ഗൂഗിളിന്റെ പുതിയ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ‘ഷൂ ലേസ്’

ഗൂഗിളിന്റെ പുതിയ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് 'ഷൂ ലേസ്'

   നാ ട്ടിലെ ചായക്കടകളിലും, അങ്ങാടികളിലും പാടത്തും പറമ്ബിലുമെല്ലാം സൗഹൃദം ആഘോഷിച്ചിരുന്നവരെ ഓണ്‍ലൈന്‍ ലോകത്തേക്ക് പിടിച്ചുവലിച്ച്‌ കൊണ്ടുപോയത് സോഷ്യല്‍ മീഡിയാ സേവനങ്ങളാണ്. ഇന്ന് ഓണ്‍ലൈനില്‍ അഭിരമിക്കുന്ന ഒരു യുവജനതയാണുള്ളത്.

യഥാര്‍ത്ഥ ലോകത്തിന്റെ കാഴ്ചകളില്‍ നിന്നും മനുഷ്യനെ അകറ്റിയ സോഷ്യല്‍ മീഡിയാ സേവനങ്ങളില്‍ നിന്നും വ്യത്യസ്തമായി പുതിയ ആശയം അവതരിപ്പിക്കുകയാണ് ഗൂഗിള്‍.

സമാന താല്‍പര്യങ്ങളുള്ളവരെ നേരിട്ട് കണ്ടുമുട്ടാനും യഥാര്‍ത്ഥ ജീവിതത്തില്‍ സൗഹൃദം പങ്കുവെക്കാനും അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ ഷൂലേസ് എന്ന സേവനമാണ് ഗൂഗിള്‍ ആരംഭിക്കുന്നത്. ഗൂഗിള്‍ പ്ലസ് നിര്‍ത്തലാക്കി മാസങ്ങള്‍ക്ക് ശേഷമാണ് പുതിയ സോഷ്യല്‍ മീഡിയാ സേവനവുമായി ഗൂഗിളെത്തുന്നത്.
ഡേറ്റിങ് ആപ്പുകളിലും മറ്റും ഉപയോഗിക്കുന്ന ഇന്ററസ്റ്റ് ബേസ്ഡ് മാച്ച്‌ മേക്കിങ് സംവിധാനമാണ് ഗൂഗിള്‍ ഇവിടെ ഉപയോഗിക്കുന്നത്. ഉദാഹരണത്തിന് പാട്ടുകള്‍ ഇഷ്ടപ്പെടുന്നവര്‍, ഭക്ഷണം ഇഷ്ടപ്പെടുന്നവര്‍, സിനിമകള്‍ ആസ്വദിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ അങ്ങനെ പലവിധ താല്‍പര്യങ്ങളുള്ളവരുണ്ടാവും. ഈ താല്‍പര്യങ്ങള്‍ക്കനുസരിച്ച്‌ ഷൂ ലേസ് ആളുകളെ പരസ്പരം കണ്ടുമുട്ടാന്‍ സഹായിക്കും. പുതിയ സ്ഥലങ്ങളിലേക്ക് താമസം മാറുന്നവര്‍ക്ക് പുതിയ സുഹൃത്തുക്കളെ കണ്ടെത്താനും മറ്റും ഇതിലൂടെ സാധിക്കും.

ഉപയോക്താക്കളുടെ സ്വകാര്യത കണക്കിലെടുത്തുള്ള നീക്കങ്ങളാണ് ഷൂലേസിന് വേണ്ടി നടത്തിവരുന്നത്. ഓരോ ഉപയോക്താവിനെയും കൃത്യമായ വെരിഫിക്കേഷന്‍ നടപടികളിലൂടെ മാത്രമേ ഷൂലേസില്‍ അംഗത്വമെടുക്കാന്‍ അനുവദിക്കൂ. നിങ്ങള്‍ പരിചയപ്പെടാന്‍ ആഗ്രഹിക്കുന്ന ആളുകളുമായി മാത്രം നിങ്ങളെ ബന്ധപ്പെടുത്തുന്നത് ഉറപ്പുവരുത്താനാണിത്.

പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിച്ച ഷൂലേസ് നിലവില്‍ അമേരിക്കയില്‍ മാത്രമാണ് ലഭ്യമാവുക. ഉപയോക്താക്കളുടെ ക്ഷണം അനുസരിച്ച്‌ മാത്രമേ ഇതില്‍ അംഗത്വമെടുക്കാനാവൂ. മുമ്ബ് ഓര്‍ക്കുട്ടിലും ഇതുപോലെ ഉപയോക്താക്കള്‍ ക്ഷണിച്ചാല്‍ മാത്രമേ അംഗത്വമെടുക്കാന്‍ സാധിച്ചിരുന്നുള്ളൂ. ആന്‍ഡ്രോയിഡിലും ഐഓഎസിലും ഷൂലേസ് ലഭിക്കും. ഗൂഗിള്‍ അക്കൗണ്ട് ഉള്ളവര്‍ക്കേ അക്കൗണ്ട് എടുക്കാനാവൂ.


Google's New Social Network 'Shoe lace'