ചരിത്രത്തിലെ ഏറ്റവും വലിയ ഐഫോണ്‍ 9 എത്തുന്നുവോ

ചരിത്രത്തിലെ ഏറ്റവും വലിയ ഐഫോണ്‍ 9 എത്തുന്നുവോ ?


വിലയുടെ കാര്യത്തില്‍ ആപ്പിള്‍ തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും നല്ല ഡീല്‍ നല്‍കാന്‍ ഒരുങ്ങുകയാണെന്നാണ് സൂചന. പുതിയ ഫോൺ ഐഫോണ്‍ എസ്ഇ 2 എന്ന പേരായിരിക്കും നല്‍കുക എന്നായിരുന്നു ഇതുവരെ കരുതിയിരുന്നത്. ആപ്പിളിന്റെ ശ്രേണിയില്‍ ഐഫോണ്‍ 8നു ശേഷം ഐഫോണ്‍ 10 ആണു പുറത്തിറങ്ങിയത്. ഐഫോണ്‍ 9 എന്ന പേരില്‍ പുറത്തിറങ്ങിയിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ പുതിയ ഐഫോണ്‍ പ്രീ ഓര്‍ഡര്‍ ചെയ്യാനുള്ള പോസ്റ്റര്‍ കൊറിയയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ഈ പോസ്റ്ററിലെ പേര് വിശ്വസനീയമാണെങ്കില്‍ പുതിയ വില കുറഞ്ഞ മോഡലിന്റെ പേര് ഐഫോണ്‍ 9 എന്നായിരിക്കും.പുതിയ ഐഫോണ്‍ 9ന്റെ പരസ്യം വന്നിരിക്കുന്നത് സാംസങ് ഗ്യാലക്‌സി എസ്20യുടെ പരസ്യത്തിനൊപ്പമാണ്. ഇതില്‍നിന്ന് ഈ ഫോണ്‍ ഫെബ്രുവരിയിലോ മാര്‍ച്ചിലോ പുറത്തിറങ്ങുമെന്ന് അനുമാനിക്കാമാം. കൊറിയയില്‍ നല്‍കിയിരിക്കുന്ന പരസ്യപ്രകാരം ലോകമെമ്പാടും ലഭ്യമാക്കുമെന്നും പുതിയ ഐഫോണിനൊപ്പം എയര്‍പോഡ്‌സ് ഫ്രീയായും നല്‍കുമെന്നുമാണ്. ആപ്പിളിന്റെ വയര്‍ലെസ് ഇയര്‍ഫോണാണ് എയര്‍പോഡ്‌സ്. ആദ്യ തലമുറയിലെ എയര്‍പോഡ്‌സിനു പോലും ഏകദേശം 12,000 രൂപ വില വരും. ഏതു എയര്‍പോഡ്‌സാണ് നല്‍കുക എന്നതിനെക്കുറിച്ച് സൂചനയില്ല. ഫോണിനു തന്നെ അധികം വില കണ്ടേക്കില്ല എന്നതു കൂടാതെ എയര്‍പോഡ്‌സ് അധികവില നല്‍കാതെ നല്‍കുന്നു എന്നത് ഐഫോണുകളുടെ ചരിത്രത്തിലെ എറ്റവും നല്ല ഡീലായിരിക്കുമെന്നാണ് നിരീക്ഷകര്‍ പറയുന്നത്.

ഐഫോണ്‍ 9, ഇപ്പോള്‍ വില്‍പ്പനയിലുള്ള ഐഫോണ്‍ 8നെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ നിർമിച്ച ഡിവൈസായിരിക്കുമെന്നാണ് കേള്‍ക്കുന്നത്. അതായത്, 4.7-ഇഞ്ച് വലുപ്പമുള്ള ഡിസ്‌പ്ലേ ആയിരിക്കും. എന്നാല്‍ ഫോണിന് നിലവിലെ ഏറ്റവും നല്ല ഐഫോണ്‍ പ്രോസസറായ എ13 ബയോണിക് ആയിരിക്കുമെന്നാണ് അഭ്യൂഹങ്ങള്‍. ഐഫോണ്‍ 11 പ്രോ മാക്‌സിനു വരെ ശക്തി പകരുന്നത് ഈ പ്രോസസറാണ്.ഇന്നേവരെ ഇറങ്ങിയിരിക്കുന്ന ഐഫോണുകളില്‍ ഏറ്റവും കുറഞ്ഞ വില ഐഫോണ്‍ എസ്ഇ മോഡലായിരുന്നു. എന്നാല്‍, അതിനേക്കാള്‍ വില കുറവായിരിക്കും പുതിയ ഫോണിനെന്നാണ് സൂചന. അതായത് അവതരണ സമയത്ത് ചരിത്രത്തിലെ ഏറ്റവും വില കുറഞ്ഞ ഐഫോണായിരിക്കും. അതിനൊപ്പം, എയര്‍പോഡ് കൂടെ ഫ്രീ ആയി നല്‍കും എന്നു പറയുന്നത് പൂര്‍ണ്ണമായും വിശ്വസിക്കാന്‍ സാധ്യമല്ല. എങ്കിലും, നിലവില്‍ അത്തരം ഒരു അഭ്യൂഹമുണ്ട്.

