അടുത്ത 5 വർഷത്തിനുള്ളിൽ കമ്പനികളും സർക്കാരുകളും മാറിമറിയുമോ

അടുത്ത 5 വർഷത്തിനുള്ളിൽ കമ്പനികളും  സർക്കാരുകളും മാറിമറിയുമോ ?

ഒരു പതിറ്റാണ്ടായി പറഞ്ഞു കേള്‍ക്കുന്ന ഒന്നാണ് ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് അഥവാ ഐഒടി ജീവിതത്തില്‍ ചെലുത്താന്‍ പോകുന്ന പ്രഭാവത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍. അത് ഇത്രയുംനാളും വ്യാപകമാകാതിരുന്നതിന്റെ ഒരു കാരണം വേഗമേറിയ ഇന്റര്‍നെറ്റ് ഇല്ലാത്തതായിരുന്നു. എന്നാല്‍, 4ജിയും 5ജിയും അതൊക്കെ പഴങ്കഥയാക്കുമെന്നാണ് പുതിയ വാര്‍ത്തകള്‍ പറയുന്നത്. കണ്‍സ്യൂമറിസം മുതല്‍ ഭരണനിര്‍വ്വഹണം വരെയുള്ള എല്ലാ മേഖലകളിലേക്കും എത്താനൊരുങ്ങുകയാണ് ഐഒടി.ഇന്നത്തെ ടെക്‌നോളജി വാര്‍ത്തകള്‍ പരിശോധിച്ചാല്‍ കാണാവുന്ന കാര്യം ഓരോ ദിവസവും പുതിയ ഐഒടി ഉപകരണങ്ങള്‍ അവതരിപ്പിക്കപ്പെടുന്നു എന്നതാണ്. ആഗോളതലത്തില്‍ തന്നെ വിവിധ സംഘടനകളും മറ്റും ഐഒടിയെ സ്വാഗതം ചെയ്യാന്‍ ഒരുങ്ങുകയാണ്. 2023 എത്തുന്നതോടെ ഉപയോക്താക്കള്‍, കമ്പനികള്‍, സർക്കാരുകള്‍ അടക്കം ഏകദേശം 4000 കോടി ഐഒടി ഉപകരണങ്ങള്‍ സ്ഥാപിക്കുമെന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടല്‍. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി വാര്‍ത്തയില്‍ നിറഞ്ഞു നില്‍ക്കുന്ന സ്മാര്‍ട് സ്പീക്കറുകളും കണക്ടഡ് കാറുകളും മാത്രമാണ് ഐഒടി എന്നു കരുതിയിരുന്നകാലം തീരുകയാണെന്ന് ടെക്‌നോളജി റിപ്പോര്‍ട്ടര്‍മാര്‍ പറയുന്നു.

വരുന്ന കാലത്തിന്റെ സാധ്യതകള്‍ മുന്‍കൂട്ടി അറിഞ്ഞുവയ്ക്കുന്നത് വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുണകരമാകും. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന പരിതസ്ഥിതിയിലാണ് ഇന്ന് എല്ലാവരും ഉള്ളത്. കണ്‍സ്യൂമര്‍ ഐഒടി--അമേരിക്കയില്‍ മാത്രം സ്മാര്‍ട്ട് ഹോം ഉപകരണങ്ങളുടെ വില്‍പ്പന 2023ല്‍ നൂറു കോടി കടക്കുമെന്നാണ് പ്രതീക്ഷ. ഓരോ വീടും ഏകദേശം 725 ഡോളര്‍ ശരാശരി ചെലവിടുമെന്നും കണക്കുകൂട്ടുന്നു. ഇതില്‍ നിന്നു മാത്രം ഐഒടിക്കായി ചെലവിടുന്ന തുക 9000 കോടി ഡോളര്‍ ആയിരിക്കുമെന്ന് കാണാം.കമ്പനികള്‍ ഐഒടിക്കായി കോടിക്കണക്കിനു ഡോളര്‍ ഇറക്കുക തന്നെ ചെയ്യുമെന്നാണ് കണക്കുകൂട്ടല്‍. കണക്ടഡ് ഉപകരണങ്ങളും ഓട്ടോമേഷനുമായി ആയിരിക്കും ഈ തുക ച‌െലവിടുക. മുന്‍കാലത്തേതു പോലെയല്ലാതെ ഒരിക്കല്‍ പിന്നിലായി പോയാല്‍ പിന്നെ തിരിച്ചുവരവ് എളുപ്പമാകില്ല എന്നതിനാല്‍ മിക്ക കമ്പനികളും റിസ്‌ക് എടുക്കാന്‍ തയാറാവില്ല. വ്യാവസായികാടിസ്ഥാനത്തില്‍ 2023ല്‍ എത്തുമ്പോള്‍ 60 ലക്ഷം റോബോട്ടിക് ഉപകരണങ്ങള്‍ ആഗോളതലത്തില്‍ ഉപയോഗിക്കപ്പെടുമെന്നാണ് വിലയിരുത്തല്‍. ഇതിനായി വാര്‍ഷിക ചെലവ് ഏകദേശം 45000 കോടി ഡോളറായിരിക്കുമെന്നും കരുതുന്നു.

ആഗോളതലത്തില്‍ വിവിധ രാജ്യങ്ങള്‍ ഐഒടി ഉപകരണങ്ങള്‍ സ്മാര്‍ട് സിറ്റികളുടെയടക്കം നിര്‍മ്മാണത്തിനായി ഉപയോഗിക്കും. സ്മാര്‍ട് നഗരങ്ങളില്‍ കണക്ടഡ് ക്യാമറകള്‍, സ്മാര്‍ട് സ്ട്രീറ്റ് ലൈറ്റുകള്‍, കണക്ടഡ് മീറ്ററുകള്‍, ട്രാഫിക് തത്സമയം അറിയാനുള്ള സംവിധാനം, വിവിധ ഉപകരണങ്ങളുടെ ഉപയോഗം എങ്ങനെ നടക്കുന്നുവെന്ന് പരിശോധിക്കാനുള്ള സംവിധാനങ്ങള്‍, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ നിരീക്ഷിക്കാനുള്ള സംവിധാനങ്ങള്‍ എന്നിവയെല്ലാം വരും. പ്രതിവര്‍ഷം 90000 കോടി ഡോളറാണ് ഇതിനായി ലോക രാഷ്ട്രങ്ങള്‍ ചെലവിടുമെന്ന് കണക്കാക്കപ്പെടുന്നത്.ആളുകളും കമ്പനികളും സർക്കാരുകളും അതിവേഗം പുതിയ സാങ്കേതികവിദ്യകളുടെ ഗുണം പ്രയോജനപ്പെടുത്താനുള്ള ശ്രമത്തിലാണ്. ടെക്‌നോളജിയുടെ ഈ പരിവര്‍ത്തന ഘട്ടത്തില്‍ പിന്നാക്കം പോകാതിരിക്കാനുള്ള ശ്രമം എല്ലാ വശത്തു നിന്നും നടക്കുകയാണ്. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ പല അപ്രതീക്ഷിത നീക്കങ്ങളും ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. വ്യക്തികളും കമ്പനികളും രാജ്യങ്ങളും തമ്മിലുള്ള മത്സരം മുറുകുമെന്ന് ഉറപ്പായിരിക്കെ അത് എങ്ങനെയൊക്കെ മുതലാക്കാമെന്ന പഠനത്തിലാണ് പല ഐഒടി ഉപകരണ നിര്‍മ്മാതാക്കളും.