കോലി വീണ്ടും ടെസ്റ്റ് റാങ്കിങ്ങില്‍ തലപ്പത്ത്

പുതുതായി പുറത്തുവിട്ട റാങ്കിങ്ങില്‍ ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണെ മറികടന്നാണ് കോലി ഒന്നാം സ്ഥാനത്ത് തിരിച്ചെത്തിയത് ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും മികച്ച പ്രകടനം തുടരുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി വീണ്ടും ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങിന്റെ തലപ്പത്ത്. പുതുതായി പുറത്തുവിട്ട റാങ്കിങ്ങില്‍ ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണെ മറികടന്നാണ് കോലി ഒന്നാം സ്ഥാനത്ത് തിരിച്ചെത്തിയത്. ഏകദിന റാങ്കിങ്ങിലും കോലി തന്നെയാണ് മുന്നില്‍. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനത്തോടെ വില്യംസണ്‍ കോലിക്ക് പിന്നാലെ തന്നെയുണ്ട്. ഒന്നാം സ്ഥാനത്ത് 922 പോയന്റാണ് കോലിക്കുള്ളത്. വില്യംസണ് 913 പോയന്റും. 881 പോയന്റോടെ നാലാം സ്ഥാനത്തുള്ള ചേതേശ്വര്‍ പൂജാരയാണ് ആദ്യ പത്തിലെ മറ്റൊരു ഇന്ത്യന്‍ സാന്നിധ്യം. യുവതാരം ഋഷഭ് പന്ത് 15-ാം സ്ഥാനത്തുണ്ട്. ഈ വര്‍ഷം ഒരു ടെസ്റ്റ് ഇന്നിങ്‌സ് മാത്രമാണ് കോലി കളിച്ചത്. 23 റണ്‍സായിരുന്നു അതില്‍ നേടിയത്. എന്നാല്‍ പോയവര്‍ഷം കാഴ്ചവെച്ച ബാറ്റിങ് മികവില്‍ ഇന്ത്യന്‍ ക്യാപ്റ്റനെ വെല്ലാന്‍ മറ്റാരുമുണ്ടായിരുന്നില്ല. 13 ടെസ്റ്റില്‍ നിന്ന് 55.08 റണ്‍സ് ശരാശരിയില്‍ 1322 റണ്‍സാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ അടിച്ചുകൂട്ടിയത്. പോയ വര്‍ഷത്തെ ഐ.സി.സി ക്രിക്കറ്റര്‍ പുരസ്‌കാരവും കോലിക്കായിരുന്നു. ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ആദ്യ പത്തിലുള്ളത് രവീന്ദ്ര ജഡേജയും ആര്‍. അശ്വിനുമാണ്. ജഡേജ ആറാമതും അശ്വിന്‍ പത്താമതുമാണ്. ടീം റാങ്കിങ്ങില്‍ 116 പോയന്റോടെ ഇന്ത്യയാണ് ഒന്നാമത്. 108 പോയന്റുള്ള ന്യൂസീലന്‍ഡ് രണ്ടാമതാണ്.