രഞ്ജി ട്രോഫിയിൽ ചരിത്രം കുറിച്ച് കേരളം

ചരിത്രത്തില്‍ ഇതാദ്യമായി കേരളം രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു ക്വാര്‍ട്ടര്‍ഫൈനലില്‍ സ്വന്തം തട്ടകമായ കൃഷ്ണഗിരിയില്‍ 2017ലെ ചാമ്പ്യന്മാരായ ഗുജറാത്തിനെ 113 റണ്‍സിന് തോല്‍പിച്ചാണ് കേരളത്തിന്റെ പ്രഥമ സെമി പ്രവേശം. ടീമംഗങ്ങളുടെ പാളയത്തിലെ പട പരസ്യമായ സീസണില്‍ തന്നെയാണ് ടീമിന്റെ ഒത്തൊരുമയുടെ നിദാനമായി ഇത്തരമൊരു നേട്ടം പിറന്നത് എന്നത് വിജയത്തിന്റെ മധുരം ഇരട്ടിയാക്കുന്നു. കഴിഞ്ഞ വര്‍ഷം കേരളം വിധര്‍ഭയോട് ക്വാര്‍ട്ടറില്‍ തോല്‍ക്കുകയായിരുന്നു. ഗുജറാത്ത് ചാമ്പ്യന്മരായ 2017ല്‍ ഹൈദരാബാദും ആന്ധ്രയും ഹരിയാണയും അടങ്ങുന്ന ഗ്രൂപ്പ് ഘട്ടം കടക്കാന്‍ കേരളത്തിന് കഴിഞ്ഞിരുന്നില്ല.ഇത്തവണത്തെ ക്വാര്‍ട്ടറില്‍ ആദ്യം ബാറ്റ് ചെയ്ത് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സ് മാത്രമെടുത്തപ്പോള്‍ സ്വന്തം മുറ്റത്ത് തോല്‍വിയെ മുഖാമുഖം കണ്ടതാണ് കേരളം. എന്നാല്‍, എതരാളികളെ പേസര്‍മാര്‍ 162 റണ്‍സിന് എറിഞ്ഞിട്ടതോടെ കേരളത്തിന്റെ സ്വപ്‌നം വീണ്ടും പൂത്തുതുടങ്ങി. സന്ദീപ് വാര്യരും (നാലു വിക്കറ്റ്) ബേസില്‍ തമ്പിയും എം.ഡി. നിധേഷും ചേര്‍ന്നാണ് ഗുജറാത്തിനെ ചുരുട്ടിക്കെട്ടിയത്.രണ്ടാമിന്നിങ്‌സിലും കാര്യമായി സ്‌കോര്‍ പടുത്തുയര്‍ത്താന്‍ കഴിഞ്ഞില്ലെങ്കിലും (171 റണ്‍സിന് ഓള്‍ഔട്ട്) അപകടകരമായ പേസിനെ തുണയ്ക്കുന്ന പിച്ചില്‍ എതിരാളികള്‍ക്ക് മുന്നില്‍ 195 റണ്‍സിന്റെ വിജയലക്ഷ്യം ഇട്ടുകൊടുക്കാന്‍ കേരളത്തിനായി. 56 റണ്‍സെടുത്ത സിജോ മോന്റെയും പുറത്താകാതെ 44 റണ്‍സെടുത്ത ജലജ് സക്‌സേനയുടെയും ഇന്നിങ്‌സിന് കേരളം നന്ദി പറയണം . പരിക്കേറ്റ് അവസാനക്കാരനായി ഇറങ്ങി ഒറ്റക്കൈ കൊണ്ട് ഒന്‍പത് പന്ത് ചെറുത്ത് ജലജിന് പിന്തുണ നല്‍കിയ സഞ്ജു സംസണിന്റെ ഇന്നിങ്‌സിനോടും കേരളം അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു. ഫിഫ്റ്റി ഫിഫ്റ്റി ചാന്‍സ് മാത്രമുള്ള മത്സരത്തില്‍ രണ്ട് ദിവസത്തെ കളി ശേഷിക്കുന്നുണ്ടായിരുന്നെങ്കിലും കേരളത്തിന്റെ പേസര്‍മാര്‍ നിരാശരാക്കിയില്ല. കൃഷ്ണഗിരിയിലെ പിച്ചിലെ മഞ്ഞിനെയും ഈര്‍പ്പത്തെയും തിളങ്ങുന്ന പന്ത് കൊണ്ട് ശരിക്കും മുതലാക്കി സന്ദീപ് വാര്യരും ബേസില്‍ തമ്പിയും. ഉച്ചഭക്ഷണത്തിന് പിരിയും മുന്‍പ് തന്നെ കൂട്ടക്കുരുതി നടത്തി അവര്‍ വിജയമധുരം കേരളത്തിന്റെ നാവിന്‍ തുമ്പിലുറ്റിച്ചു. ഭക്ഷണത്തിനുശേഷം ആധികാരികമായി തന്നെ വിജയം ആഘോഷിക്കുകയും ചെയ്തു.അസാമാന്യമായ വേഗതയിലും കണിശതയിലും പന്തെറിഞ്ഞ ഇരുവരും ചേര്‍ന്ന് പാര്‍ഥിവ് പട്ടേലിന്റെ ഗുജറാത്തിനെ വെറും 81. റണ്‍സിന് കെട്ടുകെട്ടിച്ചു. 32 ഓവറിൽ ഗുജറാത്തിന്റെ കഥ കഴിഞ്ഞു.ബേസില്‍ തമ്പി 12 ഓവര്‍ എറിഞ്ഞ് അഞ്ച് വിക്കറ്റും സന്ദീപ് വാര്യര്‍ 14 ഓവര്‍ എറിഞ്ഞ് നാല് വിക്കറ്റും വീഴ്ത്തി.