മനുഷ്യനെ ബഹിരാകാശത്തു എത്തിക്കാൻ പാക്കിസ്ഥാനും

മനുഷ്യനെ ബഹിരാകാശത്തു എത്തിക്കാൻ  പാക്കിസ്ഥാനും

 പാകിസ്താൻ ഏഷ്യൻ വൻകരയുടെ തെക്കുഭാഗത്തുള്ള രാജ്യമാണ്‌. (ഔദ്യോഗിക നാമം: ഇസ്ലാമിക്‌ റിപ്പബ്ലിക്‌ ഓഫ്‌ പാകിസ്താൻ). ഇന്ത്യ, അഫ്ഗാനിസ്ഥാൻ, ഇറാൻ, ചൈന എന്നിവയാണ്‌ അയൽ രാജ്യങ്ങൾ. ഇന്ത്യാ വിഭജനത്തിലൂടെ ബ്രിട്ടീഷുകാരിൽ നിന്നും സ്വാതന്ത്ര്യം നേടിയാണ്‌ പാകിസ്താൻ നിലവിൽവന്നത്‌. ജനസംഖ്യാടിസ്ഥാനത്തിൽ ആറാം സ്ഥാനത്താണ്‌ ഈ മുസ്ലിം ഭൂരിപക്ഷ രാജ്യം.

     ചൈനയുടെ സഹായത്തോടെ 2022ൽ മനുഷ്യനെ ബഹിരാകാശത്തു എത്തിക്കാനൊരുങ്ങി പാക്കിസ്ഥാൻ. ഇന്ത്യയുടെ ചന്ദ്രയാൻ–2 വിജയകരമായി വിക്ഷേപിച്ചതിനു മൂന്നാം ദിവസമാണ് ബഹിരാകാശ ദൗത്യത്തിന്റെ പ്രഖ്യാപനവുമായി പാക്കിസ്ഥാൻ രംഗത്തെത്തിയത്. 2022 ലാണ് ഇന്ത്യയും മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്നത്. ഇന്ത്യക്ക് മുൻപെ ഈ ദൗത്യം വിജയിപ്പിക്കാൻ വേണ്ട ചർച്ചകൾ ചൈനയുമായി നടത്തി കഴിഞ്ഞെന്നാണ് അറിയുന്നത്.

ഇന്ത്യയുടെ ചന്ദ്രയാൻ രണ്ട് വിക്ഷേപണം പാക്കിസ്ഥാനിലെ മാധ്യമങ്ങളിലും സോഷ്യൽമീഡിയകളിലും വൻ ചർച്ചക്ക് കാരണമായിരുന്നു. ഇന്ത്യയെ കണ്ടുപഠിക്കണമെന്ന് യുവജനത ഒന്നടങ്കം പറഞ്ഞതോടെയാണ് പാക്ക് സർക്കാർ പുതിയ പ്രഖ്യാപനവുമായി രംഗത്തുവന്നിരിക്കുന്നത്.

കഴിഞ്ഞ വർഷം പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ നേതൃത്വത്തിൽ നടന്ന മന്ത്രിസഭാ യോഗം ഈ നിർദേശത്തിന് അംഗീകാരം നൽകിയിരുന്നു. പാക്കിസ്ഥാൻ സ്പേസ് ആൻഡ് അപ്പർ അറ്റ്മോസ്ഫിയർ റിസർച്ച് കമ്മിഷനും (സുപാർകോ) ഒരു ചൈനീസ് കമ്പനിയും തമ്മിൽ ഇക്കാര്യത്തിൽ കരാർ ഒപ്പിട്ടതായാണ് അറിയുന്നത്. കഴിഞ്ഞ വർഷത്തെ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് 2022ൽ ഇന്ത്യ ബഹിരാകാശത്തു മനുഷ്യനെ എത്തിക്കാൻ പദ്ധതിയിടുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. പദ്ധതി സാധ്യമാകുന്നതോടെ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ.

<പാക്കിസ്ഥാനും ചൈനയും തമ്മിൽ പ്രതിരോധ മേഖലയിൽ ഉൾപ്പെടെ മികച്ച ബന്ധമാണു നിലവിലുള്ളത്. ചൈനീസ് ആയുധങ്ങൾ ഏറ്റവും അധികം വാങ്ങുന്ന രാജ്യവും പാക്കിസ്ഥാനാണ്. ഈ വർഷം ആദ്യം രണ്ട് പാക്ക് നിര്‍മിത ഉപഗ്രഹങ്ങൾ ചൈനീസ് ലോഞ്ച് വെഹിക്കിൾ ഉപയോഗിച്ചു ബഹിരാകാശത്തെത്തിച്ചിരുന്നു. ചൈനയിലെ ഗോബി മരുഭൂമിയിൽ ജ്യൂക്വാൻ വിക്ഷേപണ കേന്ദ്രത്തിൽനിന്നും ചൈനീസ് ലോങ് മാർച്ച് (എൽഎം–2സി) റോക്കറ്റായിരുന്നു ഈ ഉപഗ്രഹങ്ങൾ ബഹിരാകാശത്ത് എത്തിച്ചത്.

വിക്ഷേപണ സൗകര്യങ്ങളില്ലാത്തതിനാൽ പാക്കിസ്ഥാന്റെ ഉപഗ്രഹങ്ങളെല്ലാം ചൈനയുടെ സഹായത്തോടെയാണ് ബഹിരാകാശത്ത് എത്തിക്കുന്നത്. 2003ലാണ് ചൈന ആദ്യമായി മനുഷ്യനെ ബഹിരാകാശത്ത് എത്തിച്ചത്. ഇതോടെ റഷ്യയ്ക്കും യുഎസിനും ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ രാജ്യമായി ചൈന മാറുകയും ചെയ്തു.

Pakistan To Launch Man Into Space