ഇതാണ് ഫുട്ബോള്‍; കേരളത്തിന് എതിരാളികളുടെ സഹായഹസ്തം

കേരളത്തിന് സഹായഹസ്തം നീട്ടി ഫുട്ബോളിലെ എതിരാളികളായ ബംഗളൂരു എഫ്സിയുടെയും ചെന്നെയിൻ എഫ്സിയുടെയും ആരാധകർ. മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന കേരളത്തിന് സഹായഹസ്തം നീട്ടിയിരിക്കുകയാണ് ഫുട്ബോളിലെ എതിരാളികളായ ബംഗളൂരു എഫ്സിയുടെയും ചെന്നെയിൻ എഫ്സിയുടെയും ആരാധകർ. മഴക്കെടുതി മൂലം ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് അവശ്യ വസ്തുക്കൾ ശേഖരിക്കാനുള്ള ക്യാമ്പെയ്ൻ സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്. ഇതിനു ചുവടുപിടിച്ചുക്കൊണ്ട് ചെന്നൈയിൻ എഫ്സിയുടെ ആരാധകപ്പടയായ സൂപ്പർ മച്ചാൻസ് ഒരു ഘട്ടം സാധനങ്ങൾ കേരളത്തിലെത്തിച്ചു കഴിഞ്ഞു. വയനാട്ടിലാണ് സൂപ്പർ മച്ചാൻസ് അവശ്യ സാധനങ്ങൾ വിതരണം ചെയ്തത്. അടുത്ത ഘട്ടമെന്ന നിലയിൽ കൂടുതൽ സാധനങ്ങൾ ചെന്നൈയിലെ അഡ്രസിൽ എത്തിക്കാനും സൂപ്പർ മച്ചാൻസ് അവരുടെ ആരാധകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഫുട്ബോൾ ആരാധകരുടെ ഇത്തരം ക്രിയാത്മകമായ പ്രവർത്തനത്തിന് വലിയ പിന്തുണയാണ് ഫുട്ബോൾ ലോകത്തു നിന്നും പുറത്തു നിന്നും ഉയരുന്നത്. ബംഗളൂരു എഫ്സിയുടെ ആരാധകക്കൂട്ടായ്മയായ വെസ്റ്റ് ബ്ലോക്ക് ബ്ലൂസും ഇതിന്റെ ഭാഗമായിരിക്കുകയാണ്. ആരാധകരിൽ നിന്നും കഴിയാവുന്നത്ര സാധനങ്ങൾ ശേഖരിച്ച് കേരളത്തിലെത്തിക്കാനാണ് ബംഗളൂരു ആരാധകർ ഒരുങ്ങുന്നത്. ബംഗളൂരുവിൽ ഉള്ളവരോട് കണ്ഡീരവ സ്റ്റേഡിയത്തിൽ സാധനങ്ങൾ എത്തിക്കാനാണ് വെസ്റ്റ് ബ്ലോക്ക് ബ്ലൂസ്ന്റെ ആഹ്വാനം.നമ്മുടെ അയൽക്കാരെ സഹായിക്കാൻ എല്ലാവരും കൈകോർക്കണമെന്നാണ് വെസ്റ്റ് ബ്ലോക്ക് ബ്ലൂസ് ആവശ്യപ്പെടുന്നത്.