ഒരു ടീമിലെ എല്ലാവരും മാന്‍ ഓഫ് ദ മാച്ച്

ഒരു ടീമിന് മുഴുവന്‍ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം നല്‍കിയതിനെ കുറിച്ച് കേട്ടിട്ടുണ്ടോ? അതും ഒരു തവണ അല്ല, രണ്ടു തവണ പൂര്‍ണമായും ഒരു ടീം ഗെയിമാണ് ക്രിക്കറ്റ്. മികച്ച ഒത്തിണക്കമുള്ള ടീമിന് തന്നെയാണ് വിജയ സാധ്യത കൂടുതല്‍. ഇങ്ങനെയൊക്കെയാണെങ്കിലും മത്സരത്തില്‍ മാന്‍ ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കുക ഒരാളെ മാത്രമായിരിക്കും. വളരെ അപൂര്‍വമായി രണ്ടു പേര്‍ക്ക് മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം സമ്മാനിച്ച അവസരങ്ങളും ഉണ്ട്.എന്നാല്‍ ഒരു ടീമിന് മുഴുവന്‍ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം നല്‍കിയതിനെ കുറിച്ച് കേട്ടിട്ടുണ്ടോ? അതും ഒരു തവണയല്ല, ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ രണ്ടു തവണ ഒരു ടീമിന് മുഴുവന്‍ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം നല്‍കിയിട്ടുണ്ട്. 1996 ഏപ്രില്‍ മൂന്നിന് ആണ് ആദ്യ സംഭവം ന്യൂസീലന്‍ഡും വെസ്റ്റിന്‍ഡീസും തമ്മില്‍ നടന്ന പരമ്പരയിലെ നാലാം ഏകദിനത്തിലായിരുന്നു ആദ്യമായി ഇത്തരമൊരു അപൂര്‍വത അരങ്ങേറിയത്. ജോര്‍ജ് ടൗണിലായിരുന്നു മത്സരം.അഞ്ചു മത്സര പരമ്പരയില്‍ ന്യൂസീലന്‍ഡ 2-1 ന് പിന്നില്‍. ടോസ് നേടിയ വിന്‍ഡീസ് നായകന്‍ കോട്നി വാല്‍ഷ് കിവികളെ ബാറ്റിങ്ങിനയച്ചു. ക്രെയ്ഗ് സ്പിയര്‍മാനും നായകന്‍ ലീ ജെര്‍മനും നഥാന്‍ ആസ്റ്റിലും മാത്രം രണ്ടക്കം കടന്ന മത്സരത്തില്‍ വെറും 158 റണ്‍സിന് ന്യൂസിലന്‍ഡ് പുറത്തായി. വിജയം ഉറപ്പിച്ച് ബാറ്റിങ്ങിന് ഇറങ്ങിയ വിന്‍ഡീസിനും തുടക്കത്തില്‍ തന്നെ തിരിച്ചടി നേരിട്ടു. സ്റ്റ്യുവര്‍ട്ട് വില്ല്യംസിനെയും അപകടകാരിയായ ബ്രയാന്‍ ലാറയേയും ഗാവിന്‍ ലാര്‍സെന്‍ ആദ്യമേ മടക്കി. 104-ന് നാല് എന്ന നിലയില്‍ നിന്ന് ന്യൂസീലന്‍ഡ് ബൗളര്‍മാര്‍ ആഞ്ഞടിച്ചപ്പോള്‍ വിന്‍ഡീസ് എട്ടിന് 120 എന്ന നിലയിലേക്ക് വീണു. എന്നാല്‍ ഒമ്പതാം വിക്കറ്റില്‍ 32 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ കേര്‍ട്ട്ലി ആബ്രോസും ഹോള്‍ഡറും വിന്‍ഡീസ് പ്രതീക്ഷകളെ വീണ്ടും ഉണര്‍ത്തി. എന്നാല്‍ ഹോള്‍ഡറിനെ പുറത്താക്കി ക്രിസ് ക്രെയിന്‍സും കോട്‌നി വാല്‍ഷിനെ പുറത്താക്കി ജസ്റ്റിന്‍ വോണും കിവീസിന് നാലു റണ്‍സിന്റെ വിജയം സമ്മാനിക്കുകയായിരുന്നു. ആരുമാരും വ്യക്തിഗത മികവ് പുറത്തെടുത്തില്ലെങ്കിലും കൃത്യസമയത്തെ ഇടപെടലുകളിലൂടെ കിവീസ് വിജയം തട്ടിയെടുക്കുകയായിരുന്നു. അതോടെ ടീമിലെ എല്ലാവര്‍ക്കും മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം നല്‍കാന്‍ മാച്ച് റഫറി തീരുമാനിച്ചു.1996 സെപ്തംബര്‍ 1-ന് നോട്ടിംഗ്ഹാമില്‍ നടന്ന പാക്കിസ്ഥാന്‍ - ഇംഗ്ലണ്ട് മൂന്നാം ഏകദിനത്തിലാണ് രണ്ടാമത് ഈ അപൂര്‍വത അരങ്ങേറിയത്. അന്ന് പാകിസ്താന്‍ ടീമിലെ മുഴുവന്‍ അംഗങ്ങള്‍ക്കും മാച്ച് റഫറി മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം സമ്മാനിക്കുകയായിരുന്നു.