നേരത്തെ പ്രചരിച്ചിരുന്ന അഭ്യൂഹങ്ങള്‍ പ്രകാരം രണ്ട് വില കുറഞ്ഞ ഐഫോണുകള്‍ ആപ്പിള്‍ നിര്‍മിക്കുന്നുണ്ട്. അവയില്‍ ഒന്ന് 4.7-ഇഞ്ച് വലുപ്പമുള്ളതും, രണ്ടാമത്തേത് 6.1-ഇഞ്ച് വലുപ്പമുളളതുമായിരിക്കും. എന്നാല്‍, രണ്ടാമത്തെ മോഡല്‍ അടുത്ത വര്‍ഷം ആദ്യം മാത്രമായിരിക്കും മാര്‍ക്കറ്റിലെത്തുക എന്നു വാദിക്കുന്നവരും ഉണ്ട്. ഈ വര്‍ഷം മൊത്തം അഞ്ച് ഐഫോണുകള്‍ അവതരിപ്പിക്കുമെന്നാണ് ഐഫോണുകളെക്കുറിച്ച് ഏറ്റവുമധികം വിശ്വസനീയമായ പ്രവചനം നടത്തുന്ന മിങ്-ചി കൂവോ പറഞ്ഞിരിക്കുന്നത്. എന്നാല്‍, ഡിജിടൈംസ് പറയുന്നത് ആറ് പുതിയ ഐഫോണുകള്‍ ആപ്പിള്‍ 2020ല്‍ പുറത്തിറക്കുമെന്നാണ്. ഡിജിടൈംസിന്റെ റിപ്പോര്‍ട്ട് ആപ്പിളിനായി ഡിസ്‌പ്ലേ ഡ്രൈവര്‍ ചിപ്പുകള്‍ നിര്‍മ്മിച്ചു നല്‍കുന്ന ചിപ്‌ബോണ്‍ഡ് ടെക്‌നോളജിയില്‍ (Chipbond Technology) നിന്നു ലഭിച്ച വിവരമനുസരിച്ചാണത്രെ.എയര്‍പോഡ് ഫ്രീ ആയി നല്‍കും എന്നതൊക്കെ പൂര്‍ണമായി വിശ്വസിക്കണമോ എന്നറിയില്ല. പക്ഷേ, വില കുറഞ്ഞ ഐഫോണ്‍ ആപ്പിള്‍ അവതരിപ്പിക്കുക തന്നെ ചെയ്‌തേക്കും. ആപ്പിള്‍ പ്രധാനമായും പ്രീമിയം ഉപകരണങ്ങളുടെ നിര്‍മാതാവായി അറിയപ്പെടുന്ന കമ്പനിയാണ്. എന്നാല്‍, അടുത്തിടെ കമ്പനി സോഫ്റ്റ്‌വെയര്‍ സേവനങ്ങളും ധാരാളമായി നല്‍കി തുടങ്ങിയിരിക്കുകയാണ്. അതിനാല്‍ കൂടുതല്‍ ഉപകരണങ്ങള്‍ വിറ്റുപോകുന്നത് കമ്പനിക്ക് ഗുണകരമായിരിക്കും.

ഇന്ത്യ മുതലായ നിരവധി രാജ്യങ്ങളില്‍ ഐഫോണ്‍ കൈയ്യില്‍ വയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ധാരാളമായി ഉണ്ട്. എന്നാല്‍, 60,000 രൂപയും ഒരു ലക്ഷം രൂപയും ഒക്കെ നല്‍കി ഫോണ്‍ വാങ്ങുക എന്നത് പലര്‍ക്കും സാധിക്കുന്ന കാര്യമല്ല. എന്നാല്‍, 25,000-30,00 രൂപ വിലയ്ക്ക് ഫോണിറക്കിയാൽ അത് ചൂടപ്പം പോലെ വിറ്റൂ തീര്‍ന്നേക്കും. പല ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കും ഇത് ഭീഷണിയാകുകയും ചെയ്യും. പുതിയ മോഡല്‍ എത്തുമ്പോള്‍ ഇപ്പോള്‍ വില്‍പ്പനയിലുള്ള ഐഫോണ്‍ 7, ഐഫോണ്‍ 8 മോഡലുകളും പൂര്‍ണമായും അപ്രസക്തമായേക്കും.