂമെന്നാണ് ഈസിജറ്റ് പ്രതീക്ഷിക്കുന്നത്.വിമാനം സൃഷ്ടിക്കുന്ന കാര്‍ബണ്‍ മലിനീകരണം ഒരു കാര്‍ വര്‍ഷത്തില്‍ സൃഷ്ടിക്കുന്ന കാര്‍ബണ്‍ ബഹിര്‍ഗമനത്തിന് തുല്യമാണ്. അതുകൊണ്ടു തന്നെ ഇലക്ട്രിക് വിമാനങ്ങള്‍ ഒരു വിജയമാകുകയും അത് വ്യാപകമാകുകയും ചെയ്യുന്നത് നിലവിലെ കാര്‍ബൺ ബഹിര്‍ഗമന തോത് വലിയ അളവില്‍ കുറയ്ക്കാന്‍ സഹായിക്കും. ബോയിങ്, എയര്‍ജെറ്റ് തുടങ്ങിയ കമ്പനികളും ഇപ്പോള്‍ ഇലക്ട്രിക് യാത്രാ വിമാനങ്ങള്‍ നിർമിക്കാനുള്ള ശ്രമത്തിലാണ്.