ഗാലക്സി ഫോള്‍ഡബിള്‍; തൊട്ടാല്‍ പൊള്ളും

ഗാലക്സി ഫോള്‍ഡബിള്‍; തൊട്ടാല്‍ പൊള്ളും

സാംസംഗ്  ഫോള്‍ഡബിള്‍ ഫോണ്‍ വിപണിയില്‍ ഇറക്കാന്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട്. 2019 മാര്‍ച്ചില്‍ 5ജി സൗകര്യമുള്ള ഗാലക്‌സി എസ്10 ഫോണിനൊപ്പം അടുത്തിടെ സാംസങ് ജനങ്ങള്‍ക്ക് മുന്നില്‍ പരിചയപ്പെടുത്തിയ ഫോള്‍ഡബിള്‍ ഫോണും സാംസങ് വിപണിയിലെത്തിക്കുമെന്നാണ്  ദക്ഷിണ കൊറിയിലെ യോനാപ്പ് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിന്റെ പേര് ഗാലക്‌സി എഫ് എന്നായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു. 2019ല്‍ ആദ്യ പകുതിയില്‍ തന്നെ മടക്കാവുന്ന ഫോണ്‍ തങ്ങള്‍ വിപണിയിലെത്തിക്കുമെന്ന സാംസങ് ഇലക്ട്രോണിക്‌സ് പ്രസിഡന്റ് കോഹ് ഡോങ്-ജിന്‍ പറഞ്ഞിരുന്നു.  ഒരു ലക്ഷം ഫോണുകളായിരിക്കും ആദ്യ ഘട്ടത്തില്‍   വിപണിയിലെത്തിക്കുക. ഈയിടെ  സാംസങ് ഡെവലപ്പര്‍ കോണ്‍ഫറന്‍സിലാണ്  സാംസങ് തങ്ങളുടെ ആദ്യ ഫോള്‍ഡബിള്‍ ഡിസ്‌പ്ലേ സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിച്ചത്. ഈ ഫോണില്‍ 5ജി സൗകര്യം ഉണ്ടാവാനിടയില്ല.  7.4 ഇഞ്ച് വീതിയുള്ള ഫോള്‍ഡബിള്‍ ഡിസ്‌പ്ലേയും 4.6 ഇഞ്ചിന്റെ ചെറിയ ഡിസ്‌പ്ലേയും അടങ്ങുന്നതാണ് ഈ ഫോണ്‍. ടാബ്ലറ്റ് വലിപ്പത്തിലുള്ള സ്‌ക്രീന്‍ മടക്കി ഫോണ്‍ ആയി ഉപയോഗിക്കാന്‍ കഴിയും വിധമാണ് ഇതിന്റെ രൂപകല്‍പ്പന. മടക്കാവുന്ന ഫോണിന്റെ വില സാംസങ് ഇതുവരെ തീരുമാനിച്ചിട്ടില്ല. എന്നാല്‍ ഫോണിന് 1,29,100 രൂപയോളം വിലയുണ്ടാവുമെന്നാണ് വിപണി നിരീക്ഷകരുടെ അനുമാനം.