ചൈനീസ് ബ്രാൻഡായ ഹോങ്ചി റോൾസ് റോയ്സിനു വെല്ലുവിളി ആകുമോ

ചൈനീസ് ബ്രാൻഡായ ഹോങ്ചി റോൾസ് റോയ്സിനു വെല്ലുവിളി ആകുമോ ?

ആഡംബരത്തിന്റെ അവസാന വാക്കായി വാഴ്ത്തപ്പെടുന്ന റോൾസ് റോയ്സിനെ വെല്ലുവിളിക്കാൻ ചൈനീസ് ബ്രാൻഡായ ഹോങ്ചി വരുന്നു. കഴിഞ്ഞ വർഷം റോൾസ് റോയ്സിന്റെ ഡിസൈൻ മേധാവി ഗൈൽസ് ടെയ്‌ലറെ ഒപ്പം ചേർത്തതോടെയാണ് ആഭ്യന്തര വിപണിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ഹോങ്ചിയുടെ മോഹങ്ങൾക്കു രാജ്യാന്തരതലത്തിലേക്കു ചിറകേകിയത്.സാംസ്കാരികമായും ചരിത്രപരമായും സമ്പന്ന പാരമ്പര്യത്തിന്റെ പകിട്ടുള്ള ഹോങ്ചി ചൈനയിലെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ എഫ്എഡബ്ല്യു ഗ്രൂപ്പിന്റെ ഭാഗമാണ്. സർക്കാരിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്കായി എൽ ഫൈവ് പോലുള്ള ലിമൊസിനുകൾ നിർമിച്ചു നൽകുന്നതും ഹോങ്ചി തന്നെ.

ചൈനയിലെ അതിസമ്പന്നരെ ലക്ഷ്യമിട്ടാണു ഹോങ്ക്വിയുടെ അത്യാഡംബര കാറിന്റെ വരവെന്നു കമ്പനിയുടെ ഗ്ലോബൽ വൈസ് പ്രസിഡന്റും ചീഫ് ക്രിയേറ്റീവ് ഓഫിസറുമായി മ്യൂണിച് ആസ്ഥാനമായി പ്രവർത്തിക്കുന്ന ടെയ്ലർ വ്യക്തമാക്കുന്നു. പരമ്പരാഗതമായി റോൾസ് റോയ്സ് വാങ്ങുന്നവരാണിവർ. പക്ഷേ അതിസമ്പന്നരായ ഈ യുവാക്കളിൽ പലരും ചൈനീസ് കാർ വാങ്ങാൻ ആഗ്രഹിക്കുന്നവരാണെന്നു ടെയ്ലർ അവകാശപ്പെടുന്നു

അതേസമയം, റോൾസ് റോയ്സ് ഉപയോക്താക്കളെ വശീകരിക്കാനായി ബ്രിട്ടീഷ് ബ്രാൻഡിനെ അനുകരിക്കാൻ പദ്ധതിയില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. തന്റെ നേതൃത്വത്തിൽ രൂപകൽപ്പന ചെയ്യുന്ന കാറിനു വേറിട്ട വ്യക്തിത്വവും ടെയ്ലർ ഉറപ്പു നൽകുന്നു.പുതുമ നിറഞ്ഞതും ഡിജിറ്റൽ സഹായത്തോടയുള്ളതുമായ പുത്തൻ ചൈനീസ് രൂപകൽപ്പനാ ശൈലിയാവും വേറിട്ടു നിൽക്കാൻ പ്രാപ്തിയുള്ള ഹോങ്ക്വി കാറിനായി പിന്തുടരുക. റോൾസ് റോയ്സിനെ അനുകരിച്ചു എന്ന ആക്ഷേപം ഒഴിവാക്കാൻ പ്രത്യേക ശ്രദ്ധ പുലർത്തുമെന്നും ടെയ്ലർ വ്യക്തമാക്കുന്നു.പുതിയ ബ്രാൻഡ് വ്യക്തിത്വം ഉറപ്പാക്കാനുള്ള പ്രചോദനം ചൈനീസ് സംസ്കാരമാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശക്തമായ ചൈനീസ് വേരുകളുടെ പിൻബലത്തിൽ ആഭ്യന്തര വിപണിയിലെ ഒന്നാമത്തെ ആഡംബര ബ്രാൻഡാവാൻ ഹോങ്ക്വിക്കു സാധിക്കുമെന്നും അദ്ദേഹം കരുതുന്നു.