സ്തനാര്‍ബുദം കണ്ടുപിടിക്കാൻ ബ്രാ

സ്തനാര്‍ബുദം ഉണ്ടോ ഇല്ലയോ എന്ന് സെന്‍സറുകള്‍ ഘടിപ്പിച്ച ബ്രേസിയര്‍ ധരിച്ചാല്‍ മിനിറ്റുകള്‍കൊണ്ട് അറിയാം അത്താണി സീ-മെറ്റിലെ ശാസ്ത്രജ്ഞയായ ഡോ.എ. സീമയെ തേടിയെത്തിയത് രണ്ട് ദേശീയ അവാര്‍ഡുകള്‍. നാഷണല്‍ അവാര്‍ഡ് ഫോര്‍ വിമെന്‍സ് ഡെവലപ്മെന്റ് ത്രൂ ആപ്ലിക്കേഷന്‍ ഓഫ് സയന്‍സും കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന നാരീശക്തി പുരസ്‌കാരവുമാണ് സീമയ്ക്ക് ലഭിച്ചത്. സ്തനാര്‍ബുദം പരിശോധിക്കാന്‍ ഇവരും സംഘവും ചേര്‍ന്ന് നിര്‍മിച്ച സെന്‍സറുകള്‍ ഘടിപ്പിച്ച ബ്രേസിയര്‍ ശാസ്ത്രലോകം ശ്രദ്ധിച്ച കണ്ടുപിടിത്തമാണ്. ഒരുപക്ഷേ സമീപഭാവിയില്‍ ഡോ.എ. സീമയുടെ കണ്ടുപിടിത്തം രാജ്യത്തെ സ്ത്രീകള്‍ക്കിടയില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടേക്കാം. അതിനുള്ള വഴികള്‍ ഒന്നൊന്നായിട്ടാണ് തുറന്നുവരുന്നത്. തൃശ്ശൂരിലെ അത്താണിയിലുള്ള ഒരു ഗവേഷണസ്ഥാപനത്തിലെ സീമയെയും സംഘത്തെയും തേടിയെത്തിയത് രാജ്യത്തെ ഉന്നതമായ പുരസ്‌കാരങ്ങളിലൊന്നാണ്. നാഷണല്‍ അവാര്‍ഡ് ഫോര്‍ വിമെന്‍സ് ഡെവലപ്മെന്റ് ത്രൂ ആപ്ലിക്കേഷന്‍ ഓഫ് സയന്‍സ് എന്ന അവാര്‍ഡാണിത്. ഇക്കൊല്ലം രാജ്യത്ത് ഈ അവാര്‍ഡ് കിട്ടിയ ഏക വ്യക്തിയും സീമ തന്നെ. വനിതാദിനത്തിന് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന നാരീശക്തി പുരസ്‌കാരത്തിനും (ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും) ഇത്തവണ ഈ ശാസ്ത്രപ്രതിഭ അര്‍ഹയായി. വനിതാദിനമായ മാര്‍ച്ച് എട്ടിന് രാഷ്ട്രപതിയില്‍നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങും. ശരിക്കും പറഞ്ഞാല്‍ സെന്‍സറുകള്‍ ഘടിപ്പിച്ച ഒരു ബ്രേസിയറാണ് ശാസ്ത്രലോകം ശ്രദ്ധിച്ച കണ്ടുപിടിത്തം എന്നു പറയാം. സ്തനാര്‍ബുദം ഉണ്ടോ ഇല്ലയോ എന്ന് ഇത് ധരിച്ചാല്‍ മിനിറ്റുകള്‍കൊണ്ട് അറിയാം. ഏതു പ്രായക്കാരായ സ്ത്രീകള്‍ക്കും ഇതുപയോഗിച്ച് പരിശോധന നടത്താം. ഇതില്‍ ഘടിപ്പിച്ചിരിക്കുന്ന സോക്കറ്റിലൂടെ കംപ്യൂട്ടറിലേക്ക് ലഭിക്കുന്ന ദ്വിമാനചിത്രം രോഗമുണ്ടോ ഇല്ലയോ എന്ന വിവരം നല്‍കും. വസ്ത്രത്തിനുള്ളിലെ സെന്‍സറുകളാണ് ദ്വിമാനചിത്രമെടുക്കുന്നത്. ഡോക്ടര്‍ക്ക് മാത്രമല്ല, യെസ് അല്ലെങ്കില്‍ നോ എന്ന പ്രാഥമിക വിവരത്തിലൂടെ ഒരു ആശ വര്‍ക്കര്‍ക്കുപോലും രോഗനിര്‍ണയം നടത്താമെന്നതാണ് ഇതിന്റെ പ്രത്യേകത. കോടിയേരിയിലെ മലബാര്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ.ബി. സതീശനാണ് സി-മെറ്റിനെയും ഡോ.