ഇന്ത്യന്‍ ബൗളര്‍മാര്‍ ഐ.പി. എല്‍ കളിക്കേണ്ട; കോലി

ഇന്ത്യന്‍ ബൗളര്‍മാര്‍ ഐ.പി. എല്‍ കളിക്കേണ്ട; കോലി

ടീം ഇന്ത്യയുടെ പ്രധാന ഫാസ്റ്റ് ബൗളര്‍മാരോട് ഇത്തവണത്തെ ഐ.പി.എല്ലില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ നിര്‍ദേശം. ഐ.പി.എല്ലിന് പിന്നാലെ ക്രിക്കറ്റ് ലോകകപ്പ് വരുന്നതിനാല്‍ ബൗളര്‍മാര്‍ വിശ്രമമെടുത്ത് പൂര്‍ണ കായികക്ഷമത കൈവരിച്ച് കളിക്കാനിറങ്ങണമെന്നാണ് ക്യാപ്റ്റന്റെ നിര്‍ദേശം. ഇന്ത്യയുടെ പ്രധാന ബൗളര്‍മാരായ ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ലോകകപ്പിലെ ഇന്ത്യയുടെ നിര്‍ണായക സാന്നിധ്യമാണെന്നും അതിനാല്‍ തന്നെ അവര്‍ ടിട്വന്റി ടൂര്‍ണമെന്റില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നുമാണ് കോലി ആവശ്യപ്പെട്ടിരിക്കുന്നത്. ക്യാപ്റ്റന്റെ നിര്‍ദേശത്തില്‍ പക്ഷെ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല. ഇത്തരത്തില്‍ കളിക്കാരെ മാറ്റിനിര്‍ത്തുകയാണെങ്കില്‍ അവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കേണ്ടതായിവരും. മെയ് 30 മുതല്‍ ജൂലൈ 14 വരെ ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായാണ് അടുത്ത വര്‍ഷത്തെ ഏകദിന ലോകകപ്പ് നടക്കുന്നത്. ഏപ്രില്‍ ആദ്യ ആഴ്ച ആരംഭിക്കുന്ന ഐ.പി.എല്‍ ടൂര്‍ണമെന്റ് മെയ് മൂന്നാമത്തെ ആഴ്ച മാത്രമേ അവസാനിക്കുകയുള്ളൂ. ലോകകപ്പിന് തൊട്ടുമുന്‍പ് പ്രധാന ബൗളര്‍മാര്‍ക്ക് പരിക്കേറ്റാല്‍ അത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാകും. കളിക്കാരുടെ അഭിപ്രായം കൂടി കണക്കിലെടുത്തേ ഭരണസമിതി ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കൂ. ബൗളര്‍മാരുടെ കാര്യത്തില്‍ നിര്‍ദേശമുണ്ടെങ്കിലും ബാറ്റ്‌സ്മാന്‍മാരുടെ കാര്യത്തില്‍ ഇത്തരത്തില്‍ യാതൊരു നിര്‍ദേശങ്ങളുമില്ല.