പാകിസ്താനെ ലോകകപ്പില്‍ നിന്ന് വിലക്കാന്‍ ബി.സി.സി.ഐ?

ഇതു സംബന്ധിച്ച് ബി.സി.സി. ഐ. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന് (ഐ.സി.സി) കത്തു നല്‍കിയതായി റിപ്പോര്‍ട്ട് പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനെ വരുന്ന ലോകകപ്പ് ക്രിക്കറ്റില്‍ നിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ട് ബി.സി.സി.ഐ. ഇതു സംബന്ധിച്ച് ബി.സി.സി. ഐ. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന് (ഐ.സി.സി) കത്തു നല്‍കിയതായി റിപ്പോര്‍ട്ട്. സുപ്രീം കോടതി നിയോഗിച്ച ബി.സി.സി.ഐ.യുടെ ഭരണസമിതി ഐ.സി.സി. ചെയര്‍മാന്‍ ശശാങ്ക് മനോഹറിന് വിലക്കും ബഹിഷ്കരണവും സംബന്ധിച്ച്ക ത്തയച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. അതല്ലെങ്കില്‍ ലോകകപ്പില്‍ നിന്ന് ഇന്ത്യ പിന്‍വാങ്ങണമെന്നും കത്തില്‍ ആവശ്യപ്പെട്ടതായാണ് വാര്‍ത്ത. ചെയര്‍മാന്‍ വിനോദ് റായിയുടെ അനുമതിയോട് സി.ഇ.ഒ രാഹുല്‍ ജോഹ്‌രിയാണ് കത്ത് തയ്യാറാക്കിയത് എന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ഐ.സി.സി.യുമായി ഇക്കാര്യം നേരിട്ട് ചര്‍ച്ച നടത്തണമോ എന്ന കാര്യം വിനോദ് റായിയായിരിക്കും തീരുമാനിക്കുക. എന്നാല്‍, കത്ത് അയച്ച കാര്യമോ ലോകകപ്പ് വിഷയത്തില്‍ എന്തെങ്കിലും തീരുമാനം കൈക്കൊണ്ട കാര്യമോ വിനോദ് റായിയോ രാഹുല്‍ ജോഹ്‌രിയോ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇത്തരത്തിലൊരു കത്ത് ലഭിച്ചതായോ ബി.സി.സി.ഐ ഭാരവാഹികള്‍ ആശയവിനിമയം നടത്തിയതായോ ഐ.സി.സി.യും ഔദ്യോഗികമായി ഒന്നും പറഞ്ഞിട്ടില്ല. അതേസമയം ബി.സി.സി.ഐ. ഇത്തരമൊരു കടുത്ത തീരുമാനം കൈക്കൊണ്ടേക്കില്ലെന്നും അഭ്യൂഹമുണ്ട്. ഇത് സംബന്ധിച്ച് ബി.സി.സി.ഐയില്‍ ഇതുവരെ ഒരു അഭിപ്രായ സമന്വയം ഉണ്ടായിട്ടില്ല. പല രാജ്യങ്ങളും തമ്മില്‍ കടുത്ത രാഷ്ട്രീയ ശത്രുത നിലനില്‍ക്കുന്നുണ്ടെങ്കിലും അവര്‍ അതൊന്നും ഫിഫ ലോകകപ്പിലോ ഒളിമ്പിക്‌സിലോ കാണിക്കാറില്ല എന്നതാണ് ഇന്ത്യ-പാക് മത്സരത്തെ അനുകൂലിക്കുന്നവര്‍ ഉന്നയിക്കുന്ന ന്യായം. ജൂണ്‍ 16ന് മാഞ്ചസ്റ്ററിലാണ് ഇന്ത്യ-പാക് ലോകകപ്പ് മത്സരം നടക്കേണ്ടത്. ഇതിന്റെ ടിക്കറ്റുകള്‍ ഏതാണ്ട് പൂര്‍ണമായി തന്നെ വിറ്റുപോയിക്കഴിഞ്ഞു. ഇതിനുശേഷമാണ് പുല്‍വാമയില്‍ 44 സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ട ഭീകരാക്രമണം നടക്കുന്നതും ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതല്‍ വഷളാകുന്നതും.