സീമയെയും കൊണ്ട് ഇത്തരമൊരു ആശയത്തെക്കുറിച്ച് ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചത്. രാജ്യത്ത് പ്രതിവര്‍ഷം 1.5 ലക്ഷം സ്തനാര്‍ബുദരോഗികള്‍ ഉള്ളതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടുള്ളതും അദ്ദേഹം ശ്രദ്ധയില്‍പ്പെടുത്തി. പടിഞ്ഞാറന്‍ രാജ്യങ്ങളെയപേക്ഷിച്ച് ഇന്ത്യയില്‍ 40 വയസ്സില്‍ താഴെയുള്ള സ്ത്രീകളില്‍ സ്തനാര്‍ബുദം റിപ്പോര്‍ട്ടു ചെയ്യുന്നു. 40 വയസ്സിനു മേല്‍ പ്രായമുള്ളവരിലാണ് മാമോഗ്രാം അടക്കമുള്ള പരിശോധനകള്‍ ചെയ്യാറുള്ളത്. ഈ വിഷയങ്ങള്‍ കണക്കിലെടുത്ത് നടത്തിയ ഗവേഷണമാണ് ലോകത്ത് ആദ്യമായി ഇത്തരത്തിലുള്ളൊരു സംവിധാനത്തിന്റെ പിറവിയിലേക്ക് നയിച്ചത്. ഇന്ത്യയിലും യു.എസിലും പേറ്റന്റിന് അപേക്ഷിച്ചിരിക്കുകയാണ് സി-മെറ്റ്. കാന്‍സര്‍ ബാധിക്കുന്ന കോശങ്ങള്‍ വിഭജിക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന താപനിലയിലെ വ്യത്യാസമാണ് രോഗനിര്‍ണയത്തിലെ പ്രധാന ഘടകം. ഇത്തരത്തിലുള്ള താപവ്യത്യാസം ഏറ്റവും സൂക്ഷ്മമായ അളവില്‍ കണ്ടെത്താനായാല്‍ അത് ഏറെ വിജയകരമാണ്. അങ്ങനെയാണ് ചൂട് തിരിച്ചറിയാനുള്ള കുഞ്ഞു സെന്‍സറുകളിലേക്ക് ഗവേഷകബുദ്ധി ചലിച്ചത്. അത് സ്ത്രീക്ക് സ്വകാര്യത ഉറപ്പുവരുത്തുന്നതും റേഡിയേഷന്‍ പോലുള്ള പ്രശ്നങ്ങള്‍ ഇല്ലാത്തതുമായിരിക്കണമെന്നും കണക്കുകൂട്ടി. ഒരു മില്ലിമീറ്റര്‍ നീളവും ഒരു മില്ലിമീറ്റര്‍ വീതിയും ഒന്നര മില്ലിമീറ്റര്‍ കനവും ഉള്ള സെന്‍സറുകള്‍ ഇവിടെത്തന്നെ വികസിപ്പിച്ചു. ഓരോ സെന്‍സറും ഒരു സംവിധാനത്തില്‍ ഘടിപ്പിക്കുമ്പോള്‍ അത് 'പ്രോബ്' എന്നറിയപ്പെടും. ഇത്തരത്തിലുള്ള നിശ്ചിത എണ്ണം പ്രോബുകള്‍ പ്രത്യേകം രൂപകല്പന ചെയ്ത കോട്ടണ്‍ ബ്രായുടെ ഇരുഭാഗങ്ങളിലുമായി തുന്നിച്ചേര്‍ക്കും. എല്ലാ സെന്‍സറുകളും പരസ്പരം യോജിപ്പിച്ചിട്ടുണ്ട്. ഇവയില്‍നിന്ന് എല്ലാംകൂടിയുള്ള ഡേറ്റയാണ് സോക്കറ്റിലൂടെ കംപ്യൂട്ടറിലേക്ക് ദ്വിമാനചിത്രരൂപത്തില്‍ എടുക്കാന്‍ കഴിയുക. വേണമെങ്കില്‍ മൊബൈലിലേക്കും എടുക്കാവുന്നതരത്തിലേക്ക് മാറ്റാനും പറ്റും. 15 മുതല്‍ 30 മിനിറ്റിനകം ഒരാളിന്റെ പരിശോധന പൂര്‍ത്തിയാക്കാന്‍ കഴിയും. 500 രൂപയില്‍ താഴെ മാത്രമേ ഇത്തരമൊരു ബ്രാ വികസിപ്പിക്കാന്‍ ചെലവായിട്ടുള്ളൂ. വാണിജ്യാടിസ്ഥാനത്തില്‍ 200 രൂപയ്ക്ക് ഉത്പാദിപ്പിക്കാനാവുമെന്ന് ഡോ.സീമ പറയുന്നു. 2014-ലാണ് ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. 2018-ല്‍ പൂര്‍ണമാക്കി. മലബാര്‍ കാന്‍സര്‍ സെന്ററിലെ 117 രോഗികളില്‍ നടത്തിയ പരീക്ഷണമാണ് ഇത് വിജയമാണെന്നു തെളിയിച്ചത്. ഇത് വഴി സ്തനാര്‍ബുദ പരിശോധനയില്‍ റേഡിയേഷന്‍ പേടി വേണ്ട, സ്വകാര്യത ഉറപ്പ്, വേദനയില്ല, കൊണ്ടുനടക്കാവുന്ന സംവിധാനം, വീണ്ടും ഉപയോഗിക്കാം , പ്രായപരിധിയില്ലാതെ ഉപയോഗിക്കാം, ആശാ വര്‍ക്കര്‍ക്കുപോലും പ്രവര്‍ത്തിപ്പിക്കാം.